ഐപിഎല്ലിന്റെ 16-ാം സീസണിലെ കിരീട നേട്ടത്തിന് പിന്നാലെ ചെന്നൈ സൂപ്പ‍ർ കിം​ഗ്സ് നായകൻ മഹേന്ദ്ര സിം​ഗ് ധോണി ആശുപത്രിയിൽ ചികിത്സ തേടിയെന്ന് റിപ്പോർട്ട്. ഈ സീസണിലുടനീളം ധോണി പരിക്കുമായാണ് കളിച്ചത്. ഇടത് കാൽമുട്ടിന് പരിക്കേറ്റ ധോണി ​ഗാർഡും സ്ട്രാപ്പും ധരിച്ചാണ് പലപ്പോഴും കാണപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാൽമുട്ടിലെ പരിശോധനകൾക്കായി മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ധോണി എത്തിയെന്നും ഈ ആഴ്ച തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തേക്കുമെന്നുമാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐ‌പി‌എൽ 2023 ലെ ചെന്നൈയുടെ അവസാന ഹോം മത്സരത്തിന് ശേഷം എം‌എ ചിദംബരം സ്‌റ്റേഡിയത്തിൽ കാൽമുട്ടിൽ ഐസ് ബാഗുമായി നടക്കുന്ന ധോണിയെയാണ് കണ്ടത്.


ALSO READ: 'ഇതാണ് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ അനുയോജ്യമായ സമയം, പക്ഷെ...' ആരാധകർക്ക് പ്രതീക്ഷ നൽകി ധോണി


ചെന്നൈയുടെ മുഖ്യ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ ധോണിയുടെ പരിക്കിനെ കുറിച്ച് സംസാരിച്ചിരുന്നു. പരിക്കേറ്റതിന്റെ ബുദ്ധിമുട്ട് ധോണിയുടെ ചില ചലനങ്ങളിൽ കാണാൻ കഴിയുമെന്നും അത് അദ്ദേഹത്തിന് ഒരു പരിധിവരെ തടസം സൃഷ്ടിക്കുന്നുണ്ടെന്നും ഫ്ലെമിംഗ് പറഞ്ഞു. പരിക്കിന്റെ പിടിയിലായിട്ടും രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നിങ്ങൾ ധോണിയിലൂടെ കണ്ടത് ഒരു മികച്ച കളിക്കാരനെയാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ധോണി എപ്പോഴും പ്രൊഫഷണലാണെന്നും ഫ്ലെമിംഗ് പറഞ്ഞു.


അതേസമയം, ഐ‌പി‌എല്ലിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അടുത്ത സീസണിലും ചെന്നൈയെ നയിക്കാൻ  ആഗ്രഹമുണ്ടെന്നും ധോണി ഫൈനൽ വിജയത്തിന് ശേഷം വ്യക്തമാക്കി കഴിഞ്ഞു. സാഹചര്യം വെച്ച് നോക്കുമ്പോൾ ഇതാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ ഏറ്റവും അനുയോജ്യമായ സമയമെന്നും എന്നാൽ ഈ വർഷം താൻ കളിച്ച ഇടങ്ങളിലെല്ലാം ആരാധകരിൽ നിന്ന് ലഭിച്ച സ്നേഹവും പിന്തുണയും കാണുമ്പോൾ ഒരിക്കൽ കൂടി കളിക്കാനാണ് ആ​ഗ്രഹമെന്നും ധോണി വ്യക്തമാക്കി. എല്ലാവരോടും നന്ദി പറഞ്ഞ് വിരമിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള കാര്യം. എന്നാൽ, അടുത്ത 9 മാസക്കാലം കഠിനാധ്വാനം ചെയ്ത് അടുത്ത ഐപിഎൽ സീസൺ കൂടി കളിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ഇത് ശാരീരികക്ഷമത ഉൾപ്പെടെയുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇനിയും 6 - 7 മാസം സമയമുണ്ട്. മടങ്ങി വന്നാൽ ആരാധകരുടെ സ്നേഹത്തിന് തനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും അതെന്നും ധോണി പറഞ്ഞു. 


നിലവിലെ ചാമ്പ്യൻമാരായ ​ഗുജറാത്ത് ടൈറ്റൻസിനെ തകർത്താണ് ഇത്തവണ ചെന്നൈ ഐപിഎൽ കിരീടം ചൂടിയത്. മെയ് 28ന് മഴ കാരണം റിസർവ് ഡേയിലേയ്ക്ക് മാറ്റി വെച്ച മത്സരത്തിൽ അവസാന പന്തിലാണ് ചെന്നൈ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ഫീൽഡിം​ഗ് തിരഞ്ഞെടുത്ത ചെന്നൈയ്ക്ക് എതിരെ 215 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ​ഗുജറാത്ത് മുന്നോട്ടു വെച്ചത്. മറുപടി ബാറ്റിം​ഗിന്റെ മൂന്നാം പന്തിൽ വീണ്ടും മഴ എത്തിയതോടെ മത്സരം തടസപ്പെട്ടു. ഇതോടെ ഡെക്വ‍ർത്ത് ലൂയിസ് നിയമപ്രകാരം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി നിശ്ചയിക്കപ്പെട്ടു. 


​ഗുജറാത്തിന്റെ കരുത്തുറ്റ ബൗളിം​ഗ് നിരയെ നിർഭയം നേരിട്ട ചെന്നൈ ബാറ്റ്സ്മാൻമാർ ലക്ഷ്യത്തിലേയ്ക്ക് അടുത്തു. മോഹിത് ശർമ്മയാണ് അവസാന ഓവ‍ർ പന്തെറിയാനെത്തിയത്. അവസാന 2 പന്തിൽ 10 റൺസാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അഞ്ചാം പന്ത് സിക്സർ പറത്തിയ രവീന്ദ്ര ജ​ഡേജ ചെന്നൈയ്ക്ക് പ്രതീക്ഷ നൽകി. അവസാന പന്തിൽ ബൗണ്ടറി കൂടി നേടിയ ജഡേജയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് ചെന്നൈ കിരീടം നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയ മുംബൈ ഇന്ത്യൻസിന്റെ (5) റെക്കോർഡിന് ഒപ്പമെത്താനും ചെന്നൈയ്ക്ക് കഴിഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.