ചിക്കാഗോ: കോപ്പ അമേരിക്കയില്‍ സൂപ്പർ താരം ലയണൽ മെസിയുടെ ട്രിപ്പ്ൾ ഗോളിൽ പാനമക്കെതിരെ അർജന്‍റീനക്ക് മിന്നും ജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് അർജന്‍റീന പനാമയെ തരിപ്പണമാക്കിയത്. ലയണൽ മെസി മൂന്നു ഗോളുകളും നികോളോസ് ഒാട്ടമെൻഡിയും സെർജിയോ അഗീറോയും ഒാരോ ഗോളുകളും നേടി.ലോകോത്തര താരം മെസി 68, 78, 87 മിനിട്ടുകളിലാണ് പാനമ വല കുലുക്കിയത്. മത്സരം ആരംഭിച്ച് ഏഴാം മിനിട്ടിൽ ഒാട്ടമെൻഡിയും കളിയുടെ 90ാം മിനിട്ടിൽ അഗീറോയും ഗോളുകൾ നേടി അർജന്‍റീനിയൻ ആധിപത്യം ഉറപ്പിച്ചു.


മത്സരത്തിന്‍റെ ആദ്യ പകുതിയിൽ പനാമ മികച്ച കളിയാണ് പുറത്തെടുത്തത്. 31ാം മിനിട്ടിൽ അനിബൽ ഗോഡോയ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയെങ്കിലും  പത്ത് കളിക്കാരുമായി അർജന്‍റീനയെ പnaaമ വിറപ്പിക്കുക തന്നെ ചെയ്തു. മെസി പകരക്കാരനായി ഇറങ്ങിയതോടെ മത്സരത്തിൽ അർജന്‍റീന സമ്പൂർണ ആധിപത്യം പുലർത്തുന്നതാണ് പിന്നീട് കണ്ടത്. ഗ്രൂപ്പ് ഡിയിലെ തുടർച്ചയായ രണ്ടാം ജയത്തോടെ അർജന്‍റീന ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു.