IPL 2023: ആദ്യ നാലിൽ എത്താൻ രാജസ്ഥാനും കൊൽക്കത്തയും; ഇന്ന് വാശിക്കളി
RR vs KKR predicted 11: പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ രാജസ്ഥാനും കൊൽക്കത്തയ്ക്കും ഇന്നത്തെ മത്സരത്തിൽ വിജയിച്ചേ തീരൂ.
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പ്ലേ ഓഫിൽ ഇടം നേടാൻ ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ റോയൽസ് ഈ സീസണിലും സമാനമായ മികവ് ആവർത്തിച്ചിരുന്നു. എന്നാൽ, സീസൺ പാതി വഴിയിലെത്തിയപ്പോൾ പോരാട്ടം കടുത്തു. ഇതോടെ ആദ്യ നാലിൽ നിന്ന് രാജസ്ഥാന് പുറത്തുപോകേണ്ടി വന്നു. അവസാനം കളിച്ച 3 മത്സരങ്ങളിലും പരാജയം നേരിട്ടാണ് രാജസ്ഥാൻ ഇന്ന് കളത്തിലിറങ്ങുന്നത്. അവസാനത്തെ 5 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് സഞ്ജുവിനും സംഘത്തിനും സ്വന്തമാക്കാനായത്. ഇന്നത്തെ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്താനായില്ലെങ്കിൽ രാജസ്ഥാന് മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാകും.
ALSO READ: 'ഇപ്പൊ കിട്ടിയേനെ ഒരു അടി', തല ധോണിയുടെ തമാശകൾ; വീഡിയോ വൈറൽ
നായകൻ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്ത് പോയതിനാൽ നിതീഷ് റാണയ്ക്ക് കീഴിലാണ് കൊൽക്കത്ത ഇത്തവണ ഇറങ്ങിയത്. സീസണിന്റെ ആദ്യ പകുതിയിൽ കൊൽക്കത്തയ്ക്ക് ജയിച്ചു കയറാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഏതാനും മത്സരങ്ങൾക്ക് ശേഷം വാശിയോടെ കളിക്കുന്ന കൊൽക്കത്ത ടീമിനെയാണ് പിന്നീട് കാണാനായത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് കൊൽക്കത്ത ഇന്ന് ഇറങ്ങുന്നത്. അവസാനത്തെ 5 കളികളിൽ 3 വിജയങ്ങൾ നേടിയ കൊൽക്കത്ത പ്ലേ ഓഫ് സാധ്യതകൾ സജീവമായി നിലനിർത്തുകയും ചെയ്തു.
ഇംഗ്ലീഷ് താരം ജേസൺ റോയ് ഓപ്പണറായി ടീമിലെത്തിയതോടെയാണ് കൊൽക്കത്തയുടെ ബാറ്റിംഗിന് മൂർച്ച കൂടിയത്. നിതീഷ് റാണ, വെങ്കടേഷ് അയ്യർ, ആന്ദ്രെ റസൽ എന്നിവർ ഫോമിലേയ്ക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസവും കൊൽക്കത്ത ക്യാമ്പിലുണ്ട്. ഫിനിഷറുടെ റോളിൽ റിങ്കു സിംഗിലാണ് കൊൽക്കത്ത വിശ്വാസം അർപ്പിക്കുന്നത്.
യശസ്വി ജയ്‌സ്വാൾ എന്ന യുവതാരത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. തകർപ്പൻ ഫോമിലുള്ള ജയ്‌സ്വാളും ജോസ് ബട്‌ലറും നൽകുന്ന മികച്ച തുടക്കമാണ് പല മത്സരങ്ങളിലും രാജസ്ഥാന് തുണയായത്. അവസാന മത്സരത്തിൽ നായകൻ സഞ്ജു സാംസണും ഫോമിലേയ്ക്ക് എത്തിയത് രാജസ്ഥാന് ആശ്വാസമാകുന്നു. സന്ദീപ് ശർമ്മ അവസാന ഓവറുകളിൽ റൺസ് വിട്ടുകൊടുക്കാൻ പിശുക്ക് കാട്ടുന്നതും ഒപ്പം യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരുടെ സ്പിന്നും ചേരുമ്പോൾ രാജസ്ഥാൻ നിര സന്തുലിതമാണ്.
11 കളികളിൽ പൂർത്തിയാക്കിയ രാജസ്ഥാന് 5 വിജയവും 6 പരാജയവും ഉൾപ്പെടെ 10 പോയിന്റാണുള്ളത്. നിലവിൽ 5-ാം സ്ഥാനത്താണ് രാജസ്ഥാൻ. മറുഭാഗത്ത്, രാജസ്ഥാന് സമാനമായി 5 വിജയവും 6 പരാജയവും അക്കൗണ്ടിലുള്ള കൊൽക്കത്ത 10 പോയിന്റുമായി രാജസ്ഥാന് പിന്നിൽ 6-ാം സ്ഥാനത്തുണ്ട്. റൺറേറ്റിന്റെ ആനുകൂല്യത്തിലാണ് രാജസ്ഥാൻ കൊൽക്കത്തയ്ക്ക് മുന്നിൽ തുടരുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം നാലാം സ്ഥാനത്തുള്ള ലക്‌നൗവിനെ പിന്നിലാക്കി ആദ്യ നാലിൽ ഇടംനേടും.
ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ കൊൽക്കത്തയ്ക്കാണ് മേൽക്കൈ. ഇതുവരെ 26 തവണയാണ് കൊൽക്കത്തയും രാജസ്ഥാനും ഏറ്റുമുട്ടിയത്. ഇതിൽ 14 തവണ കൊൽക്കത്തയാണ് വിജയിച്ചത്. രാജസ്ഥാൻ 12 തവണ വിജയിച്ചു.
സാധ്യതാ ടീം
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ജേസൺ റോയ്, റഹ്മാനുള്ള ഗുർബാസ് (WK), വെങ്കിടേഷ് അയ്യർ, നിതീഷ് റാണ (C), ആന്ദ്രെ റസൽ, റിങ്കു സിംഗ്, ശാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, ഹർഷിത് റാണ, വൈഭവ് അറോറ, വരുൺ ചക്രവർത്തി
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ജോസ് ബട്ലർ, സഞ്ജു സാംസൺ (c, WK), ജോ റൂട്ട്, ദേവദത്ത് പടിക്കൽ, ഷിമ്റോൺ ഹെറ്റ്മെയർ, ധ്രുവ് ജുറൽ, ആർ അശ്വിൻ, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ്മ, യുസ്വേന്ദ്ര ചാഹൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...