IPL 2024; കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലേടാ? `ജയിച്ച` കളി തോറ്റു, കാരണം സഞ്ജുവിന്റെ ഈ തീരുമാനങ്ങള്‍!
IPL 2024, RR vs GT scorecard: അവസാന 5 ഓവറിലെ സഞ്ജുവിന്റെ തീരുമാനങ്ങളും ബൗളിംഗ് നിരയുടെ മോശം പ്രകടനവും കാരണം രാജസ്ഥാന് വലിയ വിലയാണ് നൽകേണ്ടി വന്നത്.
ജയ്പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് ഗുജറാത്തിനെതിരെ ഇറങ്ങിയ രാജസ്ഥാന് തിരിച്ചടിയായത് നായകന്‍ സഞ്ജു സാംസന്റെ തീരുമാനങ്ങള്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ നേടുകയും ഗുജറാത്ത് ബാറ്റിംഗ് നിരയെ വെള്ളം കുടിപ്പിക്കുകയും ചെയ്തിട്ടും രാജസ്ഥാന്‍ പരാജയപ്പെട്ടു എന്നത് ആരാധകര്‍ക്ക് പോലും വിശ്വസിക്കാനായിട്ടില്ല. മത്സരത്തില്‍ നിര്‍ണായകമായ അവസാന 5 ഓവറിലെ സഞ്ജുവിന്റെ തീരുമാനങ്ങളും ബൗളിംഗ് നിരയുടെ മോശം പ്രകടനവും രാജസ്ഥാന് തിരിച്ചടിയായി.
197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് അവസാന 5 ഓവറില്‍ 73 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 16-ാം ഓവറില്‍ 13 റണ്‍സ് വഴങ്ങിയെങ്കിലും തകര്‍പ്പന്‍ ഫോമിലായിരുന്ന നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ (72) വിക്കറ്റ് വീഴ്ത്താന്‍ യുസ്വേന്ദ്ര ചഹലിന് കഴിഞ്ഞു. ഗില്‍ പുറത്തായതോടെ മത്സരം ഏറെക്കുറെ വിജയിച്ചു കഴിഞ്ഞു എന്ന് ആരാധകര്‍ പോലും കണക്കുകൂട്ടി. എന്നാല്‍, ഗുജറാത്ത് കളി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
ALSO READ: പന്തിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കെത്തിക്കാൻ നീക്കം; സഞ്ജുവിന് പരിഗണന പോലുമില്ല
പവര്‍ പ്ലേയില്‍ രണ്ടോവറില്‍ വെറും 8 റണ്‍സ് മാത്രം വിട്ടുകൊടുത്ത ട്രെന്‍ഡ് ബോള്‍ട്ടിന് പകരം 17-ാം ഓവര്‍ രവിചന്ദ്രന്‍ അശ്വിന് നല്‍കാനുള്ള സഞ്ജുവിന്റെ തീരുമാനം പാളി. ഷാറൂഖ് ഖാനും രാഹുല്‍ തെവാതിയയും ചേര്‍ന്ന് 17 റണ്‍സാണ് ഈ ഓവറില്‍ അടിച്ചെടുതത്ത്. ഷാറൂഖ് ഖാന്‍ അശ്വിനെതിരെ ഒരു സിക്‌സറും ഫോറും നേടി. ഇതോടെ രാജസ്ഥാന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായി.
18-ാം ഓവറില്‍ വെറും 7 റണ്‍സ് മാത്രം വഴങ്ങിയ ആവേശ് ഖാന്‍ അപകടകാരിയായ ഷാറൂഖ് ഖാനെ മടക്കി അയച്ച് വീണ്ടും രാജസ്ഥാനെ മത്സരത്തിലേയ്ക്ക് തിരികെ എത്തിച്ചു. എന്നാല്‍, അവസാന ഓവറുകളില്‍ ഏത് ബൗളിംഗ് നിരയ്ക്കും വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള രാഹുല്‍ തെവാതിയയും റാഷിദ് ഖാനും ക്രീസില്‍ ഒന്നിച്ചതോടെ സീന്‍ മാറി. ഈ സമയം അവസാന 2 ഓവറില്‍ 35 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
19-ാം ഓവറായിട്ടും രണ്ട് ഓവര്‍ ബാക്കിയുണ്ടായിരുന്ന ട്രെന്‍ഡ് ബോള്‍ട്ടിനെ പന്ത് ഏല്‍പ്പിക്കാന്‍ സഞ്ജു തയ്യാറായില്ല. പകരം, 3 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്നില്‍ സഞ്ജു വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. രണ്ട് വൈഡുകളും ഒരു നോബോളും ഉള്‍പ്പെടെ 20 റണ്‍സാണ് കുല്‍ദീപ് സെന്‍ ഈ ഓവറില്‍ വഴങ്ങിയത്. 3 ബൗണ്ടറികളാണ് ഈ ഓവറില്‍ തെവാതിയയും റാഷിദ് ഖാനും ചേര്‍ന്ന് അടിച്ചെടുത്തത്.
18-ാം ഓവര്‍ മികച്ച രീതിയില്‍ എറിഞ്ഞ ആവേശ് ഖാനെ തന്നെ അവസാന ഓവര്‍ ഏല്‍പ്പിക്കാനായിരുന്നു സഞ്ജുവിന്റെ തീരുമാനം. അവസാന മത്സരങ്ങളില്‍ ഡെത്ത് ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ആവേശ് ഖാനെ 20-ാം ഓവര്‍ ഏല്‍പ്പിക്കാനുള്ള തീരുമാനം ന്യായമായിരുന്നു. അവസാന 6 പന്തില്‍ 15 റണ്‍സായിരുന്നു ഗുജറാത്തിന്റെ വിജയലക്ഷ്യം.
ആദ്യ പന്ത് തന്നെ റാഷിദ് ഖാന്‍ ബൗണ്ടറി കടത്തിയതോടെ ആവേശ് ഖാന്‍ സമ്മര്‍ദ്ദത്തിലായി. പിന്നീട് യോര്‍ക്കറുകള്‍ മറന്ന, ലൈനും ലെംഗ്തും നഷ്ടമായ ആവേശ് ഖാനെയാണ് കാണാനായത്. മൂന്നാം പന്ത് വൈഡ് യോര്‍ക്കര്‍ പരീക്ഷിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ റാഷിദിന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടി ബൗണ്ടറിയായി. ഇതോടെ വിജയലക്ഷ്യം 3 പന്തില്‍ 5 റണ്‍സിലേയ്ക്ക് എത്തി. അടുത്ത പന്തില്‍ സിംഗിള്‍. നാലാം പന്തില്‍ 3 റണ്‍സ് എടുക്കാനുള്ള ശ്രമത്തിനിടെ തെവാതിയ റണ്ണൗട്ടായി. അവസാന പന്തില്‍ 2 റണ്‍സ് വേണ്ടിയിരുന്ന സാഹചര്യത്തില്‍ ബൗണ്ടറിയിലൂടെ റാഷിദ് ഖാന്‍ ഗുജറാത്തിനെ വിജയിപ്പിച്ചു.
മത്സരത്തില്‍ ആകെ 7 വൈഡുകളും ഒരു നോബോളും എറിഞ്ഞ ബൗളര്‍മാരുടെ മോശം ബൗളിംഗ് പ്രകടനവും രാജസ്ഥാന് തിരിച്ചടിയായി. നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറച്ച് എറിഞ്ഞ രാജസ്ഥാന് അവസാന ഓവറില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമാണ് ബൗണ്ടറി ലൈനില്‍ നിര്‍ത്താനായത്. കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ നായകൻ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ ലഭിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.