കൊച്ചി : ലീഗിലെ കഴിഞ്ഞ എട്ട് മത്സരങ്ങളിൽ പരാജയം അറിയാതെ കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ ഇന്ന് നടന്ന് മത്സരത്തിൽ ജംഷെഡ്പൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ മഞ്ഞപ്പട സീസണിലെ എട്ടാം ജയം സ്വന്തമാക്കുന്നത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കെത്തി. അപ്പോസ്തോലോസ് ഗ്യാനു, ദിമിത്രിയോസ് ഡയമന്റാക്കോസ്, അഡ്രിയാൻ ലൂണ എന്നിവരാണ് കേരളത്തിനായി ഗോളുകൾ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരത്തിൽ ഉടനീളം കേരളത്തിന്റെ സമ്പൂർണ ആധിപത്യമായിരുന്നു കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കാണാൻ ഇടയായത്. കളിയുടെ നിയന്ത്രണമേറ്റെടുത്ത ബ്ലാസ്റ്റേഴ്സ് ജെ എഫ് സിയുടെ ഗോൾ മുഖത്തേക്ക് കുതിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അതിന്റെ ഫലമായിട്ടാണ് ഒമ്പതാം മിനിറ്റിൽ ഗ്യാനുവിന്റെ ഗോൾ പിറന്നത്. ജംഷെഡ്പൂരിന്റെ ബോക്സിനുള്ളിലുള്ള ദിമത്രിയുടെ നീക്കം അവസാനം ഗ്യാനു ഗോളാക്കി മാറ്റുക്കുകയായിരുന്നു.



എന്നാൽ പതിനേഴാം മിനിറ്റിൽ കൊച്ചിയെ നിശബ്ദമാക്കി ചിമാ ചുക്ക്വ്വു ജംഷെഡ്പൂരിനായി സമനില ഗോൾ കണ്ടെത്തി. ആക്രമണങ്ങളിൽ മുഴങ്ങിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ ഇടയിലുണ്ടായ വിള്ളൽ മുതലെടുത്താണ് ജെഎഫ്സി തങ്ങളുടെ ഗോൾ കണ്ടെത്തിയത്. ഇന്ത്യൻ താരം ഇഷാൻ പണ്ഡ്യതയുടെ നീക്കം ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ ഫ്രഭ്സുഖൻ ഗിൽ തടഞ്ഞെങ്കിലും ആ സേവ് ചെയ്ത പന്ത് നേരെ ജെഎഫ്സിയുടെ നൈജീരിയൻ താരത്തിന്റെ കാലിലേക്കെത്തുകയായിരുന്നു. ചിക്ക്വ്വു പന്ത് ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിലേക്ക് പായിക്കുകയും ചെയ്തു. പന്ത് ഗോൾ ലൈൻ കടക്കാതിരിക്കാൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ച് അവസാനം ശ്രമം നടത്തിയെങ്കിലും രക്ഷയായില്ല.


ALSO READ : ISL : ബ്ലാസ്റ്റേഴ്സ് ആരാധകരെ ആ ടിക്കറ്റ് കീറി കളയരുത്; നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ


സമനില വഴങ്ങിയെങ്കിലും അതിൽ സമ്മർദ്ദപ്പെടാതെ ബ്ലാസ്റ്റേഴ്സ് ലീഡിനായി വീണ്ടും ജംഷെഡ്പൂരിന്റെ ബോക്സിലേക്ക് ആക്രമണം തുടർന്നു. തുടർച്ചയായി അക്രമണങ്ങൾക്കൊടുവിലാണ് ക്യാപ്റ്റൻ ജെസ്സെൽ കാർനേരെ കേരളത്തിനായി പെനാൽറ്റി നേടി നൽകുന്നത്. ലഭിച്ച പെനാൽറ്റി ദിമിത്രിയോസ് 31-ാം മിനിറ്റിൽ അനയാസം ജെഎഫ്സിയുടെ വലയിൽ എത്തിക്കുകയും ചെയ്തു. ലീഡ് നേടിയെങ്കിലും പ്രതിരോധത്തിലേക്ക് പോകാൻ ബ്ലാസ്റ്റേഴ്സ തയ്യാറായില്ല.


രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആക്രമണം തുടരുകയായിരുന്നു. തുടർന്ന് അറുപതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മികച്ച പാസിങ് ഗെയിം അഡ്രിയാൻ ലൂണയിലൂടെ ലീഡ് ഉയർത്തുകയും ചെയ്തു. ജംഷെഡ്പൂരിന്റെ ബോക്സിനുള്ളിൽ ടിക്കി ടാക്ക മാതൃകയിൽ പാസിങ് നടത്തിയാണ് ബ്ലാസ്റ്റേഴ്സിനായി ലൂണ മൂന്നാമത്തെ ഗോൾ കണ്ടെത്തുന്നത്. തുടർന്ന് പലപ്പോഴായി ജെഎഫ്സി പല അവസരങ്ങളും സൃഷ്ടിച്ചെങ്കിലും അവയൊന്നും ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കാനായില്ല.


ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 25 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദ് എഫ്സിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള മുംബൈയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ അടുത്ത മത്സരം. ജനുവരി എട്ടാം തീയതി മുംബൈയുടെ തട്ടകത്തിൽ വെച്ചാണ് അടുത്ത മത്സരം. പിന്നാലെ നാലാം സ്ഥാനത്തുള്ള ഗോവയ്ക്തെതിരെയുള്ള മത്സരം ഈ മാസം തന്നെ നടക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.