GT vs DC Highlights: തെവാത്തിയയുടെ സിക്സർ മാജിക്കും ഫലം കണ്ടില്ല; ഗുജറാത്തിനെ പിടിച്ചുകെട്ടി ഇഷാന്ത് ശർമ്മ
GT vs DC Highlights: ഐപിഎൽ 2023ലെ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ഗുജറാത്ത് ടൈറ്റൻസും അവസാനമുള്ള ഡൽഹി ക്യാപിറ്റൽസും തമ്മിലായിരുന്നു പോരാട്ടം.
അഹമ്മദാബാദ്: ഐപിഎൽ മത്സരത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ഒരു മത്സരമായിരുന്നു ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസുമായി നടന്നത്. പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ടീമും പത്താമത്തെ ടീമും അതായത് ഏറ്റവും അവസാനമുള്ള ടീമും തമ്മിലുള്ള മത്സരമായിരുന്നു ഇന്നലെ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ ഗുജറാത്ത് വരിഞ്ഞുമുറുക്കി 130 എന്ന സ്കോറിൽ പിടിച്ചു നിർത്തി. ഗുജറാത്തിന് 131 റൺസ് മാത്രമായിരുന്നു വിജയലക്ഷ്യം.
എട്ട് മത്സരത്തിൽ 2 തോൽവി മാത്രം വഴങ്ങി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്തിന് എളുപ്പത്തിൽ വിജയം സ്വന്തമാക്കാം എന്ന ആത്മവിശ്വസത്തിലായിരുന്നു ഗുജറാത്ത് ആരാധകർ. എന്നാൽ പവർ പ്ലേയിൽ ഡൽഹി ക്യാപിറ്റൽസ് കളിയുടെ ഗതി മാറ്റിക്കളഞ്ഞു. വിക്കറ്റുകൾ വീഴ്ത്തി ഗുജറാത്തിനെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കാൻ ഡൽഹിക്ക് സാധിച്ചു. പവർ പ്ലേ കഴിയുമ്പോൾ 32 റൺസും 4 വിക്കറ്റും എന്ന നിലയിലായിരുന്നു ഗുജറാത്ത്. പിന്നീട് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ അഭിനവ് എന്നിവർ ചേർന്ന് സിംഗിൾസ് നേടി സ്കോർ മുന്നോട്ട് കൊണ്ടുപോയെങ്കിലും ഡൽഹിയുടെ വരുതിയിലായിരുന്നു മത്സരം എന്ന് വേണം പറയാൻ.
അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇത്. അഞ്ച് റൺസിനാണ് ഡൽഹിയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി നിശ്ചിത 20 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 130 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസിൽ ഒതുക്കുകയായിരുന്നു ഡൽഹി ക്യാപിറ്റൽസ്.
Also Read: IPL 2023 : ഗംഭീർ-കോലി പ്രശ്നം എപ്പോൾ, എങ്ങനെ തുടങ്ങി? കാണാം ചിത്രങ്ങളിലൂടെ
അവസാന 9 പന്തിൽ ഗുജറാത്തിന് വേണ്ടിയിരുന്നത് 30 റൺസാണ്. 19ാം ഓവറിൽ ആന്റിച് നോർട്യയുടെ ആദ്യ മൂന്ന് പന്തുകൾ അടിക്കാൻ പാടുപെട്ടെങ്കിലും തുടർന്നുള്ള മൂന്ന് ബോളുകളും സിക്സർ പറത്തിക്കൊണ്ട് രാഹുൽ തെവാത്തിയ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ കളി തിരിച്ചുപിടിക്കാം എന്ന ശുഭാപ്തി വിശ്വാസത്തിലേക്ക് ഗുജറാത്ത് ടൈറ്റൻസും ആരാധകരും എത്തി.
അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 12 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ആറ് റൺസ് മാത്രം വിട്ടുകൊടുത്ത് രാഹുൽ തെവാത്തിയയുടെ നിർണായക വിക്കറ്റും വീഴ്ത്തി ഇഷാന്ത് ശർമ ഡൽഹിയെ വിജയത്തിലേക്ക് നയിച്ചു. ഹാർദ്ദിക് പാണ്ഡ്യ അർധസെഞ്ച്വറി നേടി. 53 പന്തിൽ ഏഴു ഫോറുകൾ സഹിതം 59 റൺസുമായി ക്യാപ്റ്റൻ പുറത്താകാതെ നിന്നു. ഏഴു പന്തിൽ 20 റൺസാണ് തെവാത്തിയ നേടിയത്. ഇവർക്കു പുറമെ ഗുജറാത്ത് നിരയിൽ രണ്ടക്കം കണ്ടത് അഭിനവ് മനോഹർ മാത്രമാണ്. 33 പന്തിൽ ഒരു സിക്സ് സഹിതം 26 റൺസെടുത്താണ് മനോഹർ പുറത്തായത്.
ഗുജറാത്ത് നിരയിൽ വൃദ്ധിമാൻ സാഹ (ആറു പന്തിൽ പൂജ്യം), ശുഭ്മൻ ഗിൽ (ഏഴു പന്തിൽ ആറ്), വിജയ് ശങ്കർ (ഒൻപത് പന്തിൽ ആറ്), ഡേവിഡ് മില്ലർ (മൂന്നു പന്തിൽ പൂജ്യം) എന്നിങ്ങനെയാണ് സ്കോറുകൾ നേടിയത്. റാഷിദ് ഖാൻ രണ്ടു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.
ഡൽഹിക്കായി ഇഷാന്ത് ശർമ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റാമ് നേടിയത്. നാല് ഓവറിൽ 24 റൺസ് വഴങ്ങി ഖലീൽ അഹമ്മദും രണ്ടു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് നാല് ഓവറിൽ 15 റൺസ് വഴങ്ങിയും ആന്റിച് നോർട്യ നാല് ഓവറിൽ 39 റൺസും വഴങ്ങി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അക്ഷർ പട്ടേൽ വഴങ്ങിയത് 24 റൺസ് മാത്രം.
അമാൻ ഹക്കിം ഖാനാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഗുജറാത്തിനായി തിളങ്ങിയത്. ആറാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് അക്ഷർ പട്ടേൽ – അമാൻ ഹക്കിം ഖാൻ സഖ്യമാണ് ഡൽഹിയെ രക്ഷിച്ചത്. ഇരുവരും ചേർന്ന് ഡൽഹി സ്കോർ ബോർഡിലെത്തിച്ചത് 50 റൺസാണ്.
അക്ഷർ പട്ടേൽ പുറത്തായപ്പോൾ റിപൽ പട്ടേലിനെ കൂട്ടുപിടിച്ച് മറ്റൊരു അർധസെഞ്ചറി കൂട്ടുകെട്ടു കൂടി ചേർത്താണ് അമാൻ ഖാൻ ഡൽഹി സ്കോർ 130ൽ എത്തിച്ചത്. 44 പന്തിൽ 51 റൺസെടുത്ത അമാൻ ഹക്കിം ഖാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. അക്ഷർ പട്ടേൽ 30 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്തു. ഡൽഹി നിരയിൽ രണ്ടക്കം കടന്ന മറ്റു താരങ്ങൾ റിപൽ പട്ടേൽ, പ്രിയം ഗാർഗ് എന്നിവർ മാത്രം. പട്ടേൽ 13 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റൺസ് നേടി. പ്രിയം ഗാർഗ് 14 പന്തിൽ 10 റൺസെടുത്തു. ഓപ്പണർ ഫിലിപ്പ് സാൾട്ട് ഗോൾഡൻ ഡക്കായി. മുഹമ്മദ് ഷമിയാണ് വിക്കറ്റ് എടുത്തത്. ക്യാപ്റ്റൻ ഡേവിഡ് വാർണർ (രണ്ടു പന്തിൽ രണ്ട്), റൈലി റൂസ്സോ (ആറു പന്തിൽ എട്ട്), മനീഷ് പാണ്ഡെ (നാലു പന്തിൽ ഒന്ന്).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...