ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റന്‍?
ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമില്‍ പരാജയത്തിന് പിന്നാലെ ഉള്‍പ്പോരും രൂക്ഷമായതായി റിപ്പോര്‍ട്ട്.
മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമില്‍ പരാജയത്തിന് പിന്നാലെ ഉള്‍പ്പോരും രൂക്ഷമായതായി റിപ്പോര്‍ട്ട്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലും രണ്ട് ചേരികള്‍ ടീമിനുള്ളില്‍ രൂപപ്പെട്ടതായാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. അതുകൂടാതെ, മുഖ്യ പരിശീലകന് രവി ശാസ്ത്രിയുടേയും ക്യാപ്റ്റന്‍ കോഹ്ലിയുടേയും ഇഷ്ടക്കാര്‍ക്ക് ടീമില്‍ ഇടം ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും പറയപ്പെടുന്നു.
ലോകകപ്പ് സെമിയില്‍ നേടിയ പരാജയത്തിനുശേഷം ലോകകപ്പില്‍ എടുത്ത പല തീരുമാനങ്ങളും ശാസ്ത്രിയുടേയും കോഹ്ലിയുടെയും മാത്രമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും പല തീരുമാനങ്ങള്‍ക്കും വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ഇപ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലി പരാജയമാണെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യം ഉയര്‍ന്നിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, വരാനിരിക്കുന്ന പരമ്പരകള്‍ക്കായി ക്യാപ്റ്റനെ മാറ്റണമോ, പകരം രോഹിത് ശര്‍മ്മയെ ക്യാപ്റ്റനായി നിയമിക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഒരു ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയിരുന്നു. അതായത്, വരാനിരിക്കുന്ന ഏകദിന പരമ്പരകള്‍ രോഹിത് ശര്‍മ്മ ടീമിനെ നയിക്കുമെന്നും, ടെസ്റ്റ്പരമ്പര വിരാട് കോഹ്ലി നയിക്കുമെന്നുമുള്ള സൂചനയാണ് അദ്ദേഹം നല്‍കിയത്.
അതേസമയം, വിരാട് കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ നായകനാക്കണമെന്നും മുന്‍ താരവും രഞ്ജി ട്രോഫിയിലെ റിക്കാര്‍ഡ് നേട്ടക്കാരനുമായ വസീം ജാഫര്‍. ട്വിറ്ററിലൂടെയാണ് ജാഫര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കോഹ്ലിയെ മാറ്റി രോഹിത്തിനെ ഏകദിന ക്യാപ്റ്റനാക്കണം. 2023 ഏകദിന ലോകകപ്പില്‍ രോഹിത്താകണം ഇന്ത്യയെ നയിക്കേണ്ടത്'- വസീം ജാഫര്‍ ട്വീറ്റ് ചെയ്തു.