IPL 2023: ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; ചെന്നൈയും ഗുജറാത്തും നേർക്കുനേർ
CSK vs GT predicted 11: ആദ്യ ക്വാളിഫയറിൽ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തുമ്പോൾ പരാജയപ്പെടുന്ന ടീം രണ്ടാം ക്വാളിഫയറിന് വേണ്ടി കാത്തിരിക്കേണ്ടി വരും.
ഐപിഎല്ലിൽ ഇന്ന് ചാമ്പ്യൻമാരുടെ പോരാട്ടം. നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്‌സ് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
മാർച്ച് 31ന് ആരംഭിച്ച ഐപിഎൽ 16-ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും ഗുജറാത്തുമായിരുന്നു ഏറ്റുമുട്ടിയത്. ഈ മത്സരത്തിൽ ഗുജറാത്തിനായിരുന്നു വിജയം. ഇന്ന് ആദ്യ ക്വാളിഫയറിൽ ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. ആദ്യം നേരിട്ട തോൽവിയ്ക്ക് പകരം വീട്ടി കലാശപ്പോരിന് തയ്യാറെടു്കാനാകും ധോണിയുടെയും സംഘത്തിന്റെയും ശ്രമം.
നിർണായകമായ പോരാട്ടത്തിൽ ഇരു ടീമുകളുടെയും 'പ്ലേയിംഗ് ഇലവൻ' എങ്ങനെയായിരിക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈയ്ക്ക് ഓൾ റൗണ്ടർ ബെൻ സ്‌റ്റോക്‌സിന്റെ സേവനം നഷ്‌ടമാകും. ഈ സീസണിലെ ഭൂരിഭാഗം സമയത്തും സ്റ്റോക്‌സ് പരിക്കിന്റെ പിടിയിലായിരുന്നു. കൂടാതെ ഈ സീസണിൽ ചെന്നൈയ്ക്ക് വേണ്ടി സ്റ്റോക്സ് വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ.
ശ്രീലങ്കൻ താരങ്ങളായ മഹീഷ് തീക്ഷണയും മതീശ പതിരണയും ഈ വർഷം ചെന്നൈയിലെത്തിയതോടെ മിക്ക മത്സരങ്ങളിലും ധോണി സമാനമായ പ്ലേയിംഗ് 11നെയാണ് നിലനിർത്തിയിട്ടുള്ളത്. 14 മത്സരങ്ങളിൽ 9 തവണയും തന്റെ ടീമിൽ മാറ്റം വരുത്താൻ ധോണി തയ്യാറായില്ല. മൊയീൻ അലി, രവീന്ദ്ര ജഡേജ, തീക്ഷണ എന്നിങ്ങനെ മൂന്ന് സ്പിന്നർമാരെ ചെന്നൈ ടീമിൽ പ്രതീക്ഷിക്കാം. അതിനാൽ ചെന്നൈ ടീമിൽ കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യതയില്ല. ഓപ്പണർമാരായ റുതുരാജ് ഗെയ്ക്വാദും ഡെവൺ കോൺവേയും നൽകുന്ന തകർപ്പൻ തുടക്കത്തിൽ തന്നെയാണ് ഇത്തവണയും ചെന്നൈ പ്രതീക്ഷ അർപ്പിക്കുന്നത്. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും അജിങ്ക്യ രഹാനെയും അമ്പാട്ടി റായിഡുവും നേതൃത്വം നൽകുന്ന പരിചയ സമ്പന്നമായ മധ്യനിരയും ചെന്നൈയ്ക്കുണ്ട്.
മറുവശത്ത്, കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യ ബൗൾ ചെയ്തിട്ടില്ല. കഴിഞ്ഞ സീസണിൽ, പ്രത്യേകിച്ച് രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ 2022 ഫൈനലിൽ പാണ്ഡ്യയുടെ ബൗളിംഗ് ഗുജറാത്തിന്റെ കിരീട നേട്ടത്തിൽ നിർണായകമായിരുന്നു. ഹാർദിക്കിന്റെ അഭാവം നികത്താൻ അൽസാരി ജോസഫിന് പകരം ശ്രീലങ്കൻ ഓൾ റൗണ്ടർ ദസുൻ ഷനകയെ ഗുജറാത്ത് ടീമിൽ ഉൾപ്പെടുത്തിയേക്കാനാണ് സാധ്യത.
സ്പിൻ ബൗളിംഗ് ആക്രമണത്തിന് റാഷിദ് ഖാനും രാഹുൽ തെവാതിയയും നേതൃത്വം നൽകും. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന അവസാന ലീഗ് മത്സരത്തിൽ കളത്തിലിറക്കിയ ബാറ്റിംഗ് ലൈനപ്പ് അതേപടി നിലനിർത്താനാണ് സാധ്യത. ഓപ്പണർ ശുഭ്മാൻ ഗിൽ ലീഗിൽ തുടർച്ചയായ സെഞ്ച്വറികളുമായി തകർപ്പൻ ഫോമിലാണ്, ഓൾ റൗണ്ടർ വിജയ് ശങ്കറിനും ഇത് മികച്ച സീസണായി മാറിക്കഴിഞ്ഞു.
സാധ്യതാ ടീം
ചെന്നൈ സൂപ്പർ കിംഗ്‌സ്: ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (C & WK), ദീപക് ചാഹർ, മഹേഷ് തീക്ഷണ, തുഷാർ ദേശ്‌പാണ്ഡെ, മതീശ പതിരണ.
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (WK), ഹാർദിക് പാണ്ഡ്യ (C), വിജയ് ശങ്കർ, ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, മോഹിത് ശർമ്മ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...