ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയുടെ സുവര്‍ണ തീരത്ത് സ്വര്‍ണത്തില്‍ പത്ത് തികച്ച് ഇന്ത്യ. ഇന്ന് നടന്ന ബാഡ്മിന്‍റണ്‍ മിക്സ്ഡ് ടീം ഇനത്തില്‍ മലേഷ്യയെ തോല്‍പ്പിച്ച് ഇന്ത്യ സ്വര്‍ണം നേടി. മലേഷ്യയെ 3-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സൈന നെഹ്വാളാണ് ഇന്ത്യന്‍ സംഘത്തിന്‍റെ വിജയ ശില്‍പി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടേബിള്‍ ടെന്നീസ് ഗ്രൂപ്പിനത്തിലെ രണ്ട് വിഭാഗങ്ങളിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഗെയിംസിന്‍റെ അഞ്ചാം ദിവസമായ ഇന്ന് ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ മെഡല്‍ സ്വന്തമാക്കിയാണ് ഇന്ത്യ മെഡല്‍ പട്ടിക തുറന്നത്. പു​രു​ഷ​ന്മാ​രു​ടെ 105 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പ്ര​തീ​പ് സിംഗ് വെള്ളി നേടി. പിന്നീട് ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ കരുത്തില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ കരുത്ത് കാട്ടി. 


10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ ജിത്തുറായി ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യക്കായി സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിത്രവാള്‍ വെങ്കലവും സ്വന്തമാക്കി. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗ് വനിതാ വിഭാഗത്തിലും ഇന്ത്യ നേട്ടം കൊയത്തു. മെഹൂലി ഘോഷ് വെള്ളിയും അപൂര്‍വി ചന്ദേല വെങ്കലവും നേടിയത് ഇന്ത്യക്ക് ഇരട്ടി മധുരമായി.


ഇതുവരെ ഇന്ത്യ പത്ത് സ്വര്‍ണം, നാല് വെള്ളി, അഞ്ച് വെങ്കലം എന്നിവയുള്‍പ്പടെ 19 മെഡലുകള്‍ നേടിയിട്ടുണ്ട്. പത്ത് സ്വര്‍ണത്തിന്‍റെ മികവില്‍ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.