ഇന്‍ഡോര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് അടിച്ചെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓപ്പണര്‍ ലോകേഷ് രാഹുലിന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയാണ് പഞ്ചാബിന് സീസണിലെ ആറാം ജയം സമ്മാനിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 10 ഓവറില്‍ രണ്ട് വിക്കറ്റിന് 81 റണ്‍സുണ്ടായിരുന്ന രാജസ്ഥാന്‍ അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ബട്ട്‌ലറുടെ(51) അര്‍ദ്ധ സെഞ്ചുറി മാത്രമാണ് രാജസ്ഥാന് ആശ്വസിക്കാനുള്ളത്. പഞ്ചാബിനായി മുജാബ് റഹ്മാന്‍ മൂന്നും ടൈ രണ്ടും വിക്കറ്റ് വീഴ്ത്തി.


അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്തിയ ശ്രേയാസ് ഗോപാലാണ് രാജസ്ഥാനെ 150 കടത്തിയത്. സഞ്ജു സാംസണ്‍(28), ബെന്‍സ്റ്റോക്സ്(12), രാഹുല്‍ ത്രിപാഠി(11) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. നായകന്‍ അജിങ്ക്യ രഹാനെ അഞ്ച് റണ്‍സെടുത്തും ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ട് രണ്ട് റണ്‍സുമായും പുറത്തായി.


മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ തുടക്കത്തതില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കായി. സ്കോര്‍ ബോര്‍ഡില്‍ 29 തികയ്ക്കുമ്പോഴേക്കും ഗെയ്‌ലും അഗര്‍വാളും പുറത്ത്. ആര്‍ച്ചറിനും സ്റ്റോക്സിനുമായിരുന്നു വിക്കറ്റ്. എന്നാല്‍ ലോകേഷ് രാഹുലിനെ കൂട്ടുപിടിച്ച് കരുണ്‍ നായര്‍ സ്കോറുയര്‍ത്തി. 11മത്തെ ഓവറില്‍ കരുണ്‍ നായരും പിന്നാലെ അക്ഷാര്‍ പട്ടേലും മടങ്ങി.


അവസാന അഞ്ച് ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 51 റണ്‍സ് വേണമായിരുന്നു. കരുതലോടെ കളിച്ച രാഹുല്‍ 44 പന്തില്‍ ആര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അമ്പത് പിന്നിട്ട ശേഷം രാഹുല്‍ വിശ്വരൂപം കാട്ടുന്നതാണ് ഇന്‍ഡോറില്‍ കണ്ടത്. അതോടെ ഒരുവേള കിതച്ച പഞ്ചാബ് അനായാസ ജയം സ്വന്തമാക്കി. രാഹുല്‍ 54 പന്തില്‍ 84 റണ്‍സും സ്റ്റോയിണിസ് 16 പന്തില്‍ 23 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.