ജയ്പൂര്‍: ഐപിഎല്ലിന്റെ 17-ാം സീസണ്‍ മികച്ച മത്സരങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്. ഇതിനോടകം തന്നെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍ ഐപിഎല്ലില്‍ നടന്നു കഴിഞ്ഞു. ഹെന്‍ റിച്ച് ക്ലാസന്‍, വിരാട് കോഹ്ലി, അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ആരാധകരെ അമ്പരപ്പിക്കുകയാണ്. ഇവര്‍ക്കിടയിലേയ്ക്ക് ഇനി ഒരു പേര് കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ് - റിയാന്‍ പരാഗ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ സീസണുകളിലെല്ലാം രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്ന റിയാന്‍ പരാഗിന് ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. പരാഗ് ടീമിന് ഭാരമാണെന്നും എന്തിനാണ് ഇത്രയേറെ അവസരങ്ങള്‍ കൊടുക്കുന്നതെന്നും ആരാധകര്‍ക്കിടയില്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പരാഗ് പുറത്തെടുത്ത പ്രകടനം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.


ALSO READ: ഐപിഎല്ലിൽ റെക്കോർഡ് നേട്ടവുമായി ഹൈദരാബാദ്; തകർത്തെറിഞ്ഞത് ആർസിബിയുടെ 11 വർഷം മുമ്പുള്ള നേട്ടം


ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച ബൗളിംഗാണ് കാഴ്ചവെച്ചത്. അപകടകാരികളായ യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ അതിവേഗം മടങ്ങിയപ്പോള്‍ നേരത്തെ കളത്തിലിറങ്ങാന്‍ പരാഗിന് അവസരം ലഭിക്കുകയായിരുന്നു. മെല്ലെ തുടങ്ങിയ പരാഗ് അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി മാറി. ഡല്‍ഹിയുടെ കുന്തമുനയായ ആന്‍ റിച്ച് നോര്‍ക്കിയയുടെ അവസാന ഓവറില്‍ മാത്രം 25 റണ്‍സാണ് പരാഗ് അടിച്ചു കൂട്ടിയത്. നോര്‍ക്കിയയുടെ ആദ്യ 5 പന്തില്‍ 3 ബൗണ്ടറികളും 2 സിക്‌സറുകളുമാണ് പരാഗ് പായിച്ചത്. 


ഒരു ഘട്ടത്തില്‍ 150 റണ്‍സ് പോലും നേടാനാകില്ലെന്ന് കരുതിയിടത്ത് നിന്ന് രാജസ്ഥാനെ 185 എന്ന മികച്ച സ്‌കോറിലേയ്ക്ക് നയിച്ചത് പരാഗിന്റെ പ്രകടനമായിരുന്നു. 45 പന്തില്‍ നിന്ന് 7 ബൗണ്ടറികളും 6 സിക്‌സറുകളും സഹിതം 84 റണ്‍സ് നേടിയ പരാഗ് പുറത്താകാതെ നിന്നു. 19 പന്തില്‍ 29 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിനും 12 പന്തില്‍ 20 റണ്‍സ് നേടിയ ധ്രുവ് ജുറെലും പരാഗിന് മികച്ച പിന്തുണ നല്‍കി. 


മറുപടി ബാറ്റിംഗില്‍ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം നല്‍കി. വാര്‍ണര്‍ 34 പന്തില്‍ 49 റണ്‍സ് നേടി. നായകന്‍ റിഷഭ് പന്തിന് തിളങ്ങാനാകാതെ പോയതാണ് ഡല്‍ഹിയ്ക്ക് തിരിച്ചടിയായത്. 26 പന്തുകള്‍ നേരിട്ട പന്തിന് 28 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. അവസാന നിമിഷം വരെ പോരാടിയ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ പ്രകടനം ശ്രദ്ധേയമായി. 23 പന്തുകള്‍ നേരിട്ട സ്റ്റബ്‌സ് 44 റണ്‍സുമായി പുറത്താകാതെ നിന്നു. 


അവാസന ഓവറില്‍ എന്തും സംഭവിക്കാമെന്നിരിക്കെ സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിന് പകരം ആവേശ് ഖാനെ പന്തേല്‍പ്പിച്ച സഞ്ജുവിന്റെ തീരുമാനവും കയ്യടി നേടി. 186 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 173 റണ്‍സില്‍ അവസാനിച്ചു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച റിയാന്‍ പരാഗാണ് കളിയിലെ താരം.


അതേസമയം, 2 മത്സരങ്ങളില്‍ രണ്ടിലും വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച 2 മത്സരങ്ങളിലും പരാജയപ്പെട്ട ഡല്‍ഹി 8-ാം സ്ഥാനത്തേയ്ക്ക് വീണു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.