അഹമ്മദബാദ് : ഐപിഎൽ ഫൈനൽ ഇന്ന് നടക്കുമോ എന്ന സംശയം ഉയർത്തികൊണ്ട് അഹമ്മദബാദിൽ കനത്ത മഴ. ഇടയ്ക്ക് മഴയ്ക്ക് ചെറിയ ശമനമുണ്ടായെങ്കിലും വീണ്ടും കനത്ത മഴ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പെയ്യുകയായിരുന്നു. 9.35 കഴിഞ്ഞും മഴ തുടരുകയാണെങ്കിൽ മത്സരത്തിന്റെ ഓവറുകൾ കുറയ്ക്കുന്നതിലേക്ക് തീരുമാനം പോകുമെന്ന് ഐപിഎൽ സംഘാടകർ അറിയിച്ചു.  കുറഞ്ഞത് അഞ്ച് ഓവറെങ്കിലും എറിയാൻ സാധിച്ചാലെ ഫൈനൽ നടക്കൂ. അല്ലാത്തപക്ഷം മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റും.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നടക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അഹമ്മദബാദിൽ കനത്ത മഴയെന്ന് റിപ്പോർട്ട് പുറത്ത് വരുന്നത്. മഴയെ തുടർന്ന് ഐപിഎൽ 2023 സീസണിന്റെ സമാപന ചടങ്ങും ഒഴിവാക്കി. ആറ് മണിക്ക് നടക്കേണ്ട ചടങ്ങ് ഒഴിവാക്കിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ രണ്ടാം ക്വാളിഫയർ മത്സരവുമായി സമാനമായി മഴയെ തുടർന്ന് വൈകിയാണ് ആരംഭിച്ചത്.



ഇന്ന് മഴ ഫൈനൽ തടസ്സപ്പെടുത്തിയാൽ?


മഴ കളി തടസപ്പെടുത്തിയാൽ 5 ഓവറുകൾ വീതമുള്ള മത്സരത്തിനായി കാത്തിരിക്കേണ്ടി വരും. അതും സാധ്യമായില്ലെങ്കിൽ ഫൈനൽ മത്സരം റിസർവ് ഡേയിലേയ്ക്ക് മാറ്റി വെയ്ക്കും. അങ്ങനെയെങ്കിൽ മെയ് 29 തിങ്കളാഴ്ചയാകും നടക്കുക. കളിയുടെ ഇടയിൽ മഴ വില്ലനായി എത്തിയാൽ റിസർവ് ഡേയിൽ മത്സരം പുന:രാരംഭിക്കും. 


ALSO READ : Ambati Rayudu: 'ഇത് അവസാന മത്സരം'; വിരമിക്കൽ പ്രഖ്യാപിച്ച് സിഎസ്കെ ബാറ്റ്സ്മാൻ അമ്പട്ടി റായിഡു


തുടർച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ​​ഗുജറാത്ത് ഇന്നിറങ്ങുന്നത്. ഓപ്പണർ ശുഭ്മാൻ ​ഗില്ലിലാണ് ​ഗുജറാത്ത് പ്രതീക്ഷ അർപ്പിക്കുന്നത്. ഈ സീസണിൽ ഇതിനോടകം തന്നെ ​ഗിൽ ഓറഞ്ച് ക്യാപ് നേടിക്കഴിഞ്ഞു. മൂന്ന് സെഞ്ച്വറികളാണ് ​ഗിൽ അടിച്ചുകൂട്ടിയത്. ​​ഗില്ലിനെ പിടിച്ചുകെട്ടാനായാൽ ചെന്നൈയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. 


നാല് തവണ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിം​ഗ്സ് ഇത്തവണ യുവ ബൗളിംഗ് യൂണിറ്റുമായാണ് കളത്തിൽ ഇറങ്ങിയത്. പരിചയക്കുറവുള്ള ബൗളർമാരെ പരിചയ സമ്പന്നനായ ധോണി ഫലപ്രദമായി ഉപയോ​ഗിക്കുന്ന കാഴ്ചയാണ് ഈ സീസണിൽ ഉടനീളം കണ്ടത്. ഇന്ന് ​ഗില്ലിനെതിരെ ധോണി എന്ത് തന്ത്രം മെനയും, അത് ആര് നടപ്പാക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 


ചെന്നൈയെ സംബന്ധിച്ചിടത്തോളം സീസണിലുടനീളം ശിവം ദുബെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ചെപ്പോക്കിൽ നടന്ന ആദ്യ ക്വാളിഫയറിൽ ഗുജറാത്തിൻ്റെ സ്പിൻ കുരുക്കിൽ കുടുങ്ങിയിരുന്നു. എന്നാൽ, ഇത്തവണ ബാറ്റ്സ്മാൻമാരുടെ പറുദീസയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അതിനാൽ തന്നെ ദുബെയിൽ നിന്ന് തകർപ്പൻ പ്രകടനമാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്. 


ശ്രദ്ധിക്കേണ്ട പ്രധാന കളിക്കാർ


​ഗുജറാത്ത്: ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവരാണ് ടൈറ്റൻസിന്റെ മൂന്ന് പ്രധാന താരങ്ങൾ. ഈ മൂന്ന് പേരും ഒരുപോലെ ഫോമിലേയ്ക്ക് ഉയർന്നാൽ ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല.


ചെന്നൈ: ധോണിയുടെ നേതൃത്വം, ജഡേജയുടെ ഓൾറൗണ്ട് മികവ്, ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ എന്നിവരുടെ ഓപ്പണിംഗ് സ്‌പെൽ. ഇതിനെല്ലാം മുകളിലായി കോൺവെ-റുതുരാജ് ഓപ്പണിം​ഗ് കൂട്ടുകെട്ടും ചെന്നൈയ്ക്ക് നിർണായകമാകും. 


സാധ്യതാ ടീം


​ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ടീം : വൃദ്ധിമാൻ സാഹ (WK), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ (C), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മോഹിത് ശർമ്മ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി.


ചെന്നൈ സൂപ്പ‍ർ കിം​ഗ്സ് സാധ്യതാ ടീം : റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി (C & WK), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.