IND vs SA : എവിടെ സഞ്ജുവും ത്രിപാഠിയും? ട്വിറ്ററിൽ രോഷം പ്രകടിപ്പിച്ച് ആരാധകർ
India vs South Africa Squad ഐപിഎല്ലിന്റെ ഇത്തവണത്തെ സീസണിൽ ശരാശരി പ്രകടനത്തിന്റെ താഴെ മാത്രം മികവ് പുലർത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേശ് ഐയ്യരെയും സിഎസ്കെയുടെ റുതരാജ് ഗെയ്ക്വാദിനെയും മുംബൈ ഇന്ത്യൻസിന്റെ ഇഷാൻ കിഷനെയും ഉൾപ്പെടുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരാധകർ ചോദിച്ചു.
മുംബൈ : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ സ്ക്വാഡിൽ നിന്ന് മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനെയും സൺറൈസേഴ്സ് ഹൈദരാബാദിന്റെ മധ്യനിര താരം രാഹുൽ ത്രിപാഠിയെയും തഴഞ്ഞതിൽ ബിസിസിഐക്കെതിരെ ട്വിറ്ററിൽ രോഷം പ്രകടിപ്പിച്ച് ആരാധകർ. ഐപിഎൽ 2022 സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇരുതാരങ്ങളെയും സെലക്ടർമാർ തഴഞ്ഞെന്ന് കുറ്റപ്പെടുത്തിയാണ് ആരാധകർ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെതിരെ രംഗത്തെത്തിയത്.
കമന്റേറ്ററും ക്രിക്കറ്റ് നിരൂപകനുമായ ഹർഷ ഭോഗ്ലെ ഉൾപ്പെടെയുള്ളവരാണ് ബിസിസിഐ പ്രഖ്യാപിച്ച് സ്ക്വാഡിനെതിരെ രംഗത്തെത്തിയത്. "ടീമിനെ കുറിച്ച് ഞാൻ എന്റെ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തിയിരുന്നു, അതിൽ കെ.എൽ രാഹുലും റിഷഭ് പന്തുമുണ്ടായിരുന്നില്ല. ത്രിപാഠിയും സഞ്ജു സാംസണും അതിലുണ്ടാകുമെന്ന് ഞാൻ വിചാരിച്ചു. ഇനി ഓസ്ട്രേലിയൻ മൈതനാത്ത്, സാംസൺ ചുരുക്കപ്പട്ടികയിൽ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു" ബിസിസിഐയുടെ ടീം പ്രഖ്യാപനത്തിന് ശേഷം ഹർഷ ഭോഗ്ലെ ട്വിറ്ററിൽ കുറിച്ചു.
ഇത് ബിസിസിഐക്ക് നേരയുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സ്വരം കടുപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ ഇത്തവണത്തെ സീസണിൽ ശരാശരി പ്രകടനത്തിന്റെ താഴെ മികവ് പുലർത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേശ് ഐയ്യരെയും സിഎസ്കെയുടെ റുതരാജ് ഗെയ്ക്വാദിനെയും മുംബൈ ഇന്ത്യൻസിന്റെ ഇഷാൻ കിഷനെയും ഉൾപ്പെടുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരാധകർ ചോദിച്ചു. മികച്ച സ്ട്രൈക് റേറ്റുള്ള ത്രിപാഠിയെ തഴഞ്ഞാണ് ഈ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
സീസണിലെ 14 മത്സരങ്ങളിൽ നിന്ന് 413 റൺസുമായി 158.23 സ്ട്രൈക് റേറ്റിൽ ടോപ് സ്കോറർമാരുടെ പട്ടികയിൽ സൺറൈസേഴ്സ് താരം 10 സ്ഥാനത്താണുള്ളത്. സഞ്ജു ആകാട്ടെ ക്യാപ്റ്റൻസി പ്രഷറിനൊപ്പം 14 മത്സരങ്ങളിൽ നിന്ന് 374 റൺസെടുത്ത് റൺവേട്ടക്കാരിൽ 18-ാം സ്ഥാനത്തായിട്ടാണ് സീസണിന്റെ ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചിരിക്കുന്നത്.
ടീമിലെ സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ചാണ് ബിസിസിഐ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പകരം കെ.എൽ രാഹുൽ ടീമിനെ നയിക്കും. എസ്ആർഎച്ചിന്റ ജമ്മു കശ്മീർ പേസർ ഉമ്രാൻ മാലിക്, പഞ്ചാബ് കിങ്സിന്റെ അർഷ്ദീപ് സിങ് എന്നിവരെ ബിസിസിഐ ഇന്ത്യൻ ടീമിന്റെ സ്ക്വാഡിലേക്കുള്ള ആദ്യ ക്ഷണവും നൽകി. വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റർ ദീനേഷ് കാർത്തികും ടീമിലേക്ക് തിരികെയെത്തുകയും ചെയ്തു.
ജനുവരി ഒമ്പതിനാണ് ദക്ഷണിഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരം. ഡൽഹിയിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. പിന്നാലെ 12, 14, 17,19 തിയതികളിലായി ബാക്കി മത്സരങ്ങൾ സംഘടിപ്പിക്കും. കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവടങ്ങളാണ് പരമ്പരയിലെ മറ്റ് മത്സരങ്ങളുടെ വേദി.
ALSO READ : IPL 2022 Playoffs & Qualifier : പ്ലേഓഫിൽ ആര് ആരെ നേരിടും; മത്സരക്രമങ്ങൾ ഇങ്ങനെ
ഇന്ത്യയുടെ ടി20 സ്ക്വാഡ് - കെ.എൽ രാഹുൽ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രയസ് ഐയ്യർ, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് ഐയ്യർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്നോയി, ഭുവനേശ്വർ കുമാർ, ഹർഷാൽ പട്ടേൽ, അവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്ക് പുറമെ 2021ൽ കോവിഡ് മൂലം മാറ്റിവച്ച് ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ കൂടി ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തു. രോഹിത് ശർമ നയിക്കുന്ന മത്സരത്തിൽ ടീമിലേക്ക് ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരമായ ചേതേശ്വർ പൂജാര തിരികെയെത്തുകയും ചെയ്തു.
ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വൈസ്റ്റ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രയസ് ഐയ്യർ, ഹനുമാ വിഹാരി, ചേതേശ്വർ പുജാര, റിഷഭ് പന്ത്, കെ.എസ് ഭരത്, രവിന്ദ്ര ജഡേജ, ആർ അശ്വിൻ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷാമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.