FIFA Ranking: ലോകകിരീടം ചൂടി അർജന്റീന; പക്ഷേ, ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ബ്രസീൽ തുടരും
Argentina fifa ranking: പെനൽറ്റി ഷൂട്ടൗട്ടിലെ വിജയങ്ങൾക്ക് താരതമ്യേന റാങ്കിങ് പോയിന്റ് കുറവായതാണ് ലോകകപ്പ് വിജയം നേടിയിട്ടും റാങ്കിങ്ങിൽ അർജന്റീനയ്ക്ക് തിരിച്ചടിയായത്. ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലോ തോൽപ്പിക്കാനായിരുന്നെങ്കിൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുമായിരുന്നു.
36 വർഷങ്ങൾക്ക് ശേഷം അർജന്റീന ഫിഫ ലോകകപ്പിൽ വിജയികളായി ലോകകിരീടം നേടിയെങ്കിലും ഫിഫ റാങ്കിങ്ങിൽ ബ്രസീൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരും. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് 1986 ന് ശേഷം ആദ്യമായി ലോകകപ്പ് നേടിയെങ്കിലും ഫിഫയുടെ ലോക റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനത്ത് എത്തിയില്ല. 2022 ഫെബ്രുവരിയിലാണ് ബെൽജിയത്തെ മറികടന്ന് ഫിഫ റാങ്കിങ്ങിൽ ബ്രസീൽ ഒന്നാം സ്ഥാനത്തെത്തിയത്. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായ ബ്രസീലിനെ ഫിഫ റാങ്കിങ്ങിൽ മറികടക്കാൻ അർജന്റീനയുടെ ലോകകപ്പ് വിജയം പര്യാപ്തമായില്ല. ലോകകപ്പിൽ ബ്രസീൽ മൂന്ന് മത്സരങ്ങൾ ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് തോൽവി വഴങ്ങിയെങ്കിലും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. എന്നാൽ, ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് ലോകകപ്പിൽ നിന്ന് പുറത്തായി. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയ അർജന്റീന നാല് മത്സരങ്ങൾ ജയിച്ചു. ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് പരാജയപ്പെടുത്തി അർജന്റീന ലോകകപ്പ് ജേതാക്കളായി.
2021-ൽ അർജന്റീന കോപ്പ അമേരിക്ക കിരീടം നേടി. നിലവിൽ ലോക ചാമ്പ്യന്മാരാണ്. പെനൽറ്റി ഷൂട്ടൗട്ടിലെ വിജയങ്ങൾക്ക് താരതമ്യേന റാങ്കിങ് പോയിന്റ് കുറവായതാണ് ലോകകപ്പ് വിജയം നേടിയിട്ടും റാങ്കിങ്ങിൽ അർജന്റീനയ്ക്ക് തിരിച്ചടിയായത്. ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലോ തോൽപ്പിക്കാനായിരുന്നെങ്കിൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുമായിരുന്നു.
ഫിഫ റാങ്കിങ്ങിൽ അർജന്റീനയും ഫ്രാൻസും യഥാക്രമം ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടക്കുന്നതിൽ പരാജയപ്പെട്ട ബെൽജിയം രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് നാലാം സ്ഥാനത്തായി. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്ത് തുടരുന്നു. നെതർലൻഡ് രണ്ട് സ്ഥാനങ്ങൾ ഉയർന്ന് ആറാം സ്ഥാനത്തെത്തി. ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ ഫിഫ റാങ്കിങ്ങിലെ 12-ാം സ്ഥാനത്ത് നിന്നും അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് ഏഴാം സ്ഥാനത്തെത്തി ആദ്യ പത്തിൽ ഇടം നേടി. ലോകകപ്പ് മത്സരത്തിന് യോഗ്യത നേടാൻ കഴിയാതെ പോയ ഇറ്റലി രണ്ട് സ്ഥാനങ്ങൾ ഇടിഞ്ഞ് എട്ടാം സ്ഥാനത്തെത്തി. പോർച്ചുഗൽ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. സ്പെയിൻ മൂന്ന് സ്ഥാനങ്ങൾ താഴ്ന്ന് പത്താം സ്ഥാനത്തെത്തി.
മൊറോക്കോയും ഓസ്‌ട്രേലിയയുമാണ് വലിയ രീതിയിൽ റാങ്കിങ് മെച്ചപ്പെടുത്തിയത്. ഇരുവരും 11 സ്ഥാനങ്ങൾ ഉയർന്നു. ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയ മൊറോക്കോ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനക്കാരെന്ന നേട്ടവമായി ഫിഫ റാങ്കിങ്ങിൽ 11-ാം സ്ഥാനത്തെത്തി. ലോകകപ്പിൽ 16-ാം സ്ഥാനത്തെത്തിയ ഓസ്‌ട്രേലിയ ഫിഫ റാങ്കിങ്ങിൽ 27-ാം സ്ഥാനത്തെത്തി. മൊറോക്കോയുടെ എക്കാലത്തെയും ഉയർന്ന റാങ്കിങ്ങല്ല ഇത്. 1998 ൽ അവർ പത്താം സ്ഥാനത്തായിരുന്നു. എന്നാൽ 2015 ൽ 92-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബ്രസീലിനെതിരായ വിജയത്തോടെ കാമറൂണും 10 സ്ഥാനങ്ങൾ ഉയർന്ന് 33-ാം സ്ഥാനത്തെത്തി. ബ്രസീലിനെതിരെ വിജയം നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടവും കാമറൂൺ സ്വന്തമാക്കിയിരുന്നു.
കോൺകാകാഫ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ യുഎസ് ഫിഫ റാങ്കിങ്ങിൽ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 13-ാം സ്ഥാനത്തെത്തി. മെക്സിക്കോ രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് പതിനഞ്ചാം സ്ഥാനത്തായി. കാനഡയും ഖത്തറും യഥാക്രമം 12 സ്ഥാനങ്ങൾ താഴ്ന്ന് 53, 62 സ്ഥാനങ്ങളിൽ എത്തി. വെയിൽസ് ഒമ്പത് സ്ഥാനങ്ങൾ ഇടിഞ്ഞ് 28-ാം സ്ഥാനത്തെത്തി. ഡെന്മാർക്ക് എട്ട് സ്ഥാനങ്ങൾ താഴ്ന്ന് 18-ാം സ്ഥാനത്തും സെർബിയ എട്ട് സ്ഥാനങ്ങൾ താഴ്ന്ന് 29-ാം സ്ഥാനത്തും എത്തി. പുതിയ ഫിഫ ലോക റാങ്കിംഗ് വ്യാഴാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
പുതിയ ഫിഫ റാങ്കിംഗ് ടോപ് 20:
1. ബ്രസീൽ
2. അർജന്റീന
3. ഫ്രാൻസ്
4. ബെൽജിയം
5. ഇംഗ്ലണ്ട്
6. നെതർലൻഡ്‌സ്
7. ക്രൊയേഷ്യ
8. ഇറ്റലി
9. പോർച്ചുഗൽ
10. സ്പെയിൻ
11. മൊറോക്കോ
12. സ്വിറ്റ്‌സർലൻഡ്
13. യുഎസ്എ
14. ജർമ്മനി
15. മെക്‌സിക്കോ
16. ഉറുഗ്വേ
17. കൊളംബിയ
18. ഡെന്മാർക്ക്
19. സെനഗൽ
20. ജപ്പാൻ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...