കൊല്‍ക്കത്ത: IPL പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ക്കായി ദുബായിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് സംഘത്തിലെ 13 പേര്‍ക്ക് കഴിഞ്ഞ ദിവസ൦ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടീമിനുള്ളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച ശേഷം സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ചെന്നൈയെ ബാധിച്ചിരുന്ന പ്രതിസന്ധി IPL നടത്തിപ്പിനെ ബാധിക്കുമോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഉയരുമ്പോഴാണ് പ്രതികരണവുമായി ബിസിസിഐ പ്രസിഡന്‍റ് രംഗത്തെത്തിയത്. 


ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന ക്രമപ്രകാരം തന്നെ IPL ആരംഭിക്കാന്‍ സാധിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കായിക മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാകൂവെന്നും അത് ആരാധകര്‍ മനസിലാക്കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു. 


കൊറോണ വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടപടി ആവശ്യപ്പെട്ട് മറ്റ് ടീമുകള്‍ രംഗത്തെത്തിയെങ്കിലും തല്ക്കാലം പ്രതികരിക്കാനില്ല എന്ന നിലപാടിലാണ് ഗാംഗുലി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അവസ്ഥയെ കുറിച്ച് തല്‍കാലം പ്രതികരിക്കുന്നില്ലെന്നും പ്രശ്നങ്ങളൊന്നും കൂടാതെ IPL നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി പറഞ്ഞു. 


IPLനു നീണ്ട ഷെഡ്യൂളാണുള്ളതെന്നും എല്ലാം നന്നായിതന്നെ നടക്കുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും ഗാംഗുലി പ്രതികരിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സിലെ രണ്ട് കളിക്കാര്‍ക്കും സംഘത്തിലെ 11 അംഗങ്ങള്‍ക്കുമാണ് COVID 19 സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചെന്നൈ താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.