Indonesia Stampede : ഇന്തൊനീഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ തിക്കിലും തിരക്കിലുപ്പെട്ട് 127 പേർ മരിച്ചു; 180 പേർക്ക് പരിക്ക്
അപകടത്തെ തുടർന്ന് 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്തൊനീഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ മരിച്ചു. ഇന്തൊനീഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. ഫുട്‌ബോൾ മത്സരത്തിന് ശേഷം മത്സരം കാണാനെത്തിയവർ മൈതാനത്തിലേക്ക് ഇറങ്ങിയതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഭവം നടന്നത്.
മത്സരത്തിൽ പെർസെബയ സുരബായ ടീം 3 - 2 ന് വിജയിച്ചിരുന്നു. മത്സരത്തിന് ശേഷം മത്സരത്തിൽ തോറ്റ അരേമ എഫ്സി ടീമിന്റെ ആരാധകർ രോക്ഷാകുലരായ മൈതാനത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ അക്രമവും അഴിച്ച് വിട്ടിരുന്നു. ആരാധകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം ഉപയോഗിക്കുകയും ചെയ്തു. കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടിയാണ് കൂടുതൽ ആളുകളും മരിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
പെർസെബയ 3-2ന് വിജയിച്ച മത്സരത്തെ തുടർന്നുണ്ടായ അപകടത്തെ തുടർന്ന് ഇന്തോനേഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ 1 മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിരത്തി വെച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇന്തോനേഷ്യയിലെ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ഇന്തൊനീഷ്യയിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്തോനേഷ്യയിൽ ഫുട്ബോൾ ക്ലബ്ബുകൾ തമ്മിലുള്ള ശക്തമായ മത്സരം പലപ്പോഴും ആരാധകർ തമ്മിലുള്ള സംഘടനത്തിന് കാരണമാകാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...