പാരിസ്: ഗോളടിക്കാത്തവരെന്ന പരാതി തീര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനിന്റെ ഉജ്വല വിജയത്തുടര്‍ച്ച. യൂറോ കപ്പ് ഗ്രൂപ് ‘ഡി’യിലെ മത്സരത്തില്‍ തുര്‍ക്കിയെ 3-0ത്തിന് മുക്കി സ്‌പെയിന്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചു. കളിയുടെ ഇരു പകുതികളിലുമായി പിറന്ന ഗോളുകളുടെ അകമ്പടിയിലായിരുന്നു സ്‌പെയിനിന് ചാമ്പ്യന്മാരുടെ പകിട്ടിനൊത്ത ജയം. 34, 48 മിനിറ്റില്‍ അല്‍വാരോ മൊറാറ്റ ഗോള്‍ നേടിയപ്പോള്‍ 37ാം മിനിറ്റില്‍ നോലിറ്റോയുടെ വകയായിരുന്നു മൂന്നാം ഗോള്‍.


കളിയുടെ ആദ്യ മിനിറ്റുകളില്‍ തുര്‍ക്കി അര്‍ദ ടുറാനും മെഹ്മദ് ടോപലിന്റെയും മുന്നേറ്റങ്ങളിലൂടെ തുര്‍ക്കി ചാമ്പ്യന്മാരെ ഭയപ്പെടുത്തിയെങ്കിലും അധികനേരം നീണ്ടുനിന്നില്ല. തുര്‍ക്കിഷ് പ്രതിരോധക്കെട്ട് പൊട്ടിച്ച് നോലിറ്റോയുടെ ക്രോസിലൂടെയാണ് മൊറാറ്റ ആദ്യ ഗോള്‍ കുറിച്ചത്. അല്‍വാരോ മൊറാറ്റയെ മുന്നില്‍ നിര്‍ത്തി ഡേവിഡ് സില്‍വയും നോളിറ്റോയും വിങ്ങിലെ ആക്രമണം ഏറ്റെടുത്തുമായിരുന്നു സ്പാനിഷ് മുന്നേറ്റം. പിന്നിലായതോടെ തുര്‍ക്കി തളര്‍ന്നു. സ്‌പെയിനിന്റെ വീര്യവും കൂടി. രണ്ടും ജയിച്ചതോടെ സ്‌പെയിന്‍ ഗ്രൂപിലെ ഒന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ക്രൊയേഷ്യക്കെതിരെയാണ് അടുത്ത മത്സരം.