IPL | ഹൈദരാബാദിനെതിരെ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുത്തു
ചുരുങ്ങിയത് 171 റൺസിനെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാലേ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫിൽ പ്രവേശിക്കാൻ സാധിക്കൂ.
അബുദബി: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിങ് തെരഞ്ഞെടുത്തു. ചുരുങ്ങിയത് 171 റൺസിനെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാലേ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫിൽ പ്രവേശിക്കാൻ സാധിക്കൂ.
സൺറൈസേഴ്സിന് പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിരുന്നു. അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ്. മുംബൈയും സൺറൈസേഴ്സും ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈ 13 റൺസിന് ഹൈദരാബാദിനെ തോൽപ്പിച്ചിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 17 തവണയാണ് മുംബൈയും ഹൈദരാബാദും ഏറ്റുമുട്ടിയത്. ഇതിൽ ഒമ്പത് തവണ മുംബൈയും എട്ട് തവണ ഹൈദരാബാദും വിജയം നേടി. നിലവിൽ പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസ് ആറാം സ്ഥാനത്താണ്. എട്ടാം സ്ഥാനത്താണ് സൺറൈസേഴ്സ് ഹൈദരാബാദ്.
രണ്ട് മാറ്റങ്ങളാണ് മുംബൈ ഇന്ത്യൻസിലുള്ളത്. പീയുഷ് ചൗളയും ക്രുനാൽ പാണ്ഡ്യയും മടങ്ങിയെത്തി. ഹൈദരാബാദിൽ നായകൻ കെയ്ൻ വില്യംസൺ കളിക്കുന്നില്ല. മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ. ഭുവനേശ്വർ കുമാറും ഹൈദരാബാദ് ടീമിൽ ഇല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...