IND vs AUS : സമനില തെറ്റിയില്ല! ബിജിടി പരമ്പര ഇന്ത്യക്ക്; കോലിക്ക് മറ്റൊരു റെക്കോർഡും
India vs Australia 4th Test Highlights : അഹമ്മദബാദ് ടെസ്റ്റ് സമനിലയിൽ പിരിയുകയും ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ ന്യൂസിലാൻഡ് ശ്രീലങ്കയെ തോൽപ്പിച്ചതോടെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത ലഭിക്കുകയും ചെയ്തു
അഹമ്മദാബാദ് ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ സമനില പിടിച്ചതോടെ ബോർഡർ ഗവാസ്കർ ട്രോഫി സ്വന്തമാക്കി ഇന്ത്യ. നാല് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യൻ സ്വന്തമാക്കിയത്. മത്സരം സമനിലയിൽ പിരിഞ്ഞതും ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ ന്യൂസിലാൻഡ് ശ്രീലങ്കയെ തോൽപ്പിച്ചതും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനായി. ഓസ്ട്രേലിയയാണ് ഓവലിൽ വെച്ച് നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ എതിരാളി.
വിരാട് കോലിയുടെയും ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെയും സെഞ്ചുറി പ്രകടനങ്ങളാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 186 റൺസെടുത്ത് നിർണായക ഇന്നിങ്സ് കാഴ്ചവെച്ച കോലി തന്നെയാണ് മത്സരത്തിലെ കേമൻ. 1200 ദിനങ്ങളിൽ അധികം നീണ്ട നിന്ന വിരാട് കോലിയുടെ ടെസ്റ്റ് സെഞ്ചുറി വരൾച്ചയ്ക്കാണ് കഴിഞ്ഞ ദിവസം തടയിട്ടത്. താരം തന്റെ കരിയറിലെ 28-ാം സെഞ്ചുറിയാണ് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേടിയത്. തുടർന്ന് വാലറ്റക്കാർക്കൊപ്പം ബാറ്റ് വീശിയ താരം ഇന്ത്യക്ക് നിർണായക ഇന്നിങ്സ് ലീഡും കോലി നേടി നൽകി.
കോലി ടെസ്റ്റിൽ നേടുന്ന പത്താമത്തെ പ്ലെയർ ഓഫ് ദി മാച്ച് നേട്ടമാണിത്. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും പത്തിൽ അധികം പ്ലെയർ ഓഫ് ദി മാച്ച് നേടുന്ന ആദ്യ താരമെന്ന് റെക്കോർഡ് കോലി സ്വന്തമാക്കി. ഇന്ത്യയുടെ സ്പിൻ സഖ്യമായ ആർ അശ്വിനും രവീന്ദ്ര ജഡേജയും പരമ്പരയിലെ താരങ്ങളായി.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ ഉസ്മാൻ ഖവാജയുടെയും കാമറൂൺ ഗ്രീന്റെ സെഞ്ചുറികളുടെ മികവിൽ 480 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ അശ്വിൻ ആറ് വിക്കറ്റുകളും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓപ്പണർ ഗില്ലിന്റെയും കോലിയുടെ സെഞ്ചുറി പ്രകടനങ്ങളുടെ ബലത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഇന്നിങ്സിൽ ലീഡ് സ്വന്തമാക്കുകയും ചെയ്തു. ആറാമനായി ക്രീസിലെത്തിയ അക്സർ പട്ടേലും നിർണായക പിന്തുണയാണ് കോലിക്ക് നൽകിയത്. ഇന്ത്യ ഉയർത്തിയ 91 റൺസ് ലീഡ് പിന്തുടർന്ന ഓസ്ട്രേലിയ അഞ്ചാം ദിനത്തിൽ മറികടന്നെങ്കിലും മത്സരം സമനിലയിൽ പിരിയാൻ ഇരു ടീമുകളും തീരമാനിക്കുകയായിരുന്നു.
ഓസ്ട്രേലിയയുടെ ഇന്ത്യ പര്യടനത്തിൽ ഇനി ഏകദിന പരമ്പരയാണ് ബാക്കിയുള്ളത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഓസ്ട്രേലിയയ്ക്ക് ഇന്ത്യയിലുള്ളത്. മാർച്ച് 17ന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ മത്സരം. തുടർന്ന് 19-ാം തീയതി വിശാഖപട്ടണത്തും അവസാനം ചെന്നൈയിൽ വെച്ച് മാർച്ച് 22നുമാണ് മത്സരം സംഘടിപ്പിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...