Kerala State Para Athletics Championship: വിധിയെ ഓടി തോല്‍പ്പിച്ച് ശ്രീറാം; പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വാരിക്കൂട്ടിയത് സ്വര്‍ണ്ണ മെഡലുകള്‍
Sreeram Gold Medal: പതിനാലാമത് കേരള സംസ്ഥാന പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ്ണമാണ് ശ്രീറാം സ്വന്തമാക്കിയിരിക്കുന്നത്.
കൊല്ലം: ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുനലൂര്‍ ശ്രീവാസ് ഭവനിലെ ശ്രീറാം ഒരിക്കലും ഓര്‍ത്തില്ല കൂടെയോടുന്ന 'വിധി' തന്നെ വീഴ്ത്തിക്കളയുമെന്ന്. തന്നെ തോൽപ്പിക്കാൻ ശ്രമിച്ച വിധിയെ തോല്‍പ്പിച്ച് ശ്രീറാം വാരിക്കൂട്ടിയത് പാരാ അത്‌ലറ്റിക് സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലെ മെഡലുകളാണ്. ഇപ്പോഴിതാ പതിനാലാമത് കേരള സംസ്ഥാന പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ്ണമാണ് ശ്രീറാം സ്വന്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന 100, 400, 1500 മീറ്ററിലാണ് സ്വര്‍ണം നേടിയത്. കേരള ക്രിക്കറ്റ് ലീഗിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ആണ് ശ്രീറാമിനെ ഈ തവണത്തെ മത്സരങ്ങളിൽ സ്പോൺസർ ചെയ്തത്. ഇനി നടക്കുന്ന ദേശീയ മത്സരത്തിലും ശ്രീറാമിന് വേണ്ടുന്ന എല്ലാ പ്രോത്സാഹനവും സ്പോൺസർഷിപ്പും നൽകുമെന്ന് ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സിഇഒയുമായ ഡോ. എൻ പ്രഭിരാജ് പറഞ്ഞു.
ALSO READ: ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിങ്ങിൽ വീണ്ടും ഇന്ത്യൻ കരുത്ത്; ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്
അപകടത്തില്‍ സാരമായി പരിക്കേറ്റുവെങ്കിലും വിധിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ ശ്രീറാം തയ്യാറായില്ല. സ്‌കൂളില്‍ നിന്ന് പഠിച്ച ഓട്ടത്തിന്റെ ബാലപാഠം മനസ്സില്‍ നിറഞ്ഞിരുന്നു. അതില്‍ നിന്നാണ് പരിശീലനം നേടാന്‍ താൽപര്യം ഉണ്ടായത്. പുനലൂര്‍ ചെമ്മന്തൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ശ്രീറാം സ്വയമാണ് പരിശീലനം നടത്തുന്നത്.
പപ്പടം വില്‍പ്പന നടത്തുന്ന പിതാവ് മുത്തുരാമനും അമ്മ പ്രിയയും സഹോദരന്‍ ശ്രീനിവാസനും എപ്പോഴും പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. പോയ വര്‍ഷങ്ങളിലെ മത്സരങ്ങളിലും ശ്രീറാം നിരവധി മെഡലുകളാണ് സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ്ണവും, ഒരു വെള്ളിയും സ്വന്തമാക്കിയിരുന്നു.
മഹാരാഷ്ട്രയില്‍ നടന്ന ദേശീയ മീറ്റില്‍ 1500 മീറ്ററില്‍ വെങ്കലവും സ്വന്തമാക്കി. ഈ വര്‍ഷം ജനുവരിയില്‍ ഗോവയില്‍ നടന്ന ദേശീയ പാരാ അത്ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണവും 100, 1500 മീറ്ററുകളില്‍ വെങ്കലവും ശ്രീറാമിന്റെ നേട്ട പട്ടികയിൽ വന്നു. ഇത്രയും മെഡലുകള്‍ വാരിക്കൂട്ടിയെങ്കിലും ഒരു ഷൂസ് വാങ്ങുന്നതിനുപോലും വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും കൂട്ടുകാരന്റെ ഷൂസാണ് ഉപയോഗിച്ചിരുന്നത് എന്നും ശ്രീറാം പറയുന്നു.
ALSO READ: കൈവിട്ട മത്സരം തിരിച്ചുപിടിച്ച ഇന്ത്യ; പതറാതെ പൊരുതിയ ക്യാപ്റ്റൻ... ബുംറ
ഈ സമയത്താണ് സ്പോൺസർഷിപ്പുമായി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് രംഗത്തെത്തിയതെന്നും ഒരുപാട് സന്തോഷമുണ്ടെന്നും ശ്രീറാം പറഞ്ഞു. 2015 ല്‍ കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ കുടുംബത്തോടൊപ്പം സഞ്ചരിച്ചപ്പോള്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട ശ്രീറാമിന്റെ പേശികളും ഞരമ്പുകളും തകര്‍ന്നു. ആഹാരം കഴിക്കുന്നത് പോലും ട്യൂബിലൂടെയായിരുന്നു. അപകടത്തില്‍ വലതു കൈയുടെ ശേഷി നഷ്ടപ്പെട്ടു. ഒരു ഇല പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വലതു തോള് ചെരിയുകയും കാഴ്ചയ്ക്ക് കാര്യമായി പ്രശ്നമുണ്ടാകുകയും ചെയ്തു. അവിടെ നിന്നാണ് ശ്രീറാമിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.