IPL 2024: സൺറൈസേഴ്‌സിനെ എറിഞ്ഞിട്ട് സ്റ്റാർക്ക് മാജിക്ക്; കൊൽക്കത്ത ഫൈനലിൽ
KKR beat SRH in IPL 2024 Qualifier 1: ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദിന് തുടക്കത്തിൽ തന്നെ അപകടകാരികളായ ഓപ്പണർമാരെ നഷ്ടമായത് തിരിച്ചടിയായി.
അഹമ്മദാബാദ്: ഐപിഎല്ലിൽ നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകർപ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 19.3 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. വെറും 13.4 ഓവറിൽ 8 വിക്കറ്റുകൾ ബാക്കി നിർത്തി കൊൽക്കത്ത വിജയലക്ഷ്യം മറികടന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള സൺറൈസേഴ്‌സ് നായകൻ പാറ്റ് കമ്മിൻസിന്റെ അമിത ആത്മവിശ്വാസത്തിന് തുടക്കത്തിൽ തന്നെ കൊൽക്കത്ത തിരിച്ചടി നൽകി. നേരിട്ട രണ്ടാം പന്തിൽ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനെ മിച്ചൽ സ്റ്റാർക്ക് ക്ലീൻ ബൗൾഡാക്കി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മറ്റൊരു അപകടകാരിയായ അഭിഷേക് ശർമ്മ വെറും 3 റൺസുമായി മടങ്ങിയതോടെ സൺറൈസേഴ്‌സ് അപകടം മണത്തു. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ രാഹുൽ ത്രിപാഠി ഹെന്‌റിച്ച് ക്ലാസനെ കൂട്ടുപിടിച്ച് അർധ സെഞ്ച്വറിയുമായി ടീം സ്‌കോർ ഉയർത്തി. ത്രിപാഠി 35 പന്തിൽ 55 റൺസും ക്ലാസൻ 21 പന്തിൽ 32 റൺസും നേടി പുറത്തായി.
ALSO READ: 'ദി മാന്‍, ദി മിത്ത്, ദി ലജന്‍ഡ്'; ഇതിഹാസ താരം സുനില്‍ ഛേത്രി ബൂട്ടഴിക്കുന്നു
ഒരു ഘട്ടത്തിൽ 8ന് 125 റൺസ് എന്ന നിലയിൽ തകർന്ന സൺറൈസേഴ്‌സിനെ പാറ്റ് കമ്മിൻസ് നേടിയ 30 റൺസാണ് 150 കടത്തിയത്. ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട മിച്ചൽ സ്റ്റാർക്ക് നിർണായക ഘട്ടത്തിൽ ഫോമിലേയ്ക്ക് തിരിച്ചെത്തിയതാണ് കൊൽക്കത്തയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 4 ഓവറിൽ 34 റൺസ് വഴങ്ങിയ സ്റ്റാർക്ക് നിർണായകമായ 3 വിക്കറ്റുകൾ വീഴ്ത്തി. വരുൺ ചക്രവർത്തി രണ്ടും വൈഭവ് അറോറ, ഹർഷിത് റാണ, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ സുനിൽ നരെയ്‌നും (21) റഹ്‌മാനുള്ള ഗുർബാസും (23) കൊൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 3.2 ഓവറിൽ ഇരുവരും ചേർന്ന് 44 റൺസാണ് അടിച്ചെടുത്തത്. ഇരുവരും പുറത്തായതോടെ ക്രീസിൽ ഒന്നിച്ച വെങ്കടേഷ് അയ്യരും നായകൻ ശ്രേയസ് അയ്യരും ആക്രമണം തുടർന്നു. വെങ്കടേഷ് അയ്യർ 28 പന്തിൽ 51 റൺസും ശ്രേയസ് അയ്യർ 24 പന്തിൽ 58 റൺസും നേടി പുറത്താകാതെ നിന്നു. ഇതോടെ 38 പന്തുകൾ ബാക്കി നിർത്തി കൊൽക്കത്ത ലക്ഷ്യം കണ്ടു.
രണ്ട് തവണ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത് നാലാം തവണയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. കൊൽക്കത്തയോട് പരാജയപ്പെട്ടെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദിന് വീണ്ടും ഒരു അവസരം കൂടി ലഭിക്കും. ഇന്ന് നടക്കാനിരിക്കുന്ന രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിലെ വിജയികളുമായി സൺറൈസേഴ് ക്വാളിഫയർ 2ൽ ഏറ്റുമുട്ടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.