ഗുവാഹത്തി: അതിനിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്.  ഐഎസ്എല്ലിലെ കന്നി ഗോള്‍ നേടിയ സെന്റര്‍ബാക്ക് വെസ് ബ്രൗണാണ് ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മല്‍സരത്തില്‍ വിജയം സമ്മാനിച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

 


ഈ ജയത്തോടെ പ്ലേ ഓഫ് യോഗ്യതയ്ക്കുള്ള ഒരു കടമ്പ ബ്ലാസ്റ്റേഴ്‌സ് കടന്നിരിക്കുന്നു. ചെന്നൈയിന്‍ എഫ്‌സി, ബെംഗളൂരു എഫ്‌സി എന്നിവയുമായുള്ള മത്സരങ്ങളില്‍ ജയിക്കുകയും ജംഷഡ്പൂര്‍ എഫ്‌സിയുടെ പ്രകടനം അടിസ്ഥാനമാക്കിയുമാകും കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് യോഗ്യത.


29 മത്തെ മിനിട്ടില്‍ അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിലാണ് വെസ് ബ്രൗണ്‍ കേരളത്തിന്‍റെ രക്ഷകനായത്. ഇരു ടീമുകള്‍ക്കും മത്സരത്തിലുടനീളം നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചിരുന്നില്ല. ഇരു ടീമുകളുടെയും ഓരോ ഗോള്‍ശ്രമം ക്രോസ് ബാറില്‍ തട്ടി മടങ്ങി.


16 മല്‍സരങ്ങളില്‍നിന്ന് 24 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആറാം വിജയമാണിത്. 14 മല്‍സരങ്ങളില്‍നിന്ന് 25 പോയിന്റുള്ള ജംഷഡ്പുര്‍ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനു തൊട്ടുമുന്നിലുണ്ട്. ഇനിയുള്ള മല്‍സരങ്ങളില്‍ ജംഷഡ്പുരിന്‍റെ പ്രകടനവും ബ്ലാസ്റ്റേഴ്‌സിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകും.