കോല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്ക൦കുറിയ്ക്കുമ്പോള്‍ ചരിത്രത്തില്‍ ഇടം നേടുകയാണ് ഈഡന്‍ ഗാര്‍ഡന്‍സ്!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയില്‍ നടക്കുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് എന്നത് കൂടാതെ, ടെസ്റ്റ് പരമ്പര കാണാന്‍ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം നിറയെ കാണികള്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രധാന വസ്തുത. സ്വഭാവികമായും ടെസ്റ്റിന് ജനപ്രീതി കുറയുമ്പോഴും ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന പരമ്പരയുടെ ടിക്കറ്റുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ പൂര്‍ണ്ണമായും വിറ്റു തീര്‍ന്നിരുന്നു. 


കാലിയായ സ്റ്റേഡിയത്തെ സാക്ഷിയാക്കിയാണ് പലപ്പോഴും ടെസ്റ്റ് പരമ്പര നടക്കാറ്. എന്നാല്‍ ഇത്തവണ ഈഡന്‍ ഗാര്‍ഡന്‍സില്‍ അങ്ങിനെയല്ല നടക്കുക. ഇതിനെല്ലാം പിന്നില്‍ ഒരാളുടെ ശക്തമായ കരങ്ങളാണ്, അതേ, 
ഇന്ത്യന്‍ ക്രിക്കറ്റില്‍ 'ദാദാഗിരി'യുടെ രണ്ടാം ഭാഗം ആരംഭിച്ചു കഴിഞ്ഞു. ദാദയുടെ തിരിച്ചുവരവ് ഈ പരമ്പര സൂചിപ്പിക്കുന്നത്. ഈഡന്‍ ഗാര്‍ഡനില്‍ ഇരമ്പിയാര്‍ക്കുക ദാദയുടെ തിരിച്ചുവരവിന്‍റെ ഊര്‍ജ്ജമാണ്.


ക്യാപ്റ്റനായി ഇന്ത്യയെ ആധുനിക ക്രിക്കറ്റിനട്ട് പ്രൊഫഷണലിസത്തിലേക്ക് നയിച്ച സൗരവ് ഗാംഗുലിയുടെ രണ്ടാം വരവ് ബി.സി.സി.ഐ അദ്ധ്യക്ഷനായാണ്. സ്ഥാനത്തെത്തി ഒരു മാസം പൂര്‍ത്തിയാകുന്ന ഇന്ന് ആരംഭിക്കുന്ന കൊല്‍ക്കത്ത ടെസ്റ്റ് തന്നെയാണ് ദാദയുടെ നേതൃപാടവത്തിന്‍റെ മഹത്തായ ഉദാഹരണം.


ലോകത്തെ ഏറ്റവും സമ്പത്തുള്ള ക്രിക്കറ്റ് ബോര്‍ഡാണെങ്കിലും മാറ്റങ്ങളോട് എന്നും മുഖം തിരിഞ്ഞു നില്‍ക്കാനാണ് പലപ്പോഴും ബി.സി.സി.ഐ ശ്രമിച്ചിട്ടുള്ളത്. ഡി.ആര്‍.എസ്, പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത് തുടങ്ങി വിഷയങ്ങള്‍ നിരവധിയാണ്. ഡി.ആര്‍.എസ് പല രാജ്യങ്ങളിലും കളി നിലവാരത്തിന്‍റെ ഭാഗമായി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യന്‍ ബോര്‍ഡ് അംഗീകരിച്ചത്.


പകല്‍ രാത്രി ടെസ്റ്റിലും പിങ്ക് പന്ത് ഉപയോഗിക്കുന്നതിലും ആശങ്കകള്‍ പലതാണ്. പരീക്ഷണങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കാത്ത ഗാംഗുലിയും വെല്ലുവിളികളെ ആവേശത്തോടെ സ്വീകരിക്കുന്ന കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തുന്ന മാറ്റങ്ങളുടെ സൂചനയാണ് കൊല്‍ക്കത്തയിലെ പകല്‍ രാത്രി ടെസ്റ്റ്. 


കൂടാതെ, ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് വേദിയായി സ്വാഭാവികമായും 'കൊല്‍ക്കത്തയുടെ രാജകുമാരന്‍' ഈഡന്‍ ഗാര്‍ഡന്‍സ് തിരഞ്ഞെടുത്തതിന് പിന്നിലും കാരണമുണ്ട്. സ്വന്തം സംസ്ഥാനം, താന്‍ കളിച്ചു വളര്‍ന്ന മൈതാനം, അതോടെ, ഈ ടെസ്റ്റ് മത്സരം കൊല്‍ക്കത്തയുടെ അഭിമാന പ്രശ്‌നമായി മാറി. തെരുവുകള്‍ പിങ്ക് മയമായി. 


17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോഡ്‌സില്‍ ഗാംഗുലി ജേഴ്‌സ് ഊരി വീശിയപ്പോള്‍ ആവേശം പടര്‍ന്നത് തലമുറകളിലേക്കായിരുന്നു. ഇന്ത്യയില്‍ വന്ന് ജയിച്ചപ്പോള്‍ ഫ്ളിന്റോഫ് നടത്തിയ അമിതാവേശത്തിന് അതേ നാണയത്തില്‍ ഗാംഗുലി നല്‍കിയ അപ്രതീക്ഷിത മറുപടിയായിരുന്നു അത്. എന്തായാലും കൊല്‍ക്കത്തക്കൊപ്പം ദാദയുടെ തിരിച്ചുവരവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആകെ ആവേശത്തിലാണ്.