ന്യൂഡൽഹി: ബോക്സിങ് താരം മേരി കോമിന് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ വൈൽഡ് കാർഡ് പ്രവേശം ലഭിക്കില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐഒസി) മേരി കോമിന്‍റെ വൈൽഡ് കാർഡ് എൻട്രി നിഷേധിച്ചത്. ഇക്കാര്യം ഓൾ ഇന്ത്യ ബോക്സിങ് അസോസിയേഷൻ (എഐബിഎ) ആഡ് ഹോക് കമ്മിറ്റി ചെയർമാൻ കിഷെൻ നാർസി സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മാസം ചൈനയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തില്‍ സെമിയില്‍ ചൈനയുടെ റെന്‍ കാന്‍കായോട് തോറ്റ് പുറത്തായതിനാല്‍ മേരി കോമിന് ഒളിംപിക്‌സ് യോഗ്യത ലഭിച്ചിരുന്നില്ല. ഒളിമ്പിക് പ്രവേശനത്തിനുള്ള അവസാന മത്സരമായിരുന്നു ഇത്. ലണ്ടന്‍ ഒളിമ്പിക്സ് വെങ്കലം നേടിയ താരത്തിന്‍റെ തോല്‍വി  ഇന്ത്യന്‍ കായിക ലോകത്ത് ഒരു ഞെട്ടലുണ്ടാക്കി.


എല്ലാ ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്കും ഒളിമ്പിക്സ് പ്രവേശനത്തിന് നൽകുന്ന പ്രത്യേക അനുമതി പത്രമാണ് വൈൽഡ് കാർഡ്. ഒളിമ്പിക്സ് യോഗ്യത മത്സരങ്ങള്‍ അവസാനിച്ച ശേഷമാണ് വൈൽഡ് കാർഡ് എന്‍ട്രി  ഐഒസി പരിഗണിക്കുന്നത്.  ഐഒസിയുടെ പുതിയ നിയമ പ്രകാരം അവസാന രണ്ട് ഒളിംപിക്സുകളിൽ (ലണ്ടൻ 2012, ബെയ്ജിങ് 2008) പങ്കെടുത്ത അംഗങ്ങളുടെ എണ്ണം എട്ടിൽ കുറവായ രാജ്യങ്ങളിൽ നിന്നു മാത്രമേ വൈൽഡ് കാർഡ് എൻട്രി വഴി പ്രവേശനം നടത്തൂ. ഇതാണ് മേരി കോമിനു വിലങ്ങുതടിയായത്.