മുംബൈ : പഞ്ചാബ് കിങ്സിനെതിരായുള്ള മത്സരത്തിന് മുന്നോടിയായി മറ്റൊരു ഡൽഹി ക്യാപിറ്റൽസ് താരത്തിനും കൂടി കോവിഡ് സ്ഥിരീകരിച്ചു. ന്യൂസിലാൻഡിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്ററായ ടിം സെയ്ഫേർട്ടിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് പിടിഐ റിപ്പോർട്ട്. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശോധനയിൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സ് മത്സരം മാറ്റിവെച്ചേക്കുമെന്നായിരുന്നു നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഒരു താരത്തിന് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഇന്നത്തെ മത്സരം മാറ്റിവെക്കില്ലയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കോവിഡ് സ്ഥിരീകരിച്ച കിവീസ് താരം മറ്റ് ഡിസി താരങ്ങൾക്കൊപ്പം പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. ഇതെ കാരണത്താൽ ഇന്നത്തെ ഐപിഎൽ മത്സരം നടക്കുമോ എന്ന് അനിശ്ചിതത്വം നിലനിൽക്കുകയാണ്.


ALSO READ : IPL 2022 : കോവിഡ് ആശങ്കയിൽ ഐപിഎല്ലിൽ ഇന്ന് ഡൽഹി-പഞ്ചാബ് പേരാട്ടം; മത്സരത്തിന് മുന്നോടിയായി താരങ്ങളുടെ പരിശോധനാഫലം നിർണായകം


ഡിസിയുടെ മിച്ചൽ മാർഷ് ഉൾപ്പെടെ ഡൽഹി ക്യാമ്പിലെ അഞ്ച് പേർക്കാണ് കോവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നത്. ടീമിന്റെ ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 16ന് സ്‌പോര്‍ട്‌സ് മസാജ് തെറാപ്പിസ്റ്റിനും രോഗം ബാധിച്ചു. ഓസ്ട്രേലിയൻ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ടീം ഡോക്‌ടറായ അഭിജിത്ത് സാല്‍വി, സോഷ്യല്‍ മീഡിയ കണ്ടന്‍റ്  ടീം മെമ്പറായ ആകാശ് മാനെ എന്നിവര്‍ക്കും ഏപ്രില്‍ 18ന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരെ പ്രത്യേകം മാറ്റി പാർപ്പിച്ചിരിക്കുകയാണ്.


ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൂണെ വെച്ച് നടക്കേണ്ട ഡൽഹി പഞ്ചാബ് മത്സരം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. മിച്ചൽ മാർഷിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐപിഎൽ സംഘാടക സമിതി ഡൽഹി ടീമിനോട് മുംബൈയിൽ തന്നെ തുടരാൻ നിർദേശിച്ചിരുന്നു.


ALSO READ : IPL 2022 : ഡൽഹി ക്യാപിറ്റൽസ് താരത്തിന് കോവിഡ്; ഐപിഎൽ ടൂർണമെന്റ് വീണ്ടും നിർത്തിവെക്കുമോ?


ഏപ്രില്‍ 15 മുതല്‍ എല്ലാ ദിവസവും ഡല്‍ഹി ടീം അംഗങ്ങള്‍ക്ക് RT-PCR പരിശോധന നടത്തുന്നുണ്ട്. ഏപ്രിൽ 18 തിങ്കളാഴ്‌ച രാവിലെ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ പരിശോധനയിലാണ്  മിച്ചൽ മാർഷിന് കോവി‍ഡ് കണ്ടെത്തിയത്. തുടർന്ന് നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ചെങ്കിലും RT-PCR പരിശോധനയില്‍ ആദ്യം നെഗറ്റീവായിരുന്നു. തുടർന്ന്, വൈകിട്ടോടെ മിച്ചൽ മാര്‍ഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവായി എന്ന് ടീം ഔദ്യോഗികമായി അറിയിച്ചു.


കഴിഞ്ഞ സീസണിൽ ഇത്തരത്തിൽ രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഐപിഎൽ 2021 താൽക്കാലികമായി നിർത്തിവെച്ചത്. തുടർന്ന് നാല് മാസങ്ങൾക്ക് ശേഷം യുഎഇയിൽ വെച്ച് ടൂർണമെന്റ് പൂർത്തിയാക്കുകയായിരുന്നു. 2020 സീസൺ മുഴുവനും യുഎഇയിൽവെച്ചായിരുന്നു സംഘടിപ്പിച്ചത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.