ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്നിറങ്ങും. കരുത്തരായ ഗുജറാത്ത് ടൈറ്റൻസാണ് ബെംഗളൂരുവിന്റെ എതിരാളികൾ. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ബെംഗളൂരുവിന് ഗുജറാത്തിനെ പരാജയപ്പെടുത്തിയേ തീരൂ. എന്നാൽ ബെംഗളൂരുവിൽ മഴ ഭീഷണി നിലനിൽക്കുന്നതാണ് കോഹ്ലിയ്ക്കും സംഘത്തിനും തലവേദനയാകുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ശക്തമായി മഴ പെയ്തിരുന്നു. ബെംഗളൂരുവിൽ ഉച്ചയോടെ മഴ പെയ്യുമെന്നാണ് അക്യുവെതറിന്റെ പ്രവചനം. മത്സരം പുരോഗമിക്കുമ്പോൾ മഴ പെയ്യാൻ 50 ശതമാനത്തിലേറെ സാധ്യതയുണ്ട്. 


ALSO READ: വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഡൽഹിയെ തകർത്ത് ചെന്നൈ പ്ലേ ഓഫില്‍


മഴ കളി തടസപ്പെടുത്തിയാൽ ഓവറുകൾ വെട്ടിക്കുറച്ചേക്കും. മഴ തുടർന്നാൽ മത്സരം ഉപേക്ഷിക്കാൻ പോലും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. നിലവിൽ 14 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ബെംഗളൂരുവിന് 15 പോയിന്റാകും. ഈ സാഹചര്യത്തിൽ ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യത ഇന്ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യൻസ് - സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. നിലവിൽ 13 കളികളിൽ നിന്ന് 14 പോയിന്റുമായി മുംബൈ 6-ാം സ്ഥാനത്താണ്. 


മറുഭാഗത്ത്, ഇന്നത്തെ മത്സരത്തിന്റെ ഫലം എന്ത് തന്നെയായാലും അത് ഗുജറാത്തിനെ ബാധിക്കില്ല. കാരണം, ഇതിനോടകം തന്നെ 18 പോയിന്റ് നേടിക്കഴിഞ്ഞ ഗുജറാത്ത് ഒന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ പോലും ഗുജറാത്തിന്റെ ഒന്നാം സ്ഥാനത്തിന് കോട്ടം തട്ടില്ല. 


പൊതുവേ ബാറ്റ്‌സ്മാൻമാരുടെ പറുദീസയാണ് ചിന്നസ്വാമി സ്റ്റേഡിയം. ഇവിടുത്തെ പിച്ചിൽ എത്ര റൺസ് നേടിയാലും അത് സുരക്ഷിതമായ സ്‌കോറാണെന്ന് പറയാൻ കഴിയില്ല. ആദ്യം ബാറ്റ് ചെയ്യുന്ന ടീം കുറഞ്ഞത് 200 റൺസ് എങ്കിലും നേടാറുള്ള പിച്ചിൽ ചേസ് ചെയ്യുന്നതാണ് താരതമ്യേന നല്ലതെന്ന് സമീപകാല മത്സരഫലങ്ങൾ വ്യക്തമാക്കുന്നു. 


ഫാഫ് ഡുപ്ലസി, വിരാട് കോഹ്ലി, ഗ്ലെൻ മാക്‌സ്വെൽ ത്രയത്തിലാണ് പതിവു പോലെ തന്നെ ബെംഗളൂരു പ്രതീക്ഷയർപ്പിക്കുന്നത്. മികച്ച ഫോമിലുള്ള നായകൻ ഫാഫ് ഡുപ്ലസിയാണ് നിലവിൽ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിൽ ഒന്നാമത്. 13 മത്സരങ്ങളിൽ നിന്ന് ഡുപ്ലസി 702 റൺസ് നേടിക്കഴിഞ്ഞു. മറുഭാഗത്ത്, ശുഭ്മാൻ ഗില്ലും റാഷിദ് ഖാനുമാണ് ഗുജറാത്തിന്റെ തുറുപ്പുചീട്ടുകൾ. 13 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഖാൻ പർപ്പിൾ ക്യാപിനുള്ള പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തുണ്ട്. ബാറ്റ് കൊണ്ടും അപകടം വിതയ്ക്കാൻ കെൽപ്പുള്ള താരമാണ് റാഷിദ്. 


ഇന്നത്തെ ബെംഗളൂരു - ഗുജറാത്ത് പോരാട്ടത്തോടെ എല്ലാ ടീമുകളുടെയും മത്സരങ്ങൾ പൂർത്തിയാകും. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ ടീമുകൾ പ്ലേ ഓഫിലെത്തി കഴിഞ്ഞു. അവശേഷിക്കുന്ന ഒരു സ്ഥാനത്തിന് വേണ്ടിയുള്ള വാശിയേറിയ പോരാട്ടമാണ് ഇന്ന് നടക്കാനിരിക്കുന്നത്. നാലാം സ്ഥാനത്തിന് വേണ്ടി മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് രംഗത്തുള്ളത്. 


സാധ്യതാ ടീം 


റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ് (C), ഗ്ലെൻ മാക്‌സ്വെൽ, മൈക്കൽ ബ്രേസ്വെൽ, മഹിപാൽ ലോംറോർ, അനുജ് റാവത്ത് (WK), വെയ്ൻ പാർനെൽ, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ, കരൺ ശർമ്മ, മുഹമ്മദ് സിറാജ്.


ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (WK), സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (C), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, ദസുൻ ഷനക, മുഹമ്മദ് ഷമി, സായ് കിഷോർ, മോഹിത് ശർമ്മ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.