FIFA World Cup 2022 : `ലോകകപ്പ് ചാമ്പ്യൻ ശാപം`; ഖത്തറിൽ ഫ്രാൻസ് മറികടക്കുമോ?
Football World Cup Superstitions ഇറ്റലി 2006ൽ ലോകകപ്പ് നേടിയതിന് ശേഷമുണ്ടായ ഒരു പ്രതിഭാസമാണിതെന്ന് പറയാൻ സാധിക്കില്ല, ആദ്യ ഇര യുറുഗ്വെയായിരുന്നു
ഫിഫ ലോകകപ്പ് 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചപ്പോൾ യുറോപ്യൻ രാജ്യങ്ങളുടെ സമ്പൂർണ ആധിപത്യമാണ് കാണാൻ ഇടയാകുന്നത്. 2002 ദക്ഷിണ കൊറിയ-ജപ്പാൻ ലോകകപ്പിൽ ബ്രസീൽ മുത്തമിട്ടതിന് ശേഷം ഇതുവരെ യുറോപ്പിന്റെ പുറത്ത് നിന്നും മറ്റൊരു രാജ്യം ഫിഫയുടെ സുവർണ്ണ കിരീടത്തിൽ മുത്തമിട്ടിട്ടില്ല. 2006ൽ ഇറ്റലി, പിന്നീട് സ്പെയിൻ, ശേഷം ബ്രസിലീൽ വെച്ച് ജർമനി, കഴിഞ്ഞ തവണ ഫ്രാൻസ് ഇങ്ങനെ നിൽക്കുന്നു ഫുട്ബോളിൽ യുറോപ്യൻ ആധിപത്യം. എന്നാൽ ഈ ചാമ്പ്യന്മാരെ എല്ലാം അലട്ടിരിയിരുന്ന ഒരു പ്രശ്നമുണ്ട്. 'ലോകകപ്പ് ചാമ്പ്യൻ ശാപം'. കേൾക്കുമ്പോൾ ഇതൊക്കെ ഒരു അന്തവിശ്വാസമല്ലേ എന്ന് ചോദിച്ചേക്കാം. എന്നാൽ അവ പരിശോധിക്കുമ്പോഴോ...
എന്താണ് ലോകകപ്പ് ചാമ്പ്യൻഷിപ്പ് ശാപം?
ഇത്തവണ ലോകകപ്പ് ചാമ്പ്യന്മാരായ ടീം അടുത്ത ടൂർണമെന്റിലേക്കെത്തുമ്പോൾ നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്ന സ്ഥിതി വിശേഷത്തെയാണ് ഫുട്ബോൾ ആരാധകർ 'ലോകകപ്പ് ചാമ്പ്യൻ ശാപം' എന്ന് വിളിക്കുന്നത്. ഇത് ഒന്നും രണ്ട് തവണയല്ല കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലായി തുടർച്ചയായി തുടരുന്ന ഒരു സംഭവ വികാസമാണിത്. ഇതാണ് പ്രധാനമായും കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഫ്രാൻസിന് ഗ്രൂപ്പ് ഘട്ടത്തിലുള്ള സമ്മർദം.
എന്നാൽ ഇത് 2006 ലോകകപ്പിന് ശേഷം നടക്കുന്ന ഒരു പ്രക്രിയയാണ് പറയാൻ സാധിക്കില്ല. ലോകകപ്പ് ഔദ്യോഗികമായി ആരംഭിച്ച് രണ്ടാമത്തെ റോമിൽ 1934 സംഘടിപ്പിച്ച ടൂർണമെന്റിൽ പ്രഥമ ഫിഫ ചാമ്പ്യന്മാരായ യുറഗ്വെയ് നോക്കൗട്ട് റൗണ്ടിൽ ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് ഘട്ടമില്ലാതെ നോക്കൗട്ട് റൗണ്ട് മാത്രമുണ്ടായിരുന്ന ടൂർണമെന്റിലേക്ക് ഇറ്റാലിയൻ സംഘാടകൾ പ്രഥമ ലോകകപ്പ് ചാമ്പ്യന്മാരായ ദക്ഷിണ അമേരിക്കൻ ടീമിനെ ക്ഷണിച്ചില്ല. അങ്ങനെ ആദ്യമായി ലോകകപ്പ് ചാമ്പ്യൻഷിപ്പ് ശാപത്തിന് അവിടെ പിറവി എടുത്തു.
ഫ്രാൻസ് മുതൽ ജർമനി വരെ ലോകകപ്പ് ചാമ്പ്യൻഷിപ്പ് ശാപത്തിന്റെ ഇരകൾ
ലോകകപ്പ് കണക്ക് എടുത്ത് നോക്കുമ്പോൾ കഴിഞ്ഞ മൂന്ന് ടൂർണമെന്റുകളിലാണ് ഫിഫ ചാമ്പ്യന്മാരാകുന്ന ടീം തുടർച്ചയായി അടുത്ത തവണ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത് കാണാൻ ഇടയാകുന്നത്. എന്നാൽ അതിന് മുമ്പ് രണ്ട് തവണ ഇത്തരത്തിൽ ചാമ്പ്യന്മാരായ ടീം ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായ ചരിത്രമുണ്ട്.
1962ൽ ബ്രസീൽ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് ഉയർത്തിയതിന് പിന്നാലെ ഇംഗ്ലണ്ടിൽ വെച്ച് നടന്ന ഫിഫ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുകയായിരുന്നു. 1966 ലോകകപ്പിൽ പോർച്ചുഗൽ, ഹംഗറി, ബൾഗേറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ ഒരു ജയം മാത്രമായിരുന്നു ബ്രസീൽ നേടിയത്. തുടർന്ന് നോക്കൗട്ടിൽ പ്രവേശിക്കാതെ പെലെയ്ക്കും സംഘത്തിനും നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
2002 ലോകകപ്പ്, 98ൽ ബ്രസീലിനെ സ്വന്തം മണ്ണിൽ വെച്ച് തകർത്ത് ഫ്രാൻസ് ആദ്യമായി ലോകകപ്പിൽ മുത്തമിട്ടതിന് ശേഷമുള്ള ഫിഫ ടൂർണമെന്റ്. കുഞ്ഞൻമാർ മാത്രമുണ്ടായിരുന്ന ഗ്രൂപ്പ് എയിൽ ഫ്രാൻസ് അനായാസം കടക്കുമെന്ന് കരുതിയപ്പോൾ ഫ്രഞ്ച് ടീമിന് അടിതെറ്റി. ഒരു ജയം പോലും നേടാനാകാതെയാണ് ഫ്രാൻസ് ദക്ഷിണ കൊറിയയിൽ നിന്നും മടങ്ങിയത്. ഇതിനെടിയിൽ 2002ൽ ചാമ്പ്യന്മാരായ ബ്രസീൽ ലോകകപ്പ് ചാമ്പ്യൻ ശാപത്തിൽ നിന്നും രക്ഷപ്പെടുന്നുണ്ട്. 2006 ലോകകപ്പിൽ ബ്രസീൽ സംഘം ക്വാർട്ടർ ഫൈനലിലാണ് പുറത്താകുന്നത്.
പിന്നീട് അങ്ങോട്ട് ശാപത്തിന്റെ കാലമായിരുന്നു. 2006ലെ ചാമ്പ്യന്മാരായ ഇറ്റലി ആഫ്രിക്കൻ ലോകകപ്പിൽ പ്രീക്വാർട്ടറിൽ പ്രവേശിക്കാതെ പുറത്തായി. 2010ൽ സ്പെയിൽ ആദ്യമായി ലോകകപ്പ് ഉയർത്തിയതിന് ശേഷം 2014ൽ ബ്രസീലിൽ എത്തിയപ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങി. ആ ടൂർണമെന്റിൽ അർജന്റീനയുടെ നീണ്ടനാളുകളായിട്ടുള്ള ലോകകപ്പ് മോഹത്തെ തകർത്തുകൊണ്ട് ഫിഫ കിരീടം ഉയർത്തിയ ജർമനിക്കും 2018ൽ റഷ്യയിൽ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താകേണ്ടി വന്നു. ഇനി ഈ ശാപം ഫ്രാൻസിന്റെ മുകളിലാണോ അല്ലയോ എന്ന് ഖത്തറിൽ ഗ്രൂപ്പ് ഘട്ടം കഴിയുമ്പോൾ അറിയാം.
ഫ്രാൻസും ശാപവും
ഇത് രണ്ടാം തവണയാണ് ഫ്രാൻസ് ശാപത്തെ നേരിടാൻ പോകുന്നത്. 98ൽ ആദ്യമായി ലോകകപ്പ് ഉയർത്തിയതിന് ശേഷം ഏഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് ടീമിന് ശാപമേറ്റിരുന്നു. ഖത്തറിൽ ഇറങ്ങുന്നു ഫ്രഞ്ച് സംഘത്തിന് ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയ, ഡെൻമാർക്ക്, ട്യുണേഷ്യ എന്നിവരാണ് എതിരാളികൾ. നവംബർ 22ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഫ്രഞ്ച് ടീമിന്റെ ആദ്യ മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...