ന്യൂജഴ്സി: കോപ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതോടെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കുന്നതായി സൂപ്പർതാരം ലയണൽ മെസ്സി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത പുറത്തു വിട്ടത്. ടൂർണമെൻറിൽ മെസ്സിയുടെ മികവിലാണ് അർജൻറീന കലാശപ്പോരാട്ടം വരെയെത്തിയത്. ചിലി തീർത്ത പ്രതിരോധപ്പൂട്ടിൽ മെസ്സി കുരുങ്ങിപ്പോയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെനാൽട്ടി ഷൂട്ടൗട്ടെത്തിയപ്പോൾ മെസ്സി ദുരന്ത നായകനായി. കിക്കെടുത്ത മെസ്സിയുടെ പന്ത് നേരെ പുറത്തേക്ക്, തലതാഴ്ത്തി മെസ്സി നടന്നു നീങ്ങി. കൈയത്തെുമകലെ നിന്നും വീണ്ടുമൊരു നഷ്ടം കൂടി മെസ്സിയെ തേടിയെത്തി. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന കാത്തിരിപ്പ് മൂന്നാം തവണയും തട്ടിയകന്നപ്പോഴാണ് മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം."എന്നെ സംബന്ധിച്ച് ദേശീയ ടീമില്‍ ഇനിയൊരു അവസരം ഇല്ല . എനിക്കാവുന്നതെല്ലാം ഞാന്‍ ചെയ്തു ഒരു ചാമ്പ്യന്‍ അല്ലാതിരിക്കുക എന്നത് വേദനാജനകം തന്നെയാണ് " കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് ശേഷം മെസ്സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു 


അഞ്ചുതവണ മികച്ച ലോക ഫുട്ബാളറായിട്ടും അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായിട്ടും ക്ലബ് കുപ്പായത്തില്‍ കിരീടങ്ങള്‍ ഏറെ വെട്ടിപ്പിടിച്ചിട്ടും ഇതിഹാസങ്ങളുടെ പട്ടികയില്‍ അപൂര്‍ണമായിരുന്നു. പെലെ, മറഡോണ, റൊണാള്‍ഡോ, സിദാന്‍ തുടങ്ങിയ മഹാരഥന്മാര്‍ അലങ്കരിക്കുന്ന വിശ്വതാരങ്ങളുടെ പട്ടികയില്‍ ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ മെസ്സിക്ക് ഇത്തവണ കിരീടം അനിവാര്യമായിരുന്നു.