സോച്ചി: ലോകകപ്പ് ഫുട്ബോളിലെ ആദ്യ സൂപ്പര്‍ പോരാട്ടം ഇന്ന്. സോച്ചിയിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ രാത്രി 11.30ന് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ നേരിടും. റയല്‍ മാഡ്രിഡ് താരങ്ങളായ സെര്‍ജിയോ റാമോസും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് മത്സരത്തിന്‍റെ പ്രത്യേകത. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രൂപ്പ് ബിയില്‍ സ്‌പെയിനാണ് കടലാസിലെ പുലികള്‍. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലാണ് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം സ്‌പെയിനിനൊപ്പമായിരുന്നു. മുമ്പ് 35 തവണ ഇരുവരും ഏറ്റമുട്ടിയപ്പോള്‍ 16 തവണ സ്‌പെയിനും ആറ് തവണ പോര്‍ച്ചുഗലും വിജയിച്ചു. ഈ നൂറ്റാണ്ടില്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന നാലാം മത്സരം കൂടിയാണിത്. 


എന്നാല്‍ പുതിയ പരിശീലകന്‍ ഫെര്‍ണാണ്ടോ ഹെയ്റോക്ക് കീഴില്‍ ആദ്യ മത്സരമാണെന്നത് സ്‌പെയിനിന് ചെറിയ ആശങ്ക സൃഷ്ടിക്കുന്നു. സ്‌പെയിന്‍ നിരയില്‍ ഇനിയേസ്റ്റ- ഇസ്‌കോ-അസന്‍സിയോ ത്രയത്തിന്‍റെ പ്രകടനം നിര്‍ണായകമാകും. 33കാരനായ ക്രിസ്റ്റ്യാനോയുടെ കരുത്തിലാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ വരവ്. ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ് പോര്‍ച്ചുഗല്‍-സ്പെയിന്‍ പോരാട്ടം.