കൊല്‍ക്കത്ത: പുതിയൊരു ചരിത്ര മുഹൂര്‍ത്തത്തിന് വേദിയാകാനൊരുങ്ങുകയാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് സ്റ്റേഡിയം!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിനാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ വേദിയാകുന്നത്. ഇന്ത്യ ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് മത്സരമാണ് ഡേ നൈറ്റ് ആയി നടക്കുക. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം നടക്കുക. 


കഴിഞ്ഞദിവസം ബിസിസിഐ അദ്ധ്യക്ഷനായി ചുമതലയേറ്റ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് കൊല്‍ക്കത്തക്ക് ഈ സുവര്‍ണ്ണാവസരം ലഭിച്ചത്. താരതമ്യേന കാണികള്‍ കുറവുള്ള ടെസ്റ്റ് മത്സരങ്ങള്‍ ഡേ നൈറ്റായി നടക്കുകയാണെങ്കില്‍ ജോലി സമയത്തിന് ശേഷവും ക്രിക്കറ്റ് പ്രേമികള്‍ക്ക് സ്റ്റേഡിയത്തില്‍ കളി ആസ്വദിക്കാന്‍ സാധിക്കുമെന്നായിരുന്നു ഗാംഗുലിയുടെ വാദം. 


ഈ വിഷയത്തില്‍, നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി ഗാംഗുലി ചര്‍ച്ച നടത്തുകയും താല്‍പര്യം ആരായുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നായകന്‍ സമ്മതം മൂളിയതോടെയാണ് ഗാംഗുലി ഈ വിഷയത്തില്‍  ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തുന്നത്. താമസം നേരിട്ടുവെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഒടുവില്‍ സമ്മതം മൂളുകയായിരുന്നു.


നേരത്തെ ആസ്‌ട്രേലിയന്‍ പരമ്പരക്കിടെ ഇന്ത്യയെ ഡേ നൈറ്റ് മത്സരം കളിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അത് നിരസിക്കുകയായിരുന്നു.


അതിഥികളായ ബംഗ്ലാദേശുമായി 3 T20 മത്സരങ്ങളും 2 ടെസ്റ്റ്‌ പരമ്പരയുമാണ്‌ ആതിഥേയര്‍ കളിക്കുക. 


എന്തായാലും, ഇന്ത്യയില്‍ ആദ്യമായി നടക്കാന്‍ പോകുന്ന ഡേ നൈറ്റ് ടെസ്റ്റ് മത്സരം കാണികള്‍ക്ക് മാത്രമല്ല ഇന്ത്യ ബംഗ്ലാദേശ് കളിക്കാര്‍ക്കും പുതിയൊരു അനുഭവമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.