ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം. തുടര്‍ച്ചയായ ഇരുപതാം തവണയാണ് കേരളം ഓവറോള്‍ കിരീടം സ്വന്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

273 പോയിന്റോടെയാണ് കേരളം കിരീടം സ്വന്തമാക്കിയത്. കടുത്ത തണുപ്പിനെ അതിജീവിച്ച കേരളം 8 സ്വര്‍ണ്ണവും 6 വെള്ളിയും 10 വെങ്കലവുമടക്കമാണ് ചാമ്പ്യന്മാരായത്. 


കേരളത്തിന്‍റെ മിന്നും താരം ആന്‍സി സോജനാണ് പെണ്‍കുട്ടികളിലെ മികച്ച താരം. 100, 200 മീറ്ററുകളിലും റിലേയിലും ലോംഗ്ജംപിലും ആന്‍സി സ്വര്‍ണ്ണം കൊയ്തു.


മത്സരത്തിന്‍റെ അവസാന ദിവസം കേരളം 2 സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടുകയും ചെയ്തു. 


ആണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയിലും പെണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയിലുമാണ് കേളത്തിന് സ്വര്‍ണനേട്ടം കൈവരിക്കാന്‍ സാധിച്ചത്.


പെണ്‍കുട്ടികളുടെ 800 മീറ്ററിലാണ് കേരളത്തിന് രണ്ടു വെങ്കലം ലഭിച്ചത്. മീറ്റില്‍ നാലു സ്വര്‍ണ നേട്ടത്തോടെ തിളങ്ങുകയാണ് ആന്‍സി സോജന്‍.


ആദ്യ മൂന്ന് ദിനത്തിലും പ്രതികൂല കാലവസ്ഥ കേരളത്തിന്‍റെ താരങ്ങളെ നന്നായി ബാധിച്ചു. മത്സരിച്ച എല്ലാ ഇനത്തിലും കേരള സബ് ജൂനിയര്‍, ജൂനിയര്‍ താരങ്ങള്‍ പ്രകടനം നടത്താനാകാതെ വിഷമിച്ചതിന്‍റെ കുറവ് നികത്തിയത് സീനിയര്‍ താരങ്ങളാണ്. 


മീറ്റില്‍ 247 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാമതും 241 പോയിന്റുമായി ഹരിയാന മൂന്നാമതുമെത്തി. കൂടാതെ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ടീം ചാംപ്യന്‍ഷിപ്പും കേരളത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞു.