Euro 2020 Semi Final : ഡെൻമാർക്കിന്റെ അട്ടിമറി വെല്ലുവിളിയെ മറികടന്ന് ഇംഗ്ലണ്ട് അവസാനം യൂറോ ഫൈനലിലെത്തി, എതിരാളി അസൂറികൾ
മത്സരം അധിക സമയത്തേക്ക് നീട്ടിയെങ്കിലും ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ഫൈനലിൽ ഇറ്റലിയെ നേരിടാൻ എത്തുന്നത്.
London : യൂറോ 2020 ടൂർണമെന്റിലെ (Euro 2020) കറുത്ത കുതിരകൾ എന്ന് വിശേഷിപ്പിച്ചുരുന്നു ഡെൻമാർക്കിനെ (Denmark) സെമി ഫൈനലിൽ തകർത്ത് ഇംഗ്ലണ്ട് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. മത്സരം അധിക സമയത്തേക്ക് നീട്ടിയെങ്കിലും ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ഫൈനലിൽ ഇറ്റലിയെ നേരിടാൻ എത്തുന്നത്.
മത്സരത്തിന്റെ നിശ്ചിത സമയം അവസാനിച്ചിട്ടും വിജയ ഗോൾ കണ്ടെത്താതിനെ തുടർന്ന് അധിക സമയത്തേക്ക് നീണ്ട് 104-ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ബോക്സിനുള്ളിൽ റഹീം സ്റ്റെർലിങിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിലൂടെയാണ് ഇംഗ്ലണ്ട് ജയം നേടിയത്. ഹാരി കെയ്നെടുത്ത പെനാൽറ്റി ഡാനിഷ് കീപ്പർ കാസ്പർ ഷ്മൈക്കൾ തടഞ്ഞെങ്കിലും പന്ത് റീബൗണ്ട് ചെയ്ത് നേരെ കെയ്ന്റെ അരികിലേക്ക് തന്നെ എത്തുകയായിരുന്നു. അത് കൃത്യമായി ഡെൻമാർക്കിന്റെ വലയിലേക്ക് പായിച്ചതോടെ ഇംഗ്ലീഷ് ടീം ഫൈനലിലേക്കുള്ള ബെർത്ത് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
മത്സരത്തിൽ ആദ്യ ലീഡ് നേടിയത് ഡൻമാക്കായിരുന്നു. മത്സരം ആരംഭിച്ച് അരമണിക്കൂർ പിന്നിട്ടപ്പോൾ ബോക്സിന്റെ പുറത്ത് വലത് വശത്ത് ഫ്രീകിക്ക് ഡാനിഷ് യുവതാരം മിക്കെൽ ഡാംസ്ഗർഡ് ഇംഗ്ലീഷ് വലയിൽ എത്തിക്കുകയായിരുന്നു.
യൂറോയിൽ ഒരു ഫ്രീകിക്ക് ഗോളില്ല എന്ന് ചില ആരാധകരുടെ വിമർശനത്തിന് മറുപടി ടൂർണമെന്റിന്റെ സെമി വരെ കാത്തിരിക്കേണ്ടി വന്നു. അതും അത്രയ്ക്ക് സ്റ്റാർ വാല്യു (ഇതുവരെ) ഇല്ലാത്ത ഒരു യുവതാരമാണ് ഫ്രീകിക്ക് ഗോൾ സ്വന്തമാക്കിയിരിക്കുന്നത്.
തുടർന്ന് ഇംഗ്ലണ്ട് ഒന്നും കൂടി ഉണർന്ന് കളിക്കാൻ ശ്രമിച്ചു. നിരവധി അവസരങ്ങളും ഇംഗ്ലീഷ് ടീം സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. അങ്ങനെ 39-ാം മിനിറ്റിൽ വലത് വിങ്ങിലൂടെ ബുക്കായോ സാക്കാ നടത്തിയ മുന്നേറ്റത്തിൽ സ്റ്റെർലിങിലേക്ക് നൽകിയ ഷോട്ട് ക്രേസ് തടയുന്നതിന് ശ്രമിക്കുവെ സിമൺ കെയറിന്റെ കാലിൽ തട്ടിൽ ഡാനിഷ് ഗോൾ വലയിലേക്ക് പ്രവേശിക്കുകയായിരുന്നു. അതോടെ മത്സരം സമനിലയിൽ എത്തി.
പിന്നീടുള്ള 50തിൽ അധികം മിനിറ്റിൽ ഇരു ടീമുകളും പരിശ്രമിച്ചിട്ടും ഒരു വിജയ ഗോൾ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജാക്ക് ഗ്രീലിഷിനെ ഇറക്കി ആക്രമണത്തിന്റെ മൂർച്ച ഇംഗ്ലീഷ് ടീം വർധിപ്പിച്ചു. സ്വഭാവികമായി ഡാനിഷ് ടീം പ്രതിരോധത്തിലേക്ക് മാറുകയും ചെയ്തും. എന്നിട്ടും നിശ്ചിത സമയത്ത് ഒരു വിജയ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല.
മത്സരം അധിക സമയത്തേക്ക് നീട്ടിയപ്പോൾ 102-ാം മിനിറ്റിൽ സ്റ്റെർലിങിന്റെ ഒഫ്ഫയാൻ നീക്കത്തെ ചെറുക്കുന്നതിനിടെ റഫറി പെനാൽറ്റി വിധിക്കുകയും ചെയ്തു. വാറിലൂടെ പുനഃപരിശോധിച്ചെങ്കിലും റഫറിയുടെ തീരുമാനമായി തന്നെ മുന്നോട്ട് പോകുകയായിരുന്നു. കെയിൻ എടുത്ത പെനാൽറ്റി ഷ്മൈക്കിൾ തടഞ്ഞെങ്കിലും പന്ത് ടോട്നം ഹോട്സ്പർ താരത്തിന്റെ കാലിലേക്ക് തന്നെ വരുകയായിരുന്നു. അത് കെയിൻ ഗോളാക്കി മാറ്റുകയും ചെയ്തു. പിന്നീട് ഡാനിഷ് ടീം പ്രതിരോധത്തിൽ നിന്ന് സമനില ഗോൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇംഗ്ലീഷ് ടീം ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ALSO READ : Copa America 2021: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണൽ മെസ്സിയുടെ (Lionel Messi) ഫാമിലി ഫോട്ടോസ് കാണാം
ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യ യൂറോ ഫൈനൽ പ്രവേശനമാണ്. കൂടാതെ 1966ലെ ലോകകപ്പ് ഫൈനലിന് ശേഷം ഒരു പ്രധാന ടൂർണമെന്റിൽ ആദ്യമായിട്ടാണ് ഇംഗ്ലീഷ് ടീം ഫൈനലിൽ പ്രവേശിക്കുന്നത്. ജൂലൈ 12ന് വെള്ളുപ്പിന് നടക്കുന്ന ഫൈനലിൽ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. സെമിയിൽ സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താൻ അസൂറികൾ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...