പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേയ്‌ക്കെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിയും സൗദി ക്ലബ്ബായ അൽ നസറും തമ്മിൽ ഏറ്റുമുട്ടിയേക്കുമെന്നാണ് വിവരം. പതിവായി ഐഎസ്എൽ പ്ലേ ഓഫിൽ എത്താറുള്ള ടീമാണ് മുംബൈ സിറ്റി. മാത്രമല്ല, എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേയ്ക്ക് തുടർച്ചയായി രണ്ട് തവണ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബ് കൂടിയാണ് മുംബൈ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷത്തിന്റെ തുടക്കത്തിലാണ് ക്രിസ്റ്റിയാനോ റൊണാൾഡോ അൽ നസറുമായി കരാർ ഒപ്പുവെച്ചത്. 200 മില്യൺ ഡോളറിന്റെ ഭീമൻ കരാറിലൂടെയാണ് സൂപ്പർ താരത്തെ അൽ നസർ സ്വന്തമാക്കിയത്. വൈകാതെ തന്നെ ഇന്ത്യയിൽ വെച്ച് അൽ നസറും മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടിയേക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യയിൽ കോടിക്കണക്കിന് ആരാധകരുള്ള റൊണാൾഡോയെ നേരിൽ കാണാൻ ആരാധകർക്ക് അവസരം ലഭിക്കും. ലീഗ് കിരീടം നേടാനായില്ലെങ്കിലും അൽ നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. അൽ ഇത്തിഹാദാണ് ഇത്തവണ ലീഗ് കിരീടം സ്വന്തമാക്കിയത്. 


ALSO READ: സ്പാനിഷ് കോച്ച് ഡൊമിംഗോ ഒറാമസ് ഇനി ഗോകുലം കേരളയെ നയിക്കും


'മികച്ച ലീഗാണ് ഇതെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ക്ലബ്ബിന് വളരാൻ ഇനിയും മികച്ച അവസരങ്ങൾ മുന്നിലുണ്ട്. കടുപ്പമേറിയ മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. നമുക്ക് മികച്ച ടീമുകളും മികച്ച അറബ് താരങ്ങളുമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. റഫറിമാരും വിഎആർ സിസ്റ്റവും കുറച്ചു കൂടി വേഗത്തിലാകേണ്ടതുണ്ട്. ചെറിയ ചെറിയ കാര്യങ്ങൾ മാത്രമാണ് മെച്ചപ്പെടാനുള്ളത്. എന്തായാലും ഞാൻ ഇവിടെ സന്തോഷവാനാണ്. എനിക്ക് ഇവിടെ തന്നെ തുടരാനാണ് ആഗ്രഹം. ഞാൻ ഇവിടെ തുടരുക തന്നെ ചെയ്യും'. ലീഗിനെ കുറിച്ചുള്ള ചോദ്യത്തിന് റൊണാൾഡോ മറുപടി നൽകി. 


അതേസമയം, അൽ നസർ ക്ലബിന്റെ ഉടമസ്ഥവകാശം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമകളായ സൗദി അറേബ്യ പബ്ലിക് ഇൻവെസ്റ്റ് ഫണ്ട് (പിഐഎഫ്) സ്വന്തമാക്കി. സൗദി പ്രോ ലീഗിലെ നാല് പ്രമുഖ ക്ലബുകളുടെ ഉടമസ്ഥവകാശവും പിഐഎഫ് സ്വന്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ സ്‌പോർട്‌സ് ക്ലബ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രൈവറ്റൈസേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് നടപടി. പിഐഎഫ് അൽ നസറിന്റെ ഉടമസ്ഥവകാശം സ്വന്തമാക്കിയതോടെ പോർച്ചുഗീസ് താരം വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരികെ എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 


സൂപ്പർ താരങ്ങളെയെല്ലാം സ്വന്തമാക്കി എസ്പിഎൽ ലോകത്തെ മികച്ച അഞ്ച് ലീഗുകളിൽ ഒന്നാക്കി മാറ്റാനാണ് സൗദി ക്ലബ്ബുകളുടെ ശ്രമം. ഇതിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പുറമെ റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസെമയും സൗദി മണ്ണിലേക്കെത്തുകയാണ്. 100 മില്യൺ യൂറോയ്ക്കാണ് ബെൻസെമയെ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് സ്വന്തമാക്കിയത്. ഇവർക്ക് പുറമെ പിഎസ്ജിയോട് ഗുഡ് ബൈ പറഞ്ഞ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയെയും സൗദിയിലേക്കെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായില്ലെങ്കിൽ മെസിയെയും സൗദി ലീഗിൽ കാണാനായേക്കുമെന്നാണ് റിപ്പോർട്ട്. 


പഴയ തട്ടകമായ ബാഴ്സലോണയിലേയ്ക്ക് തിരികെ എത്തുകയാണ് മെസിയുടെ ലക്ഷ്യം. അതിനാൽ മറ്റ് ക്ലബ്ബുകളുടെ ഓഫറുകളൊന്നും മെസി ഇതുവരെ സ്വീകരിച്ചിട്ടില്ല. ബാഴ്സലോണയ്ക്ക് മെസിയെ സ്വന്തമാക്കാൻ പ്രതിസന്ധികളേറെയാണ്. ഈ സാഹചര്യത്തിൽ വമ്പൻ ഓഫറുമായി സൗദി ക്ലബ്ബായ അൽ ഹിലാൽ മെസിയെ സമീപിച്ചിട്ടുണ്ട്. ഈ ഓഫർ സ്വീകരിച്ചാൽ സൗദിയിൽ റൊണാൾഡോയേക്കാൾ കൂടുതൽ തുക സ്വന്തമാക്കുന്ന താരമായി മെസി മാറും. താരത്തിന്റെ തീരുമാനം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഫുട്‌ബോൾ ലോകം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.