ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ജയത്തോടെ പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ എത്താമെന്നിരിക്കെ രണ്ടും കൽപ്പിച്ചാകും കോഹ്ലിയും സംഘവും ഇറങ്ങുക. മറുഭാഗത്ത് ജയത്തോടെ സ്ഥാനക്കയറ്റം സ്വപ്‌നം കണ്ടാണ് വാർണറും ടീമും എത്തുന്നത്. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

സീസണിൽ ഇതിന് മുമ്പ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരു 23 റൺസിന്റെ അനായാസ ജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിനോട് പകരം വീട്ടാനുള്ള മികച്ച അവസരമാണ് ഡൽഹിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതിനേക്കാളുപരി ഡൽഹിയ്ക്ക് 2 പോയിന്റുകൾ എന്നത് വളരെ നിർണായകമാണ്. പ്ലേ ഓഫിനുള്ള വിദൂര സാധ്യതയെങ്കിലും നിലനിർത്തണമെങ്കിൽ ഡൽഹിയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലുമാകില്ല. 


ALSO READ: ഐപിഎല്ലിൽ ഇന്ന് എൽ ക്ലാസിക്കോ; ചെപ്പോക്കിൽ ചെന്നൈയും മുംബൈയും ഏറ്റുമുട്ടും


നിലവിൽ 9 കളികളിൽ നിന്ന് 3 വിജയങ്ങൾ മാത്രം സ്വന്തമായുള്ള ഡൽഹി 6 പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. മറുഭാഗത്ത് 9 മത്സരങ്ങളിൽ 5 വിജയങ്ങൾ നേടിക്കഴിഞ്ഞ ബെംഗളൂരു ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പോയിന്റ് പട്ടികയിൽ നിലവിൽ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബെംഗളൂരു. ഇന്ന് ജയിക്കാനായാൽ ബെംഗളൂരുവിന് ആദ്യ നാലിൽ എത്താം. ലക്‌നൗവിനെതിരെ നടന്ന മത്സരത്തിലെ വാക്‌പോരിനും ഏറ്റുമുട്ടലുകൾക്കും ശേഷം വിരാട് കോഹ്ലി കളത്തിലിറങ്ങുന്നു എന്ന സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്. 


കെ ജി എഫ് എന്ന് അറിയപ്പെടുന്ന കോഹ്ലി, ​ഗ്ലെൻ മാക്സ്വെൽ, ഫാഫ് ഡുപ്ലസി എന്നിവരിലാണ് ബെം​ഗളൂരുവിന്റെ പ്രതീക്ഷ. വനിന്ദു ഹസറം​ഗയും മുഹമ്മദ് സിറാജും നേതൃത്വം നൽകുന്ന ബൗളിം​ഗ് നിരയും താളം കണ്ടെത്തി കഴിഞ്ഞു. മധ്യ നിരയിലെ പ്രശ്നങ്ങളാണ് ബെം​ഗളൂരുവിനെ അലട്ടുന്നത്. ടോപ് 3 കൂടാരം കയറിയാൽ പിന്നെ വലിയ സ്കോറുകൾ കണ്ടെത്താൻ ബെം​ഗളൂരുവിന് കഴിയാത്തതിന് കാരണം മധ്യനിരയുടെ മോശം പ്രകടനമാണ്. ഡൽഹിയുടെ കാര്യത്തിൽ അക്ഷർ പട്ടേലും ഡേവിഡ് വാർണറും മിച്ചൽ മാർഷും പൃഥ്വി ഷായും ഉൾപ്പെടെയുള്ള പ്രതിഭാധനരായ താരങ്ങൾ ഉണ്ടായിട്ടും ടീമെന്ന നിലയിൽ മികച്ച പ്രകടനം നടത്താൻ ഡൽഹിക്ക് കഴിയാത്തതാണ് തിരിച്ചടിയാകുന്നത്. 


ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ ബെംഗളൂരുവിനാണ് മേൽക്കൈ. ഇതുവരെ 28 തവണയാണ് ഡൽഹിയും ബെംഗളൂരുവും നേർക്കുനേർ വന്നത്. ഇതിൽ 18 തവണയും ജയം ബെംഗളൂരുവിനൊപ്പമായിരുന്നു. 10 തവണ ഡൽഹി വിജയിച്ചപ്പോൾ ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ കളിച്ച 9 മത്സരങ്ങളിൽ 6 എണ്ണത്തിലും വിജയിച്ചതിന്റെ ആത്മവിശ്വാസവും ബെംഗളൂരുവിനുണ്ട്. ഇതിലുപരിയായി ഡൽഹിക്കെതിരെ അവസാനം കളിച്ച 7 കളികളിൽ 6 തവണയും ബെംഗളൂരുവാണ് വിജയിച്ചത്. 


സാധ്യതാ ടീം


ഡൽഹി ക്യാപിറ്റൽസ് സാധ്യതാ ഇലവൻ : ഡേവിഡ് വാർണർ (C), ഫിലിപ്പ് സാൾട്ട് (WK), മിച്ച് മാർഷ്, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, അക്‌സർ പട്ടേൽ, റിപാൽ പട്ടേൽ, അമൻ ഹക്കിം ഖാൻ, കുൽദീപ് യാദവ്, ആന്റിച്ച് നോർച്ചെ, ഇഷാന്ത് ശർമ


റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യതാ ഇലവൻ : വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (C), അനൂജ് റാവത്ത്, ഗ്ലെൻ മാക്സ്വെൽ, മഹിപാൽ ലോംറോർ/സുയാഷ് പ്രഭുദേശായി, ദിനേഷ് കാർത്തിക് (WK), കേദാർ ജാദവ്, വനിന്ദു ഹസരംഗ, കർൺ ശർമ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.