ISL 2022-23 Final : ഇത്തവണയും കലാശപ്പോരാട്ടം ഗോവയിൽ; ഐഎസ്എൽ ഫൈനലിനുള്ള വേദി പ്രഖ്യാപിച്ചു
ISL 2022-23 Final Venue : ഇത് തുടർച്ചയായി മൂന്നാം സീസണിന്റെ ഫൈനലാണ് ഗോവയിൽ വെച്ച് നടക്കുന്നത്
ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന്റെ ഫൈനൽ ഗോവയിൽ വെച്ച് നടക്കും. ഗോവ ഫറ്റോർഡ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വെച്ച് മാർച്ച് 18നാണ് ഐഎസ്എൽ 2022-23 സീസണിന്റെ ഫൈനൽ നടക്കുക. ഇത് അഞ്ചാം തവണയാണ് ഫറ്റോർഡ സ്റ്റേഡിയം ഐഎസ്എൽ ഫൈനലിന് വേദിയാകുന്നത്. ഗോവയിൽ പരിശീലനത്തിന് മറ്റും മികച്ച സൗകര്യങ്ങൾ ലഭ്യമായതിനെ തുടർന്നാണ് ഫറ്റോർഡ സ്റ്റേഡിയം ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടത്തിനുള്ള വേദിയാക്കാൻ ലീഗ് തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഫറ്റോർഡിൽ വെച്ച് നടന്ന ഫൈനിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിയോട് തോറ്റിരുന്നു.
ഐഎസ്എൽ ലീഗ് ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിയും നിലവിലെ ചാമ്പ്യന്മാരുമായ ഹൈദരാബാദ് എഫ് സിയുമാണ് സീസണിന്റെ സെമി ഫൈനൽ പോരാട്ടത്തിന് നേരിട്ട് യോഗ്യത നേടിയിരിക്കുന്നത്. കൂടാതെ പോയിന്റ് പട്ടികയിൽ ആദ്യ ആറ് സ്ഥാനക്കാർക്കും ഐഎസ്എല്ലിന്റെ പ്ലേഓഫിലേക്ക് പ്രവേശനം നേടാൻ സാധിക്കും. നിലവിൽ കേരള ബ്ലാസ്റ്റേഴ്സും, ബെംഗളൂരു എഫ്സിയും എടികെ മോഹൻ ബഗാനുമാണ് പ്ലേ ഓഫ് യോഗ്യത നേടിയിരിക്കുന്നത്. എഫ് സി ഗോവയും ഒഡീഷ എഫ് സിയും തമ്മിലുള്ള അവസാന സ്പോട്ടിനായിട്ടുള്ള പോരാട്ടം പുരോഗമിക്കുകയാണ്.
പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരും ആറ് സ്ഥാനക്കാരുമായിട്ടാണ് ആദ്യ പ്ലേ ഓഫിൽ ഏറ്റുമുട്ടുക. പിന്നാലെ നാലും അഞ്ചും സ്ഥാനക്കാർ തമ്മിൽ നേർക്കുനേരെയത്തും. ഈ രണ്ട് മത്സരങ്ങളുടെ ഒറ്റ പാദത്തിലാണ് നടക്കുന്നത്. കൂടാതെ മൂന്നും നാലും സ്ഥാനക്കാർക്ക് ഹോം അഡ്വാന്റേജും ലഭിക്കുന്നതാണ്. അതേസമയം സെമി ഫൈനൽ മത്സരങ്ങൾ ഇരു പാദങ്ങളിലായിട്ട് നടക്കും. മൂന്നും ആറാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിൽ വിജയിയാകും നിലവിൽ രണ്ടാം സ്ഥാനക്കാരായ ഹൈദാരാബാദ് എഫ്സിയുടെ സെമിയിലെ എതിരാളി. നാലും അഞ്ചും സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്ന ടീമാകും മുംബൈ സിറ്റി എഫ്സിയുടെ സെമിയിലെ എതിരാളി. ഫൈനൽ എല്ലാ വർഷങ്ങളിലെ പോലെ ഒരു പാദത്തിൽ മാത്രമായിട്ടാണ് നടത്തുക.
പ്ലേഓഫ് മത്സരക്രമങ്ങൾ
ഫെബ്രുവരി 26 ഓടെ ലീഗ് മത്സരങ്ങൾ അവസാനിക്കും. മാർച്ച് മൂന്നിനാണ് ആദ്യ നോക്കൗട്ട് മത്സരം. തുടർന്ന് അടുത്ത ദിവസം രണ്ട് നോക്കൗട്ട്. തുടർന്ന് മാർച്ച് ഏഴിന് ആദ്യ സെമി ഫൈനലിന്റെ ഒന്നാംപാദ മത്സരം നടക്കും. മാർച്ച് ഒമ്പതിന് രണ്ടാം സെമിയുടെ ഒന്നാംപാദ മത്സരം. മാർച്ച് 12ന് ആദ്യ സെമിയുടെ രണ്ടാംപാദം. മാർച്ച് 13ന് രണ്ടാം സെമി ഫൈനൽ മത്സരത്തിന്റെ രണ്ടാംപാദം. മാർച്ച് 18നാണ് ഐഎസ്എൽ 2022-23 സീസണിന്റെ ഫൈനൽ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...