FIFA World Cup 2022 ഇന്ന് തീ പാറും; ലോകകപ്പിൽ സ്പെയിനും ജർമനിയും നേർക്കുനേർ
നായകന്‍ സെര്‍ജിയോ ബുസ്‌കെറ്റ്സും യുവതാരങ്ങളായ ഗാവിയും പെഡ്രിയും കളിക്കുന്ന മധ്യനിരയാണ് സ്‌പെയിനിന്റെ കരുത്ത്
ലോക ഫുട്ബോളിലെ വന്‍ശക്തികളുടെ പോരാട്ടത്തിന് ഖത്തര്‍ ലോകകപ്പിൽ അരങ്ങൊരുങ്ങി. മുന്‍ചാമ്പ്യന്മാരും കിരീടമോഹികളുമായ സ്പെയിനും ജര്‍മനിയും ഗ്രൂപ്പ് ഇ മത്സരത്തില്‍ മുഖാമുഖം വരും. തിങ്കൾ പുലർച്ചെ 12.30-നാണ് തീപാറും പോരാട്ടം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ കോസ്റ്ററീക്കയെ വൈകീട്ട് 3.30-ന് നേരിടും. ആദ്യ മത്സരത്തിൽ കോസ്റ്ററീക്കകെതിരെ എതിരില്ലാത്ത 7 ഗോളിന്റെ വന്‍ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിൻ.
ജര്‍മനിയാകട്ടെ ജപ്പാനോട് അപ്രതീക്ഷിതമായി തോറ്റതിന്റെ ആഘാതത്തിലും. ഇന്നത്തെ മത്സരവും തോറ്റല്‍ ജർമ്മനി പുറത്താകും. കഴിഞ്ഞ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി പുറത്തായിരുന്നു. നായകന്‍ സെര്‍ജിയോ ബുസ്‌കെറ്റ്സും യുവതാരങ്ങളായ ഗാവിയും പെഡ്രിയും കളിക്കുന്ന മധ്യനിരയാണ് സ്‌പെയിനിന്റെ കരുത്ത്. ഗോളടിക്കാന്‍ കഴിയുന്ന മുന്നേറ്റനിരയുണ്ടെന്നതും ഇത്തവണ ടീമിന് അനുകൂലഘടകമാണ്. പ്രതിരോധനിര കഴിഞ്ഞ മത്സരത്തില്‍ കാര്യമായി പരീക്ഷിക്കപ്പെട്ടതുമില്ല. 1043 പൂർത്തീകരിക്കപെട്ട പാസുകളാണ് മത്സരത്തില്‍ സ്പെയിന്‍ നടത്തിയത്.
ജപ്പാനെതിരേ തോറ്റ കളിയില്‍ ജര്‍മനിയും പാസിങ് ഗെയിമാണ് പുറത്തെടുത്തത്. 26 ഷോട്ടുകളും 74 ബോള്‍ പൊസഷനും ടീമിനുണ്ടായിരുന്നെങ്കിലും കൃത്യമായ ഫിനിഷിങ്ങിലെ പോരായ്മ ടീമിന് തിരിച്ചടിയായി. കെയ് ഹാവെര്‍ട്സ്-തോമസ് മുള്ളർ എന്നിവർ കളിക്കുന്ന മുന്നേറ്റനിരയ്ക്ക് ഒത്തിണക്കത്തിന്റെ കുറവുണ്ട്. ജമാല്‍ മൂസിയാല,സെര്‍ജി നാബ്രി, ഇകെയ് ഗുണ്ടോഗൻ,ജോഷ്വ കിമ്മിച്ച് എന്നിവര്‍ കളിക്കുന്ന മധ്യനിര ലോകോത്തരമാണ്.
ഇരുടീമുകളും അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ രണ്ടു ജയം സ്പെയിനിനും ഒരു ജയം ജര്‍മനിക്കുമുണ്ട്. രണ്ടു കളി സമനിലയായി. 2020 നേഷന്‍സ് ലീഗില്‍ സ്പെയിന്‍ ജര്‍മനിയെ 6-0ത്തിന് തകര്‍ത്തിരുന്നു. ആദ്യ മത്സരത്തിൽ ജര്‍മനിയെ അട്ടിമറിച്ച ജപ്പാന്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
സമനില പോലും വലിയ നേട്ടമായി കണ്ട മത്സരത്തില്‍ മുൻ ലോക ചാമ്പ്യന്മാരെ അട്ടിമറിക്കാനായത് ജപ്പാന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അതേസമയം ഈ ലോകകപ്പിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിലാണ് കോസ്റ്ററീക്ക. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ കോസ്റ്ററിക്കയെ തകര്‍ത്തത്. ഇന്ന് ജപ്പാനോടും തോറ്റാല്‍ കോസ്റ്ററീക്ക പുറത്തെത്താകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...