മുംബൈ: ഇന്ത്യ - ന്യൂസിലൻഡ് പരമ്പയ്ക്കുള്ള ടീമില്‍ ഇടം നേടി ഹാർദ്ദിക്​ പാണ്ഡ്യ. കെ.എൽ രാഹുലിനെ ഇന്ത്യ എ സ്കാഡില്‍ ഉള്‍പ്പെടുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ എ സ്കാഡ് ടീമായിരിക്കും ഇംഗ്ലണ്ട് ലയൺസുമായുള്ള അഞ്ച് ഏകദിന മത്സരങ്ങള്‍ കളിക്കുക. തിരുവനന്തപുരത്താവും മത്സരം നടക്കുക. 


ക്രിക്കറ്റ്​ താരങ്ങളായ ഹാർദ്ദിക്​ പാണ്ഡ്യയുടെയും കെ.എൽ രാഹുലി​​​ന്‍റെയും സസ്​പെൻഷൻ ബി.സി.സി.​ഐ ഭരണസമിതി പിൻവലിച്ചതിന് പിന്നാലെയാണ് ഇരുവരും ടീമില്‍ ഇടം നേടിയത്. പുതിയ അമിക്കസ്​ ക്യൂറി പി.നരസിംഹയുമായി കൂടികാഴ്​ച നടത്തിയതിന്​ ശേഷമാണ്​ ബി.സി.സി.ഐ സസ്​പെൻഷന്‍ പിന്‍വലിച്ചത്.
ടി.വി ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്‍റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. 


സംഭവം വിവാദമായതിനെ തുടര്‍ന്ന് ആസ്ട്രേലിയന്‍ പരമ്പരക്കിടെ ഇരു താരങ്ങളെയും ഇന്ത്യയിലേക്ക് തിരികെ വിളിച്ചിരുന്നു. കൂടാതെ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തിലേക്കും ഇരുവരെയും പരിഗണിച്ചിരുന്നില്ല. 


അതേസമയം, തന്‍റെ പരിപാടിയായ "കോഫീ വിത്ത്‌ കരണി"ല്‍ പങ്കെടുത്തതുകൊണ്ടാണ് താരങ്ങള്‍ ഈ ഗതിയിലായതെന്നും അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും അവതാരകനായ കരണ്‍ ജോഹര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.


കൂടാതെ, താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും രംഗത്തെത്തിയിരുന്നു. 


ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തില്‍ കുരുക്കിയത്.