ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം.  57 റൺസിനാണ് രാജസ്ഥാൻ ജയിച്ചത്. 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക്  9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടാനെ സാധിച്ചുള്ളൂ. ഡൽഹിയുടെ ടോപ് ഓർഡർ ബാറ്റ്സ്മാൻമാരെ പുറത്താക്കിയ പേസർ ട്രെൻഡ് ബോൾട്ടിൻറെ പ്രകടനമാണ് രാജസ്ഥാൻറെ വിജയത്തിൽ നിർണായകമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

200 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റിംഗ് ആരംഭിച്ച ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിംഗ്സിൻറെ മൂന്നാം പന്തിൽ ട്രെൻഡ് ബോൾട്ട് ആദ്യ പ്രഹരം ഏൽപ്പിച്ചു. ഇംപാക്ട് പ്ലെയറായ പൃഥ്വി ഷായെ സഞ്ജുവിൻറെ കൈകളിൽ എത്തിച്ച ബോൾട്ട് തൊട്ടടുത്ത പന്തിൽ മനീഷ് പാണ്ഡെയെ വിക്കറ്റിന് മുന്നിൽ കുരുക്കി. ആദ്യ ഓവറിൽ തന്നെ രണ്ട് നിർണായക വിക്കറ്റുകൾ വീണതോടെ ഡൽഹി അപകടം മണത്തു. 


ALSO READ: അടിച്ചു തകർത്ത് 'ജോസേട്ടനും' യശസ്വിയും; ഡൽഹിക്കെതിരെ രാജസ്ഥാന് കൂറ്റൻ സ്കോർ


ഒരറ്റത്ത് നായകൻ ഡേവിഡ് വാർണർ പിടിച്ചു നിന്നെങ്കിലും ആവശ്യത്തിന് പിന്തുണ നൽകാൻ മറ്റ് ബാറ്റ്സ്മാർക്ക് കഴിയാതെ പോയതാണ് ഡൽഹിയുടെ പരാജയത്തിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചത്.  തുടക്കത്തിലേറ്റ പ്രഹരത്തിൽ നിന്ന് കര കയറാൻ ഡൽഹിയ്ക്ക് കഴിഞ്ഞില്ല. മധ്യ ഓവറുകളിൽ ലളിത് യാദവും വാർണറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം മാത്രമാണ് ഡൽഹിയ്ക്ക് ആശ്വസിക്കാൻ വക നൽകിയത്. വാർണറും യാദവും ചേർന്ന് 64 റൺസിൻറെ കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് ഡൽഹിയുടെ പരാജയഭാരം കുറച്ചത്. 24 പന്തുകൾ നേരിട്ട ലളിത് യാദവ് 38 റൺസ് എടുത്തു. 


ലളിത് യാദവ് മടങ്ങിയ ശേഷം ക്രീസിലെത്തിയ ആർക്കും പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ വാർണറുടെ പോരാട്ടം പാഴായി. ഓപ്പണറായി ഇറങ്ങി 55 പന്തുകൾ നേരിട്ട വാർണർ 65 റൺസുമായി പുറത്തായപ്പോഴേയ്ക്കും ഡൽഹി പരാജയം ഉറപ്പിച്ചിരുന്നു. ഡൽഹി നിരയിൽ ആകെ 3 പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.  ഇതോടെ കളിച്ച 3 കളികളും പരാജയപ്പെട്ട ഡൽഹി പോയിൻറ് പട്ടികയിൽ 9-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 3 കളികളിൽ 2 ജയം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസാണ് നിലവിൽ ഒന്നാമത്.