ആളുകള്‍ ഏറ്റവും അധികം വെറുക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഇവയാണ്!
ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ പ്രീമിയര്‍ ലീഗ് ക്ലബുകളെ തെരെഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിറര്‍.
ലോകം മുഴുവന്‍ ആരാധകരുള്ള കായികയിനമാണ് കാല്‍പന്തുകളി. ടീമുകളുടെ ഭാഗം ചേര്‍ന്ന് മത്സരത്തെ കൂടുതല്‍ ആവേശപൂര്‍ണമാക്കുന്നതും ആരാധകര്‍ക്ക് ഹരമാണ്.
എന്നാലിപ്പോള്‍, ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ പ്രീമിയര്‍ ലീഗ് ക്ലബുകളെ തെരെഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിറര്‍.
കഴിഞ്ഞ കുറച്ചു സീസണുകളായി പ്രതിരോധ ഫുട്‌ബോള്‍ കളിക്കുന്ന ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് ആരാധകര്‍ ഏറ്റവും അധികം വെറുക്കുന്ന ടീമുകള്‍ എന്നാണ് സര്‍വേയില്‍ പറയുന്നത്.
റോമന്‍ അബ്രമോവിച്ച് ക്ലബിനെ വാങ്ങിയതിന് ശേഷം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വന്‍തുക എറിഞ്ഞ ക്ലബാണ് ചെല്‍സി. അതിനു ശേഷവും പ്രതിരോധത്തിലൂന്നിയ കളിയില്‍ നിന്ന് മാറാത്തതാണ് ചെല്‍സിയെ ആരാധകര്‍ വെറുക്കാനുള്ള പ്രധാന കാരണം.
എന്നാല്‍ ഗാര്‍ഡിയോള ശൈലിയുടെ ആരാധകനായ പുതിയ പരിശീലകന്‍ സാറിയുടെ കീഴില്‍ വലിയ മാറ്റങ്ങള്‍ ഇത്തവണ ചെല്‍സിക്കുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയ്ക്ക് ഉറപ്പ് നല്‍കുന്ന പ്രകടനമായിരുന്നു പ്രീ സീസണിലെ മത്സരങ്ങളില്‍ കാഴ്ചവെച്ചത്.
68.7 ശതമാനം ആളുകളാണ് ചെല്‍സിയെ വെറുക്കുന്നതായി കണക്കുകള്‍ പറയുന്നത്. 68.1 ശതമാനം ആളുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വെറുക്കുന്നത്. മൗറീന്യോ സ്ഥാനമേറ്റെടുത്തതിനെ തുടര്‍ന്നുള്ള മാറ്റങ്ങള്‍ കാരണമാണ് യുണൈറ്റഡിനും ആരാധകര്‍ വെറുക്കാന്‍ കാരണം.
ലിവര്‍പൂള്‍, വെസ്റ്റ്ഹാം, ആഴ്‌സനല്‍, ടോട്ടനം എന്നീ മുന്‍നിര ക്ലബുകളാണ് മൂന്നു മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങളില്‍.
കഴിഞ്ഞ തവണ പ്രീമിയര്‍ ലീഗ് കിരീടം നേടിയ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഏഴാം സ്ഥാനത്താണുള്ളത്. പ്രീമിയര്‍ ലീഗില്‍ ആദ്യ സ്ഥാനത്തുള്ള ടീമുകളില്‍ നിന്ന് ആകെ ഒരു ടീം മാത്രമാണ് തെരെഞ്ഞെടുപ്പില്‍ മുമ്പില്‍ എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ബോണ്‍മൗത്ത് ഒന്നാം സ്ഥാനത്തും ഹര്‍ഡ്‌സ്ഫീല്‍ഡ് രണ്ടാം സ്ഥാനത്തുമുള്ള ലിസ്റ്റില്‍ കഴിഞ്ഞ തവണ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്താണ്. ന്യൂകാസില്‍ നാലാം സ്ഥാനത്തും പ്രീമിയര്‍ ലീഗിലേക്ക് പുതിയതായി സ്ഥാനക്കയറ്റം കിട്ടിയ ഫുള്‍ഹാം അഞ്ചാം സ്ഥാനത്തുമാണുള്ളത്.