Suryakumar Yadav: ശരവേഗത്തിൽ 1500 ടി-20 റൺസ്; പുതിയ റെക്കോഡിട്ട് സൂര്യകുമാർ യാദവ്
43 ഇന്നിങ്സിൽ നിന്നാണ് സൂര്യകുമാർ യാദവ് ഏറ്റവും കുറവ് പന്തുകളിൽ 1500 റൺസ് നേടിയത്. 45 അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ നിന്ന് 46.41 ശരാശരിയിലാണ് ഈ നേട്ടത്തിലേക്കെത്തിയത്.
രാജ്കോട്ട്: ശ്രീലങ്കക്കെതിരായ മൂന്നാം ടി-20ലെ തകർപ്പൻ സെഞ്ച്വറിയോടെ പുതിയ റെക്കോഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്. ടി-20ൽ ഏറ്റവും കുറവ് പന്തുകളിൽ 1500 റൺസ് നേടിയാണ് സൂര്യകുമാർ ഈ ക്രിക്കറ്റ് റെക്കോഡ് തിരുത്തിയത്. ടി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നാഴികക്കല്ലിലെത്താൻ 843 പന്തുകൾ മാത്രമാണ് സൂര്യകുമാർ യാദവ് എടുത്തത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്നിങ്സിൻ്റെ അടിസ്ഥാനത്തിൽ ഈ നേട്ടം കൈവരിച്ചതിൽ മൂന്നാം സ്ഥാനത്താണ് സൂര്യകുമാർ. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, കെ എൽ രാഹുൽ, ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ച്, പാകിസ്ഥാൻ നായകൻ ബാബർ അസം എന്നിവരാണ് ഒന്നാം സ്ഥാനത്ത്. 39 ഇന്നിങ്സുകളിൽ നിന്നാണ് ഇവർ 1500 റൺസ് നേടിയത്. പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ 42 ഇന്നിങ്സിൽ നിന്ന് ഈ നേട്ടം കൈവരിച്ചപ്പോൾ 43 ഇന്നിങ്സിൽ നിന്നാണ് സൂര്യകുമാർ ഈ നേട്ടത്തിലേക്കെത്തിയത്. 150 ന് മേൽ സ്ട്രൈക്ക് റേറ്റിൽ 1500 റൺസ് നേടുന്ന ആദ്യ താരം എന്ന റെക്കോഡും സൂര്യകുമാർ തൻ്റെ പേരിലാക്കി.
Also Read: Ind vs SL : രാജ്കോട്ടിൽ സൂര്യതാണ്ഡവം; ലങ്കയ്ക്കെതിരെ സൂര്യകുമാർ യാദവിന് 45 പന്തിൽ സെഞ്ചുറി
45 അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ നിന്ന് 46.41 ശരാശരിയിലാണ് സൂര്യകുമാർ 1578 റൺസ് നേടിയത്. 43 ഇന്നിങ്സിൽ നിന്ന് മൂന്ന് സെഞ്ച്വറികളും 13 അർധ സെഞ്ച്വറികളും ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 2022ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 117 റൺസാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
അന്താരാഷ്ട്ര ടി-20ൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും സൂര്യകുമാർ സ്വന്തമാക്കി. വെറും 45 പന്തിൽ നിന്നാണ് സൂര്യകുമാർ 100 തികച്ചത്. 2017ൽ ശ്രീലങ്കക്കെതിരെ 35 പന്തിൽ സെഞ്ച്വറി അടിച്ച നായകൻ രോഹിത് ശർമയാണ് ഒന്നാം സ്ഥാനത്ത്. അന്താരാഷ്ട്ര ടി-20ൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയടിച്ച താരങ്ങളിൽ രണ്ടാം സ്ഥാനവും സ്കൈ നേടി. നാല് സെഞ്ച്വറികളുമായി നായകൻ രോഹിത് ശർമയാണ് അവിടെയും മുന്നിൽ. മൂന്ന് സെഞ്ച്വറികളുമായി രണ്ടാം സ്ഥാനത്ത് സൂര്യകുമാറിനോടൊപ്പം ഓസീസ് താരം ഗ്ലെൻ മാക്സ്വെൽ, ന്യൂസിലൻഡ് താരം കോളിൻ മുൺറോ എന്നിവരുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...