IPL Auction 2025: 10 ടീമുകൾ 577 കളിക്കാർ; മെഗാ താരലേലത്തിന് ഇന്ന് തുടക്കം, ഋഷഭ് പന്ത് റെക്കോർഡ് തകർക്കുമോ?
IPL Auction 2025: 25 മുതൽ 30 കോടി രൂപ വരെ ഋഷഭ് പന്തിന് ലഭിച്ചേക്കുമെന്നാണ് വിവരം.
ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഐപിഎൽ താരലേലത്തിന് സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ന് തിരി തെളിയും. നവംബർ 24, 25 തീയതികളിലായി ജിദ്ദയിലെ അബാദേയ് അൽ ജോഹർ തിയറ്ററിലാണ് ഇത്തവണ ലേലം. ഇന്ത്യക്ക് പുറത്ത് നടക്കുന്ന രണ്ടാമത്തെ താരലേലമാണിത്.
ഉച്ചയ്ക്ക് 3.30 മുതൽ 5 വരെ, 5.45 മുതൽ രാത്രി 10.30 വരെ എന്നിങ്ങനെ രണ്ട് ഘട്ടമായിട്ടാണ് ലേലം നടക്കുന്നത്. ലേലത്തിലെ പ്രായമേറിയ താരമായ 42 വയസുള്ള ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സനും ബിഹാറിന്‍റെ പതിമൂന്നു വയസുകാരൻ വൈഭവ് സൂര്യവംശിയും താരലേലത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങളാണ്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും ഐപിഎൽ താരലേലം തത്സമയം സംപ്രേക്ഷണം ചെയ്യും.
ഏറ്റവും വിലയേറിയ താരം ആരാകുമെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കും ആ സൂപ്പർ താരമെന്നാണ് സൂചനകൾ. 25 മുതൽ 30 കോടി രൂപ വരെ ഋഷഭ് പന്തിന് ലഭിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞതവണ മിച്ചൽ സ്റ്റാർക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെലവിട്ട 24.75 കോടി രൂപയുടെ റെക്കോഡ് തിരുത്തി കുറിക്കുമോ എന്നാണിനി അറിയാനുള്ളത്.
577 താരങ്ങളാണ് മെഗാലേലത്തിന് ഉണ്ടാവുക.10 ടീമുകളിലായി 70 വിദേശികൾ അടക്കം 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക. ഓരോ ഐപിഎല്‍ ടീമിനും ലേലത്തിന്റെ അവസാനം അവരുടെ പട്ടികയില്‍ കുറഞ്ഞത് 18 കളിക്കാരെങ്കിലും വേണം. ഒരു ടീമിന് നിലനിർത്തിയവരെ അടക്കം 25 താരങ്ങളെ വരെ ടീമിലെടുക്കാം. ഓരോ ടീമിനും 120 കോടിയാണ് ചെലവിടാൻ കഴിയുന്നത്.
Read Also: വയനാടിന്റെ ശബ്ദമാകാൻ പ്രിയങ്ക ഗാന്ധി; സത്യപ്രതിജ്ഞ നാളെ
110 കോടി രൂപ കൈവശമുള്ള പഞ്ചാബ് കിങ്സിന് ലേലത്തിൽ മേൽക്കൈയുണ്ട്. 41 കോടിയുള്ള രാജസ്ഥാൻ റോയൽസാണ് ഏറ്റവും കുറവ് ലേല തുക കൈവശമുള്ള ടീം.
ഉയർന്ന അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കെ എൽ രാഹുൽ, അർഷ്ദീപ് സിംഗ്, യുസ്‍വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, മിച്ചൽ സ്റ്റാർക്, ജോസ് ബട്‍ലർ, ലിയം ലിവിംഗ്സ്റ്റൺ, ഡേവിഡ് മില്ലര്‍, കാഗിസോ റബാഡ എന്നീ 12 മാർക്വീ താരങ്ങൾ ഉൾപ്പടെ 81 പേർ രണ്ട് കോടി പട്ടികയിൽ ഇടംപിടിച്ചു. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 27 താരങ്ങളും ഒന്നേകാൽ കോടി അടിസ്ഥാന വിലയുള്ള 18 താരങ്ങളും ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 23 താരങ്ങളുമുണ്ട്. രണ്ട് ഗ്രൂപ്പുകളിലുള്ള ആറ് വീതം മാർക്വീ താരങ്ങളുടെ ലേലമാണ് ആദ്യം നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.