തുടര്‍ച്ചയായി രണ്ട് അന്താരാഷ്ട്ര ടി20 സെഞ്ച്വറികള്‍, അതിന് ശേഷം ഒരു ഡക്ക്! ഇതാണിപ്പോള്‍ സഞ്ജു സാംസണിന്റെ അവസ്ഥ. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് അന്താരാഷ്ട്ര സെഞ്ച്വറികളും നാല് ഡക്കുകളും എന്ന മികച്ചതും നാണംകെട്ടതുമായ റെക്കോര്‍ഡുമായിട്ടാണ് സഞ്ജുവിന്റെ നില്‍പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബര്‍ 13 ന് ദക്ഷിണാഫ്രിക്കയോട് പൊരുതാനിറങ്ങുമ്പോള്‍ സഞ്ജു രണ്ടും കല്‍പിച്ചായിരിക്കും എന്ന് ഉറപ്പ്. തന്റെ ജന്മദിനത്തിന് ഒരുനാള്‍ മുമ്പ് പൂജ്യം റണ്ണിന് ക്ലീന്‍ ബൗള്‍ഡ് ആയിപ്പോയതിന്റെ പ്രതികാരം സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


ദക്ഷിണാഫ്രിയ്‌ക്കെതിരെ നടന്ന രണ്ട് ടി20 മത്സരങ്ങളും പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ഞെട്ടിപ്പിക്കുന്ന പ്രകടനം ഒന്നും പുറത്തെടുക്കാന്‍ ആയിട്ടില്ല. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ അല്ലാതെ മറ്റൊരാള്‍ക്കും മികച്ച സ്‌കോര്‍ നേടാന്‍ ആയില്ല. രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്.


ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ആയിരുന്നു സഞ്ജു സാംസണിന്റെ തിരിച്ചുവരവ് ലോകം കണ്ടത്. അവസാന മത്സരത്തില്‍ ത്രസിപ്പിക്കുന്ന സെഞ്ച്വറിയാണ് സഞ്ജു സ്വന്തമാക്കിയത്. അതിന്റെ തുടര്‍ച്ച തന്നെ ആയിരുന്നു ദക്ഷിണാഫ്രിയ്ക്കക്കെതിരെയുള്ള ആദ്യ മത്സരത്തിലും. ഈ രണ്ട് കളികളിലും സഞ്ജു തന്റെ പഴയ ശൈലി പൂര്‍ണമായും മാറ്റിവച്ചുകൊണ്ടായിരുന്നു എതിര്‍ ബൗളിങ് നിരയെ കണക്കറ്റ് പ്രഹരിച്ചത്.


എന്നാല്‍ ഇതുതന്നെ ആയിരുന്നു ദക്ഷിണാഫ്രിയ്ക്കക്കെതിരെയുള്ള സഞ്ജുവിന്റെ രണ്ടാം മത്സരത്തില്‍ തിരിച്ചടിയായതും. ബൗളര്‍ പന്ത് ഡെലിവറി ചെയ്യുന്നതിന് തൊട്ടുമുമ്പ് വിക്കറ്റുകള്‍ മുഴുവന്‍ ഓപ്പണ്‍ ആക്കി ലെഗ് സൈഡിലേക്ക് മാറിനിന്നുകൊണ്ട് ഷോട്ടുകള്‍ ഉതിര്‍ക്കുക എന്നതായിരുന്നു രണ്ട് കളികളില്‍ വിജയിച്ച രീതി. എന്നാല്‍ മൂന്നാം കളിയില്‍ ഈ തന്ത്രം പാടെ പാളിപ്പോയി. സഞ്ജുവിന്റെ ലെഗ് സ്റ്റംപ് ആണ് അന്ന് മാര്‍ക്കോ ജാന്‍സന്‍ പിഴുതെടുത്തത്. കണ്ണടച്ച് തുറക്കാനുള്ള സമയം പോലും സഞ്ജുവിന് ലഭിച്ചില്ല.


ആദ്യത്തെ രണ്ട് പന്തുകള്‍ ഡോട്ട് ബോള്‍ ആയതോടെ ആയിരുന്നു സഞ്ജു പതിവ് ഷോട്ടിന് മുതിര്‍ന്നത്. ഒരല്‍പ നേരം കൂടി ക്ഷമയോടെ നിന്നിരുന്നെങ്കില്‍ കളിയുടെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. പന്തുകള്‍ കണക്ട് ചെയ്യുന്നതില്‍ വിജയിച്ച് തുടങ്ങിയാല്‍, സഞ്ജുവിനെ പോലെ ഒരു താരത്തെ പിന്നെ പിടിച്ചുകെട്ടുക അസാധ്യം തന്നെയാണ്.


എന്തായാലും നവംബര്‍ 13 ന് നടക്കുന്ന മത്സരത്തില്‍ ഇതെല്ലാം സഞ്ജുവിന്റെ മനസ്സില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സഞ്ജുവിന്റെ താണ്ഡവും വീണ്ടും കാണാനാകും എന്ന പ്രതീക്ഷയില്‍ ആണ് ആരാധകര്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ടി20 അന്താരാഷ്ട്ര സെഞ്ച്വറികള്‍ എന്ന ലക്ഷ്യത്തിലേക്ക് ഈ പരമ്പരയില്‍ തന്നെ സഞ്ജു എത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.