കൊച്ചി: ബ്ലാസ്റ്റേഴ്‌സിനെതിരെ പരാമര്‍ശം നടത്തിയ കേരളത്തിന്‍റെ ഐ ലീഗ് ക്ലബായ ഗോകുലം കേരളയ്ക്കെതിരെ പ്രതിഷേധവുമായി ആരാധകര്‍. ബ്ലാസ്റ്റേഴ്‌സിനെ കളിയാക്കി  ഇന്നലെയാണ് ഗോകുലം കേരള ട്വീറ്റ് പങ്ക് വെച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോകുലം കേരളയോട് ആരാധകര്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ചിലത് ക്ലബ് നടപ്പാക്കിയിരുന്നു. ഇതു വെളിപ്പെടുത്തി അവര്‍ ഇട്ട പോസ്റ്റിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പേര് പരാമര്‍ശിക്കാതെ ഐ ലീഗ് ക്ലബ് കളിയാക്കിയത്.


ആരാധകര്‍ ആവശ്യപ്പെട്ട നാല് കാര്യങ്ങള്‍ നടപ്പിലാക്കിയെന്ന് ഗോകുലം ട്വീറ്റില്‍ വ്യക്തമാക്കി.


ജെഴ്‌സിയുടെ നിറം മാറ്റുക, സ്റ്റേഡിയം പെയിന്‍റ് അടിക്കുക, ടീമിന്‍റെ മത്സരങ്ങള്‍ കഴിഞ്ഞ സീസണിലേത് പോലെ നട്ടുച്ചക്ക് കളിക്കാതെ നാല് മണിക്ക് ശേഷം നടത്തുക, എല്ലാ മത്സരവും ഫ്ലവേഴ്‌സ് ചാനലില്‍ ടെലികാസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കിയതായി ഗോകുലം ട്വീറ്റില്‍ കുറിച്ചു.



ട്വീറ്റിന്‍റെ അവസാനമുള്ള രണ്ടു ഹാഷ്ടാഗിലാണ് ഗോകുലം ബ്ലാസ്റ്റേഴ്‌സിനെ കളിയാക്കുന്ന രീതിയില്‍ പരാമര്‍ശിക്കുന്നത്. കേരളത്തിലെ യഥാര്‍ത്ഥ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടി എന്നാണ് ഒരു ഹാഷ് ടാഗില്‍ എഴുതിയിരിക്കുന്നത്. 


അവസാനത്തെ ഹാഷ് ടാഗ് അംബാസിഡര്‍മാരെ വെച്ചുള്ള സൂത്രപ്പണി തങ്ങള്‍ക്കില്ലെന്ന് അര്‍ത്ഥം വരുന്നതാണ്.


ആദ്യം സച്ചിനെയും അതിന് ശേഷം മോഹന്‍ലാലിനെയും അംബാസിഡറാക്കിയ ബ്ലാസ്‌റ്റേഴ്‌സിന്റെ തീരുമാനത്തെയാണ് ഇതിലൂടെ ഗോകുലം ചൂണ്ടിക്കാട്ടുന്നത് എന്നതില്‍ സംശയമില്ല.


ഗോകുലത്തിന്റെ ട്വീറ്റിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് കേരളത്തെ ഒരുമിച്ചു നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഗോകുലം കേരളത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. 


എന്നാല്‍, ഫുട്‌ബോള്‍ ക്ലബുകള്‍ തമ്മില്‍ ഇത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ എല്ലായിടത്തും പതിവാണെന്നാണ് ഗോകുലം കേരളയെ പിന്തുണക്കുന്നവര്‍ പറയുന്നത്.