Ind vs SL: രണ്ടാം ദിനം ഇന്ത്യൻ ആധിപത്യം; പരാജയം മണത്ത് ലങ്ക, ജഡേജയുടെ പിൻബലത്തിൽ ഇന്ത്യൻ റൺമല
ഒന്നാം ഇന്നിംഗ്‍സിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 574 എന്ന കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്താണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് തിരിച്ചുകയറിയത്.
വ്യക്തമായ ആധിപത്യത്തോടെയാണ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക. ഇന്ത്യയുയർത്തിയ വമ്പൻ സ്കോറിലേക്ക് എത്തിനോക്കാൻ 6 വിക്കറ്റ് മാത്രമാണ് ലങ്കൻപടയ്ക്ക് ബാക്കിയുള്ളത്. 466 റൺസ് കൂട്ടിച്ചേർക്കുക എന്നത് ശ്രീലങ്കയ്ക്ക് ശ്രമകരമായ ദൗത്യമാകും. നിസംഗയും അസലങ്കയുമാണ് നിലവിൽ ക്രീസിൽ. ദിമുത് കരുണരത്‌നെ, ലാഹിരു തിരിമന്നെ, ഏയിഞ്ജലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ എന്നീ മുൻനിര വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. രവിചന്ദ്രൻ അശ്വിൻ രണ്ട് വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ ജസ്പ്രിത് ബുംമ്രയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ഒന്നാം ഇന്നിംഗ്‍സിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 574 എന്ന കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്താണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് തിരിച്ചുകയറിയത്. തകർപ്പൻ സെഞ്ച്വറി പ്രകടനം പുറത്തെടുത്ത ജഡേജ പുറത്താകാതെ നേടിയത് 175 റൺസ് സമ്പാദ്യം. അര്‍ധ സെഞ്ച്വറികളുമായി ഋഷഭ് പന്തും ഹനുമ വിഹാരിയും ആര്‍ അശ്വിനും ഒത്തുചേർന്നാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്.
ഒന്നാം ഇന്നിംഗ്‍സ് ബാറ്റിംഗ് ആരംഭിച്ച ലങ്കയ്ക്ക് 50 റൺസിനിടെ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. 17 റൺസെടുത്ത ലാഹിരു തിരിമന്നെയെ പുറത്താക്കിയത് ആർ അശ്വിനാണ്. ഏഴാം നമ്പറിൽ ബാറ്റിംഗിനിറങ്ങി തിളങ്ങിയ ജഡേജ പന്തെറിയാനെത്തിയപ്പോൾ ആദ്യ ഓവറിൽ തന്നെ വിക്കറ്റും എറിഞ്ഞിട്ടു. ലങ്കൻ മുൻനിര ബാറ്റർ കരുണരത്‌നയെയാണ് ജഡേജ മടക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...