IPL 2022: ഹാർദ്ദിക് അർധസെഞ്ചുറി അടിച്ചാൽ ജോലി രാജിവയ്ക്കും, വൈറലായി പോസ്റ്റർ
കഴിഞ്ഞ ദിവസത്തെ ഐപിഎൽ മത്സരത്തിനിടെ വൈറലായത് ഒരു പോസ്റ്ററും അതുമായി നിന്ന ഒരാളുമാണ്. `ഹാർദ്ദിക് പാണ്ഡ്യ അർധ സെഞ്ചുറി നേടിയാൽ ഞാൻ ജോലി രാജിവയ്ക്കും` എന്നായിരുന്നു ആ പോസ്റ്ററിൽ എഴുതിയിരുന്നത്.
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടിയത്. മുംബൈ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ആദ്യ തോൽവി നേരിടേണ്ടി വന്നു. എട്ട് വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഗുജറാത്തിനെ പരാജയപ്പെടുത്തിയത്. എന്നാൽ ഈ മത്സരത്തിനിടെ വൈറലായ ഒരു സംഭവമുണ്ട്. ഗ്യാലറിയിൽ കളി കാണാനെത്തിയ ഒരാളുടെ കയ്യിലുണ്ടായിരുന്ന പോസ്റ്ററാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
"ഹാർദിക് പാണ്ഡ്യ ഫിഫ്റ്റി നേടിയാൽ ഞാൻ ജോലി ഉപേക്ഷിക്കും"
ഗുജറാത്തിന്റെ ബാറ്റിംഗ് സമയത്ത് ഗ്യാലറിയിലുണ്ടായിരുന്ന ആളുടെ കയ്യിലെ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്. 'ഹാർദ്ദിക് പാണ്ഡ്യ അർധ സെഞ്ചുറി നേടിയാൽ ഞാൻ ജോലി രാജിവയ്ക്കും' എന്നായിരുന്നു ആ പോസ്റ്ററിൽ എഴുതിയിരുന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനാണ് ഹാർദ്ദിക്. പറഞ്ഞത് പോലെ തന്നെ ഹാർദ്ദിക് ഇന്നലത്തെ മത്സരത്തിൽ അർധ സെഞ്ചുറി നേടി. ഹാർദ്ദിക് ഒരു മനുഷ്യനെ തൊഴിൽ രഹിതനാക്കി എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. ഏതായാലും പോസ്റ്റർ സമൂഹ മാധ്യമത്തിൽ വൈറലായി കഴിഞ്ഞു.
ഈ മത്സരത്തിൽ 42 പന്തിൽ 50 റൺസുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. നാല് ഫോറും ഒരു സിക്സും ഹാർദ്ദിക് എടുത്തു. യുവ ബാറ്റ്‌സ്മാൻ അഭിനവ് മനോഹർ 21 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 35 റൺസ് നേടി മികച്ച രീതിയിൽ കളിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നായകൻ ഹാർദ്ദിക് പാണ്ഡ്യയുടെ അർധ സെഞ്ചുറി മികവിൽ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു.
മറുപടി ബാറ്റിംഗിൽ 5 പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് ലക്ഷ്യം കണ്ടു. ഹൈദരാബാദ് നിരയിൽ ക്യാപ്ടൻ വില്യംസൺ 57 റൺസും അഭിഷേക് ശർമ 42 റൺസും നേടി. നിക്കോളാസ് പുരാൻ 18 പന്തിൽ 34 റൺസുമായി പുറത്താകാതെ നിന്നു. കെയ്ൻ വില്യംസണാണ് പ്ലെയർ ഓഫ് ദി മാച്ച്. ഭുവനേശ്വർ കുമാറും ടി നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സീസണിൽ ഹൈദരാബാദിന്റെ രണ്ടാം ജയമാണിത്. ഏപ്രിൽ 15 ന് കൊൽക്കത്തക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA