ധോണി ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടത് താനായിരുന്നു.... വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി
എം എസ് ധോണിയുടെ അരങ്ങേറ്റത്തെക്കുറിച്ച് ആരുമറിയാത്ത ചില വെളിപ്പെടുത്തലുകളുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി....
മുംബൈ: എം എസ് ധോണിയുടെ അരങ്ങേറ്റത്തെക്കുറിച്ച് ആരുമറിയാത്ത ചില വെളിപ്പെടുത്തലുകളുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി....
ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് സൗരവ് ഗാംഗുലി പറഞ്ഞു.
കരുത്തുറ്റ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രൂപീകരിച്ചെടുത്ത ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയായിരുന്നുവെന്ന് നിസംശയം പറയാന്‍ കഴിയും. ടീം ഒത്തുകളി സംശയത്തിന്റെ നിഴലില്‍ ദിശയറിയാതെ നില്‍ക്കവെ നായകസ്ഥാനത്തേക്കു വന്ന അദ്ദേഹം പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയായിരുന്നു.
ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയ ഏറ്റവും വലിയ സംഭാവനകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവായിക്കാവുന്ന പേരാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടേത്. ഗാംഗുലി ടീമിന്‍റെ നായകനായിരിക്കെയാണ് റാഞ്ചിയില്‍ നിന്നുള്ള ഈ നീളന്‍ മുടിക്കാരന്‍ ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. പിന്നീട് ഗാംഗുലിയില്‍ നിന്നും ടീമിന്‍റെ നായക പദവി ധോണി ഏറ്റെടുത്തതും തുടര്‍ന്നു സംഭവിച്ചതും ചരിത്രം.
ആദ്യമായി ധോണിയെ ഇന്ത്യക്കു വേണ്ടി കളിപ്പിച്ചതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഗാംഗുലി. ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളുമായി ലൈവില്‍ സംസാരിക്കവെയാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി ധോണിയുടെ അരങ്ങേറ്റത്തെക്കുറിച്ച് മനസ്സ് തുറന്നത്.
ദിനേഷ് കാര്‍ത്തിക്, പാര്‍ഥീവ് പട്ടേല്‍ എന്നീ വിക്കറ്റ് കീപ്പര്‍മാരെ ഒഴിവാക്കിയാണ് ഗാംഗുലി പുതുമുഖമായ ധോണിയെ ഗാംഗുലി 2004ല്‍ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്. ഇത് വഴിത്തിരിവാകുകയും ചെയ്തു. എന്നാല്‍ അതിന്‍റെ ക്രെഡിറ്റ് തനിക്കു വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയിലുള്ള തന്‍റെ ജോലിയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഒരു മല്‍സരത്തില്‍ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കാനാണ് എല്ലാ ക്യാപ്റ്റനും ശ്രമിക്കുക. താനും അതു തന്നെയാണ് ചെയ്തത്. ഏതൊക്കെ താരങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്നൊരു വിശ്വാസം ഓരോ ക്യാപ്റ്റനുമുണ്ടാവും. ധോണിയിലുണ്ടായിരുന്ന വിശ്വാസം തന്നെയാണ് അന്ന് അദ്ദേഹം ടീമില്‍ ഇടം പിടിക്കാനുള്ള കാരണം. ഇന്ത്യന്‍ ക്രിക്കറ്റിന് മഹേന്ദ്ര സിംഗ് ധോണിയെ ലഭിച്ചതില്‍ സന്തോഷവാനാണ്. കാരണം അദ്ദേഹം അവിശ്വസനീയ താരമാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ധോണിയുടെ 39ാം ജന്മദിനത്തിന്‍റെ പശ്ചാതലത്തിലായിരുന്നു മയങ്ക് അഗര്‍വാളുമായി ഗാംഗുലിയുടെ അഭിമുഖം.