Fifa World Cup 2022: സ്പോർട്സ് താരങ്ങൾ ഉപയോഗിക്കുന്ന വിലക്കില്ലാത്ത ഉത്തേജക മരുന്ന്; കാർബ് റിൻസ്
കാർബോ ഹൈഡ്രേറ്റ് മൗത്ത് റിൻസിങ്ങ് എന്നതിന്‍റെ ചുരുക്കപ്പേരാണ് കാർബ് റിൻസിങ്ങ്
നിങ്ങളുടെ ഇഷ്ട ഫുട്ബോൾ താരങ്ങളിൽ പലരും കളിക്കിടയിൽ വെള്ളം പോലൊരു ദ്രാവകം വായിലാക്കി ഗാർഗിൾ ചെയ്ത് തുപ്പുന്നത് കണ്ടിട്ടുണ്ടോ ? എന്തിനാണ് അവർ ഇങ്ങനെ ചെയ്യുന്നത് എന്ന് നിങ്ങൾ വെറുതെ എങ്കിലും ആലോചിച്ചിട്ടുണ്ടോ ? ചൂടിൽ നിന്ന് രക്ഷ തേടാൻ വേണ്ടി വെറുതെ ചെയ്യുന്ന ഒരു വിദ്യ മാത്രമല്ല ഇത്.
കാർബ് റിൻസിങ്ങ് എന്നാണ് ഈ പ്രവർത്തിയുടെ പേര്. കാർബോ ഹൈഡ്രേറ്റ് മൗത്ത് റിൻസിങ്ങ് എന്നതിന്‍റെ ചുരുക്കപ്പേരാണ് കാർബ് റിൻസിങ്ങ്. ഇത് എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ ആദ്യം കാർബോ ഹൈഡ്രേറ്റ് ശരീരത്തിലുണ്ടാക്കുന്ന പ്രവർത്തനം എന്താണെന്ന് മനസ്സിലാക്കണം. നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിച്ചേരുന്ന കാർബോ ഹൈഡ്രേറ്റ് ഗ്ലൂക്കോസായി മാറിയാണ് രക്തത്തിൽ അലിഞ്ഞ് ചേരുന്നത്.
ഗ്ലൂക്കോസ് രക്തത്തിലെത്തിയാൽ പാൻക്രിയാസ് ഇൻസുലിൻ പ്രൊഡ്യൂസ് ചെയ്യും. ഇൻസുലിനാണ് ഗ്ലൂക്കോസിനെ ശരീരത്തിലെ കോശങ്ങളില്‍ എത്തിക്കുന്നത്. ഇത്തരത്തിലാണ് നമ്മുടെ ശരീരത്തിൽ ഊർജം ഉണ്ടാകുന്നത്. ഒരുപാട് ദൂരം ഓടുന്നത് പോലെയുള്ള കഠിനമായ കായിക പ്രവർത്തികളിൽ ഏർപ്പെടുന്നവരുടെ ശരീരത്തിൽ എനർജി ലെവൽ കൃത്യമായി നിലനിർത്തേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ ക്ഷീണം അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്.
ഇത് ഒഴിവാക്കാനും ശരീരത്തിൽ ഊർജം ഉണ്ടാകാനും വേണ്ടിയാണ് കാർബ് റിൻസിങ്ങ് ചെയ്യുന്നത്. ഒരു തരത്തിൽ നമ്മുടെ തലച്ചോറിനെ കബളിപ്പിക്കുന്ന ഒരു പ്രവർത്തിയാണ് ഇതെന്ന് പറയാൻ സാധിക്കും. കാരണം, കാർബ് റിൻസിങ്ങിലൂടെ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ദ്രാവകം വായിൽ വച്ച് ഗാർഗിൾ ചെയ്യുമ്പോൾ കാർബോ ഹൈഡ്രേറ്റ് കണ്ടന്‍റുള്ള എന്തോ ഭക്ഷണ സാധനം ശരീരത്തിലേക്ക് എത്താൻ പോകുന്നു എന്ന സൂചനയാണ് തലച്ചോറിന് ലഭിക്കുന്നത്.
ഇത് കാരണം തലച്ചോർ ശരീരത്തോട് ഗ്ലൂക്കോസ് ഉണ്ടാക്കാൻ നിർദ്ദേശം കൊടുക്കുന്നു. ഇത്തരത്തിൽ ഭക്ഷണ സാധങ്ങൾ ഒന്നും തന്നെ കഴിക്കാതെ തന്നെ ശരീരത്തിൽ ഊർജം ഉണ്ടാകുന്നു. പേശികളിൽ ഊർജം എത്തുന്നതോടെ കളിക്കാരുടെ കായിക ക്ഷമത വർദ്ധിക്കുകയും അവർ നല്ല രീതിയിലുള്ള പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നു. ഇത് വ്യക്തമാക്കാൻ 1997 ൽ നടന്ന ഒരു പഠനം ഉദാഹരണമായി പറയാറുണ്ട്. ആ വർഷം നടന്ന ഒരു സൈക്കിൾ റേസിൽ ഒരു കൂട്ടം കളിക്കാരോട് മത്സരത്തിനിടയിൽ കാർബ് റിൻസിങ്ങ് നടത്താൻ ആവശ്യപ്പെട്ടു.
Also read: Fifa World Cup 2022 : പാറിപറക്കാൻ കാനറികൾ; ടിറ്റെ ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നേക്കും
മത്സരത്തിന് ശേഷം ഇതിന്‍റെ ഫലം പരിശോധിച്ചപ്പോൾ കാർബ് റിൻസിങ്ങ് നടത്തിയ മത്സരാർത്ഥികൾക്ക് മറ്റുള്ളവരേക്കാൾ ഒരു മിനിറ്റ് വേഗം കൂടുതലാണെന്ന് കണ്ടെത്തി. അതായത് കാർബ് റിൻസിങ്ങിലൂടെ അവരുടെ പെർഫോമൻസ് ലെവൽ ഏതാണ്ട് 2.3 ശതമാനത്തോളം വർദ്ധിച്ചു. എന്നാൽ ഉത്തേജന മരുന്നുകളെപ്പോലെ കാർബ് റിൻസിങ്ങിന് ഒരിക്കലും കളിക്കാരുടെ കായിക ക്ഷമത അസാമാന്യമായ രീതിയിൽ വർദ്ധിപ്പിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ പല കായിക മത്സരങ്ങൾക്കിടയിലും കാർബ് റിൻസിങ്ങ് ചെയ്യുന്നത് ആനുവദനീയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...