കഴിഞ്ഞ സീസണിലെ ജേതാകള്‍ക്ക് ആദ്യ ചുവട് പിഴച്ചു!
ഐ.പി.എല്‍ സീസണ്‍ 9 ന്‍റെ ഉത്ഘാടന മത്സരത്തില്‍ പുതുമുഖക്കാരായ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ് നിലവിലെ ജേതാക്കളെ 9 വിക്കറ്റിന് തകര്‍ത്തു. പഴയ ചെന്നൈ സുപ്പര്‍ കിങ്ങ്സിലെ നായകന്‍ എം.എസ്.ധോണിയാണ് പുണെയുടെ ക്യാപ്റ്റന്‍. ആര്‍. അശ്വിന്‍, ഫാഫ് ഡുപ്ളെസിസ് എന്നിവരാണ് മറ്റുചെന്നൈ സുപ്പര്‍ കിങ്ങ്സിലെ താരങ്ങള്‍.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബയ്ക്ക് തുടക്കത്തിലെ നായകന്‍ രോഹിത്ത് ശര്‍മ(7)യുടെ വിക്കറ്റ് നഷ്ടമായി. 68 റണ്‍സ് എത്തിയപ്പോഴേക്കും ലെണ്ട്ല്‍ സൈമണ്‍സ് (8), പാണ്ഡ്യ (9), ജോസ് ബട്ലര്‍ (0), കീരണ്‍ പൊള്ളാഡ് (1), ശ്രേയസ് ഗോപാല്‍ (2) ,അമ്പാട്ടി റായ്ഡു(22) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഹര്‍ഭജന്‍ സിങ്ങിന്‍റെ(30 പന്തില്‍ 45) മികച്ച പ്രകടനമാണ് ടീമിനെ 121 റണ്‍സിലെത്തിക്കാന്‍ സഹായിച്ചത്. പൂനെയ്ക്കുവേണ്ടി ഇശാന്തും മാര്‍ഷും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആര്‍.പി. സിങ്, രാഹുല്‍ ഭാട്ടിയ, മുരുകന്‍ അശ്വിന്‍, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെ 32 പന്തുകള്‍ ബാകിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപണര്‍മാരായ അജിന്‍ക്യ രഹാനെയും (42 പന്തില്‍ 66 നോട്ടൗട്ട്) ഫാഫ് ഡുപ്ളെസിസും (33 പന്തില്‍ 34) നല്‍കിയ തുടക്കത്തിന് ഇംഗ്ളീഷ് വെറ്ററന്‍ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സന്‍ (14 പന്തില്‍ 21) പൂര്‍ണത നല്‍കിയതോടെ പുണെയുടെ വിജയം അനായാസമായി. ഫാഫ് ഡുപ്ളെസിസിന്‍റെ വിക്കറ്റ് ഹര്‍ഭജന്‍ സിംഗ് സ്വന്തമാക്കി.
സ്കോർ: മുംബൈ ഇന്ത്യൻസ് - 20 ഓവറിൽ എട്ടിന് 121, പുണെ സൂപ്പർജയന്റ്സ് - 14.4 ഓവറിൽ ഒന്നിന് 126.