പാരിസ്: റൊമേലു ലുക്കാക്കുവിന്‍റെ ഇരട്ടഗോളില്‍ അയര്‍ലന്‍ഡിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ബല്‍ജിയം യൂറോ കപ്പിലെ ആദ്യ ജയം നേടി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. ആദ്യമല്‍സരത്തില്‍ ഇറ്റലിക്കെതിരെ മങ്ങിക്കളിച്ച ലുക്കാക്കുവിന്‍റെ  ഇരട്ടഗോളുകളായിരുന്നു (48, 70) ഈ മല്‍സരത്തിന്റെ സവിശേഷത. ആക്‌സല്‍ വിറ്റ്‌സലിന്റെ (61) വകയായിരുന്നു ബല്‍ജിയത്തിന്റെ മൂന്നാം ഗോള്‍.ആദ്യ മല്‍സരത്തില്‍ കരുത്തരായ ഇറ്റലിയോടെ എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റ ബല്‍ജിയം ഈ വിജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതെത്തി. ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ഇറ്റലി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. 


ആദ്യ മല്‍സരത്തില്‍ സ്വീഡനെ സമനിലയില്‍ തളച്ച അയര്‍ലന്‍ഡിന് ഒരു പോയിന്റുണ്ട്. ഇതോടെ സ്വീഡനെതിരായ അവസാന ഗ്രൂപ്പ് മല്‍സരം ബല്‍ജിയത്തിന് നിര്‍ണായകമായി. ഈ മല്‍സരത്തില്‍ സ്വീഡനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാം. സമനില നേടിയാലും പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടെങ്കിലും അവസാന മല്‍സരത്തില്‍ അയര്‍ലന്‍ഡ് വന്‍ മാര്‍ജിനില്‍ ഇറ്റലിയെ തോല്‍പ്പിച്ചാല്‍ ബല്‍ജിയത്തിന്റെ വഴിയടയും.