Kamral Akmal: അർഷദീപിനെതിരെ സിഖ് വിരുദ്ധ പരാമർശം; മുൻ പാക് താരത്തെ കൊണ്ട് മാപ്പ് പറയിച്ച് ഹർഭജൻ
ഇന്ത്യ - പാക് മത്സരത്തിന്റെ അവസാന ഓവറിലാണ് കമ്രാന്‍റെ സിഖ് വിരുദ്ധ പരാമർശമുണ്ടായത്. അർഷദീപ് ആണ് അവസാന ഓവർ ബൗളിംഗിനെത്തിയത്.
ന്യൂയോർക്ക്: പാകിസ്ഥാനെതിരായ ടി-20 ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യൻ പേസർ അർഷദീപ് സിങ്ങിനെതിരായ വംശീയാധിക്ഷേപത്തിൽ സിഖ് സമൂഹത്തോട് മാപ്പ് പറഞ്ഞ് പാകിസ്ഥാൻ മുൻ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ കമ്രാൻ അക്മൽ. ഇന്ത്യ - പാക് മത്സരത്തിന്റെ അവസാന ഓവർ അർഷദീപ് എറിയാനെത്തിയപ്പോഴാണ് കമ്രാൻ സിഖ് സമൂഹത്തിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്.
"ഇനി എന്തും സംഭവിക്കാം. അവസാന ഓവര്‍ എറിയാനായി ആരാണ് വരുന്നതെന്ന് നോക്കു. അര്‍ഷ്ദീപ് ബൗളിംഗില്‍ താളം കണ്ടെത്താന്‍ പാടുപെടുകയാണ്, സമയം രാത്രി പന്ത്രണ്ട് മണിയുമായല്ലോ" എന്നായിരുന്നു കമ്രാന്‍റെ പരാമർശം. കമ്രാൻ്റെ സിഖ് വിരുദ്ധ പരാമർശം സമൂഹമാധ്യമങ്ങളിൽ വിവാദമായതോടെ ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങ് കമ്രാൻ അക്മലിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു.
"നിങ്ങളെ ഒരായിരം തവണ ശപിക്കുന്നു കമ്രാന്‍, നിങ്ങള്‍ ആ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് സിഖുകാരുടെ ചരിത്രം അറിയണമായിരുന്നു. നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും അധിനിവേശക്കാര്‍ തട്ടിക്കൊണ്ടുപോയപ്പോൾ ഞങ്ങൾ സിഖുകാരാണ് രക്ഷിച്ചത്, അപ്പോഴും സമയം രാത്രി 12 മണി തന്നെ ആയിരുന്നു. നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. കുറച്ചെങ്കിലും കൃതജ്ഞത നിങ്ങള്‍ക്ക് തോന്നണ്ടേ" എന്നായിരുന്നു ഹര്‍ഭജൻ കമ്രാനെ ടാഗ് ചെയ്ത് എക്സിൽ പോസ്റ്റ് ചെയ്തത്.
തൻ്റെ പരാമർശം തെറ്റായിരുന്നു എന്ന് മനസ്സിലാക്കിയ കമ്രാൻ ഹർഭജൻ ടാഗ് ചെയ്ത പോസ്റ്റിന് താഴെ മാപ്പ് അപേക്ഷയുമായി എത്തി. സിഖുകാരെക്കുറിച്ചുള്ള തന്‍റെ പരാമര്‍ശത്തില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും ഹർഭജൻ സിങ്ങിനോടും സിഖ് സമൂഹത്തോടും ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു എന്നും കമ്രാൻ പറഞ്ഞു. തന്‍റെ വാക്കുകൾ അനുചിതവും ബഹുമാനമില്ലാത്തതുമായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും പറഞ്ഞ കമ്രാന്‍ ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സിഖ് സമുദായത്തോടെ തനിക്ക് അങ്ങേയറ്റം ബഹുമാനമെയുള്ളൂവെന്നും ആത്മാര്‍ത്ഥമായി മാപ്പു പറയുന്നുവെന്നും എക്സിൽ കുറിച്ചു.
പാകിസ്ഥാനെതിരായ മത്സരത്തിൽ ആറ് റൺസിൻ്റെ ത്രില്ലിങ് ജയമാണ് ഇന്ത്യ നേടിയത്. അർഷദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ 18 റൺസായിരുന്നു പാകിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 12 റൺസ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. തോൽവിയോടെ ലോകകപ്പിൽ പാകിസ്ഥാൻ്റെ സ്ഥിതി പരുങ്ങലിലാണ്. ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും മികച്ച വിജയം നേടുകയും ഇന്ത്യ കാനഡയെയും യുഎസ്എയും തോൽപ്പിക്കുകയും ചെയ്താൽ മാത്രമേ പാകിസ്ഥാന് സൂപ്പർ എട്ടിലേക്ക് പ്രവേശനം ലഭിക്കുകയുമുള്ളു.